
തിരുവനന്തപുരത്തെ രണ്ട് സ്വകാര്യ ആശുപത്രികള്‍ നട്ടെല്ല് വേദനക്ക് പ്രതിവിധിയായി സര്‍ജറി നിര്‍ദേശിച്ചതും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സര്‍ജറി ഇല്ലാതെ ചികിത്സിച്ച് ഭേദമാക്കിയതും പങ്കുവെച്ച് മാധ്യമ പ്രവര്‍ത്തകന്‍. ആസ്ട്രേലിയയിലെ മെല്‍ബണില്‍ മാധ്യമപ്രവര്‍ത്തകനായ തിരുവല്ലം ഭാസിയാണ് തന്‍റെ അനുഭവം പങ്കുവെച്ചത്.
ന്യൂറോളജി വിഭാഗം എച്ച് ഒ ഡി ഡോ. ചിത്രയാണ് ആ സര്‍ജറി ഒഴിവാക്കിയതെന്ന് അദ്ദേഹം കുറിച്ചു. അഞ്ച് മാസം മുന്‍പായിരുന്നു ഈ അനുഭവം. ഇത് ഇപ്പോള്‍ പറഞ്ഞില്ലെങ്കില്‍ പിന്നെ എപ്പോഴാണ് പറയേണ്ടതെന്നും അദ്ദേഹം കുറിച്ചു. 2024 ഓഗസ്റ്റോടെയാണ് ഇടതുഭാഗത്ത് ഷോള്‍ഡറിലായി വേദന അനുഭവപ്പെട്ടത്. ക്രമേണ ഇടതു കൈക്കും കഴുത്തിനും ചില സമയങ്ങളില്‍ ഇടത് നെഞ്ചിന്റെ ഭാഗത്തേക്കും ബാധിച്ചു. അങ്ങനെ ഓസ്‌ട്രേലിയയിലെ ഡോക്ടറെ കാണിച്ചു. എം ആര്‍ ഐയില്‍ ചെറിയ വീക്കം ഉള്ളതായി കണ്ടെത്തി. ഇതേ തുടര്‍ന്ന് എന്നെ ന്യൂറോ സര്‍ജനെ കാണാനായി റഫര്‍ ചെയ്തു. ചിലപ്പോള്‍ സര്‍ജറി വേണമെന്ന് അഭിപ്രായം ആദ്യ ഡോക്ടര്‍ പങ്കുവെച്ചിരുന്നു. നട്ടെല്ലിനുള്ള സര്‍ജറി എന്നെ സംബന്ധിച്ച് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതായിരുന്നില്ല.
തുടര്‍ന്ന് വേഗം നാട്ടിലേക്ക് തിരിച്ചു. തലസ്ഥാനത്തെ രണ്ട് പ്രമുഖ സ്വകാര്യ ആശുപത്രികളിലാണ് ആദ്യം പോയത്. ഒരു സ്ഥലത്ത് ഏറ്റവും അടുത്ത ദിവസം തന്നെ സര്‍ജറി നടത്തണമെന്നായി. മറ്റൊരിടത്ത് സര്‍ജറി വേണ്ടതാണെന്നും എന്നാല്‍ തത്കാലം ഫിസിയോതെറാപ്പി ആരംഭിക്കാം എന്നും പറഞ്ഞു. അങ്ങനെ രണ്ടാഴ്ചയോളം നീണ്ടുനിന്ന ഫിസിയോതെറാപ്പിക്ക് വിധേയനായി. തുടക്കത്തില്‍ ആദ്യത്തെ മൂന്നാല് ദിവസം വേദന മാറിയെങ്കിലും പത്ത് ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും പഴയതുപോലെ വേദന അനുഭവപ്പെട്ടു.
വേദനക്ക് സ്ഥായിയായ എന്തെങ്കിലും മാര്‍ഗം കണ്ടെത്തണമെന്ന തുടര്‍ അന്വേഷണമാണ് മെഡിക്കല്‍ കോളേജിലെ ന്യൂറോ വിഭാഗത്തിലെ ഡോക്ടര്‍ ചിത്രയുടെ മുന്നിലെത്തുന്നത്. അവര്‍ എന്റെ എം ആര്‍ ഐ റിപ്പോര്‍ട്ടും ഫോട്ടോസും കണ്ടിട്ട് പറഞ്ഞു- ‘ഈ പറയുന്ന ഭാഗത്തെ പ്രശ്‌നമല്ല വേദനയ്ക്ക് കാരണമെന്നും ഈ കാരണം കൊണ്ട് വേദന ഉണ്ടാകണമെങ്കില്‍ ഇനിയൊരു പത്തു- പതിനഞ്ച് വര്‍ഷം കൂടി കഴിയണം.’ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഡയബറ്റിക് പെരി ആര്‍ത്രൈറ്റിസ് ആണെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് ഡോ. ചിത്രയുടെ നിര്‍ദേശം അനുസരിച്ച് ആരംഭിച്ച ചികിത്സ വലിയ ആശ്വാസവും വേദനയ്ക്ക് ശമനവും നല്‍കി.
അഞ്ച് മാസം പിന്നിടുമ്പോള്‍ സ്വന്തമായി ചെയ്യുന്ന ചെറിയ എക്‌സ്ര്‍സൈസും ഒരു നേരത്തെ ചെറിയൊരു ഗുളികയും കൊണ്ട് നട്ടെല്ല് മുറിക്കാതെ സുഖമായി ഉറങ്ങാനും ഇത്രയും ദിവസങ്ങള്‍ പിന്നിടുവാനും കഴിഞ്ഞുവെന്നും അദ്ദേഹം കുറിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here