
തൊടുപുഴയിൽ ഔദ്യോഗിക വാഹനത്തിൽ എസ്ഐയും ഡ്രൈവറും മദ്യപിച്ചെത്തിയ സംഭവത്തിൽ എസ് ഐ മദ്യപിച്ചതിൽ കൂടുതൽ തെളിവുകൾ പുറത്ത്. പരിശോധനക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ മദ്യ ലഹരിയിലുള്ള എസ് ഐയുടെ ദൃശ്യങ്ങൾ ആണ് പുറത്ത് വന്നത്. സംഭവത്തിൽ നാട്ടുകാർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം ശക്തം ആണ്. പൊലീസ് കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്നാണ് വ്യാപക വിമർശനം. പൊലീസ് വാഹനത്തിൽ നിന്നും മദ്യക്കുപ്പിയും നിരോധിത ലഹരി വസ്തുക്കളും കണ്ടെത്തിയത് കുറ്റപത്രത്തിൽ പോലീസ് ചേർത്തിട്ടില്ല. കരിമണ്ണൂർ പോലീസ് സ്റ്റേഷൻ എസ് ഐ റോയ് സുകുമാരനെയും ഡ്രൈവറെയും ആണ് നാട്ടുകാർ തടഞ്ഞത്.
ലോകകപ്പ് ഫൈനൽ മത്സരം കാണുന്നതിനായി ഔദ്യോഗിക വാഹനത്തിൽ എത്തിയതായിരുന്നു ഉദ്യോഗസ്ഥർ. ഇവർ മദ്യപിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്നാണ് നാട്ടുകാർ വാഹനം തടഞ്ഞത്. എന്നാൽ, കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.
സിപിഎം ഏരിയ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരെയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. അന്യായമായി സംഘം ചേരൽ, പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം നാട്ടുകാർക്കെതിരെ കേസെടുത്ത പോലീസിന്റെ നീക്കത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

