കെസിയും ആ‍‍ർസിയും ഔട്ട്;’മുഖ്യൻ’ വി ഡി സതീശൻ

ഫ്ലക്സ് യുദ്ധങ്ങൾക്കും മുഖ്യമന്ത്രി പോരിനും അന്ത്യം കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി വി ഡി സതീശൻ. കേരളത്തിന്റെ ഇരുപത്തി മൂന്നാമത് മുഖ്യമന്ത്രിയാണ് വി ഡി സതീശൻ. മുസ്ലീം ലീഗിന്റെ പിന്തുണയാണ് സതീശനെ തുണച്ചത്.

നാല് പതിറ്റാണ്ട് നീണ്ട പൊതുപ്രവർത്തന അനുഭവത്തിൻ്റെ കരുത്തുമായാണ് വി ഡി സതീശൻ മുഖ്യമന്ത്രി പദവിയിലേക്ക് എത്തുന്നത്. മുൻപൊരിക്കൽ പോലും മന്ത്രിയായിട്ടില്ലെങ്കിലും  പ്രതിപക്ഷ നേതാവായി പ്രവർത്തിച്ച കഴിഞ്ഞ അഞ്ചു വർഷം സതീശൻ്റെ പാർലമെണ്ടറി ജീവിതത്തിലെ  നിർണ്ണായക കാലമായി. മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള  ഘടകകക്ഷികളുടെ പിന്തുണയാണ് തന്നെക്കാൾ സീനിയറായ 2 നേതാക്കളെ മറികടന്ന് മുഖ്യമന്ത്രി പദവിയിലെത്താൻ സതീശന് തുണയായത്.

വിദ്യാര്‍ത്ഥി രാഷ്ട്രിയത്തിലൂടെയാണ് വി ഡി സതീശന്റെ പൊതുപ്രവർത്തനത്തിൻ്റെ തുടക്കം.  എം ജി, കേരള സര്‍വകലാശാലകളില്‍ യൂണിയന്‍ കൗണ്‍സിലറായിരുന്ന സതീശന്‍, തേവര സേക്രഡ് ഹാര്‍ട്ട് കോളജിൽ  ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയുമായിരുന്നു. എന്‍ എസ് യു ദേശീയ  സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്.

1996 ൽ വടക്കൻ പറവൂർ മണ്ഡലത്തിൽ നിന്നും  നിയമസഭയിലേക്  മത്സരിച്ചെങ്കിലും  വിജയിക്കാനായില്ല. എന്നാൽ 

2001 ൽ  അതേ മണ്ഡലത്തിൽ നിന്നും ആദ്യമായി നിയമസഭയിൽ എത്തി.    2006, 2011, 2016, 2021, 2026 വര്‍ഷങ്ങളിലും  പറവൂരിൽ നിന്ന് തന്നെ വിജയം ആവര്‍ത്തിച്ചു. പന്ത്രണ്ടാം നിയമസഭയില്‍ കോണ്‍ഗ്രസ് വിപ് പദവി നേടിയെടുത്താണ്  നേതൃസ്ഥാനത്തേക്ക് എത്തുന്നത്.

2011 – 16 കാലയളവിൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ കോൺഗ്രസിനുള്ളിൽ ഉയർന്ന കലാപത്തിൻ്റെ ചുക്കാൻ പിടിച്ചത് വി ഡി സതീശനായിരുന്നു. അന്ന് യു ഡി എഫ് സർക്കാരിനെതിരെ സതീശൻ നടത്തിയ വിമര്ശനങ്ങൾ ഇന്നും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്

2021 ൽ രമേശ് ചെന്നിത്തലയെ തള്ളി പ്രതിപക്ഷ നേതൃപദവിയിലേക്കും എത്തി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശനെ എത്തിക്കുന്നതിൽ നിർണ്ണായകമായത് പ്രതിപക്ഷ നേതൃപദവിയിലിരുന്ന് നടത്തിയ പ്രവർത്തനങ്ങളാണ്. യു ഡി എഫ് ഘടകകക്ഷികളുടെ പിന്തുണ നേടുന്നതിലും പ്രതിപക്ഷ നേതാവ് പദവി സതീശനെ തുണച്ചു. നിർലോഭമായ മാധ്യമ പിന്തുണയും സമൂഹ മാധ്യമങ്ങളെ ഉപയോഗിക്കാനുള്ള മിടുക്കും അധികാര വടംവലിയിൽ സതീശന് കരുത്തായി.  മുഖ്യമന്ത്രിപദവിയിൽ എത്തുമ്പോഴും വി ഡി സതീശൻ്റെ പൊതുജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ ആരോപണമായി പുനർജനി തട്ടിപ്പ് കേസ്നി ലനിൽക്കുന്നു.

എറണാകുളം ജില്ലയിലെ നെട്ടൂരില്‍ വടശ്ശേരി ദാമോദര മേനോന്റെയും വി.വിലാസിനിയമ്മയുടെയും മകനായാണ് സതീശൻ്റെ ജനനം. നെട്ടൂര്‍ എസ് എസ്  യുപി സ്‌കൂളില്‍ പ്രൈമറി വിദ്യാഭ്യാസം, ഹൈസ്‌കൂള്‍ പഠനം  പനങ്ങാട്  ഹൈസ്‌കൂളിലും  പൂർത്തിയാക്കി. നിയമ ബിരുദധാരിയാണ്. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News