വാക്സിൻ തയ്യാറാക്കാനും എഐ, ലോകത്ത് ആദ്യം; പുതിയ കുതിച്ചുചാട്ടമോ? ഗവേഷകർ പറയുന്നതെന്ത്?

artificial intelligence vaccine development

എഐ (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്) രൂപകൽപ്പന ചെയ്ത ലോകത്തെ ആദ്യ വാക്സിനെക്കുറിച്ച് അറിയാമോ? ​ കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ഗവേഷകരാണ് എഐ ഉപയോഗിച്ച് രൂപകൽപ്പന ചെയ്ത ഒരു പുതിയ തരം വാക്സിൻ വികസിപ്പിച്ചെടുത്തത്. ഇത്തരത്തിൽ ഒരു വാക്സിൻ്റെ പ്രധാന ഘടകം എഐ ഉപയോഗിച്ച് പൂർണമായും രൂപകൽപ്പന ചെയ്യുന്നതും അത് മനുഷ്യരിൽ പരീക്ഷിക്കുകയും ചെയ്യുന്നത് ലോകത്ത് തന്നെ ആദ്യമാണ്.

ഭാവിയിൽ ഉണ്ടായേക്കാവുന്ന മഹാമാരികളെ തടയാൻ ഈ സാങ്കേതികവിദ്യ സഹായിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. അതേസമയം ഇതിന്റെ പ്രവർത്തനങ്ങൾ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. എന്നിരുന്നാലും പുതിയ കണ്ടെത്തൽ വൈറൽ രോഗങ്ങളിൽ നിന്നുള്ള സംരക്ഷണവുമായി ബന്ധപ്പെട്ട് ഒരു സുപ്രധാന കുതിച്ചുചാട്ടമാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ റിസർച്ചിലെ സയൻ്റിഫിക് ഡയറക്ടർ പ്രൊഫസർ മരിയൻ നൈറ്റ് വ്യക്തമാക്കി.

സാധാരണയായി വൈറസുകൾക്ക് ജനിതകമാറ്റം സംഭവിക്കുമ്പോൾ നിലവിലുള്ള വാക്സിനുകളുടെ ഫലപ്രാപ്തി കുറയാറുണ്ട്. എന്നാൽ വിവിധ കൊറോണ വൈറസുകളുടെ ജനിതക കോഡുകൾ വിശകലനം ചെയ്യാൻ എഐ ഉപയോഗിച്ച ഗവേഷകർ, ‘സൂപ്പർ-ആൻ്റിജൻ’ എന്ന ഘടകം വികസിപ്പിക്കുകയും വൈറസുകൾക്ക് മാറ്റം സംഭവിച്ചാലും അവയെ തിരിച്ചറിയാൻ ശരീരത്തിൻ്റെ രോഗപ്രതിരോധ വ്യവസ്ഥയെ പരിശീലിപ്പിക്കാൻ ഇതിന് സാധിക്കുമെന്നും കണ്ടെത്തി.

ALSO READ: ക്യൂബയിൽ സമ്മർദ്ദതന്ത്രങ്ങള്‍ തുടർന്ന് അമേരിക്ക; പ്രസിഡന്റിനും കുടുംബാംഗങ്ങൾക്കുമെതിരെ പുതിയ ഉപരോധങ്ങൾ

നിലവിലുള്ള എല്ലാ കൊവിഡ് വകഭേദങ്ങൾക്കും മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള വൈറസുകൾക്കുമെതിരെ ഇത് സംരക്ഷണം നൽകുന്നുവെന്നാണ് ​ഗവേഷകർ അവകാശപ്പെടുന്നത്. വാക്സിൻ സുരക്ഷിതമാണോ എന്ന് പരിശോധിക്കുന്നതിനായി 39 പേരിൽ ആദ്യഘട്ട പരീക്ഷണം നടത്തി. ഇതിന്റെ ഫലങ്ങൾ പോസിറ്റീവാണെന്ന് സയൻസ് മിനിസ്റ്റർ ലോർഡ് വാലൻസ് അറിയിച്ചു. തുടർന്ന് 200 പേരെ ഉൾപ്പെടുത്തി അടുത്ത ഘട്ട പരീക്ഷണം നടത്താനാണ് സംഘത്തിന്റെ തീരുമാനം.

കൊറോണ വൈറസുകൾക്ക് പുറമെ ഓരോ വർഷവും മാറിക്കൊണ്ടിരിക്കുന്ന ഫ്ലൂ വൈറസുകൾക്കും മാരകമായ എബോള വൈറസുകൾക്കുമെതിരെ ഇതേ സാങ്കേതികവിദ്യ ഉപയോഗിച്ച് വാക്സിനുകൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം വാക്സിൻ ഗവേഷണ രംഗത്ത് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News