ഇന്ത്യന്‍ ആരോസിനെതിരെയും ഗോകുലം എഫ്സിക്ക് പരാജയം; പക്ഷെ മലയാളി താരം രാഹുല്‍ അഭിമാനമായി - Kairalinewsonline.com
DontMiss

ഇന്ത്യന്‍ ആരോസിനെതിരെയും ഗോകുലം എഫ്സിക്ക് പരാജയം; പക്ഷെ മലയാളി താരം രാഹുല്‍ അഭിമാനമായി

എട്ട് മത്സരങ്ങളില്‍ ഒരു ജയവും ഒരു സമനിലയും മാത്രമുള്ള ഗോകുലം നാലു പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ്

കോഴിക്കോട്: ഇന്ത്യന്‍ കൗമാരതാരങ്ങളുടെ സംഘത്തിന് മുന്നിലും ഗോകുലം എഫ്.സി.ക്ക് രക്ഷയില്ല. ഇന്ത്യന്‍ ആരോസിനോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളത്തിന്‍റെ ടീം പരാജയമേറ്റുവാങ്ങിയത്.

ഗോകുലം എഫ് സി പരാജയപ്പെട്ടെങ്കിലും മലയാളികളുടെ പ്രിയതാരമായി മാറിക്കൊണ്ടിരിക്കുന്ന കെ പി രാഹുല്‍ ഇന്ത്യന്‍ ആരോസിനു വേണ്ടി നടത്തിയ പ്രകടനം അഭിനന്ദനമര്‍ഹിക്കുന്നതായിരുന്നു.

കളം നിറഞ്ഞുകളിച്ച രാഹുല്‍ എഴുപത്തിയേഴാം മിനിറ്റില്‍ നല്‍കിയ പാസില്‍ നിന്നാണ് ആരോസിന്‍റെ വിജയഗോള്‍ പിറന്നത്. അഭിജിത്ത് സര്‍ക്കാരാണ് രാഹുലിന്‍റെ പാസ് വലയിലെത്തിച്ചത്.

ഇടതു ബോക്‌സില്‍ നിന്ന് രാഹുല്‍ കൊടുത്ത വളഞ്ഞുപുളഞ്ഞ ക്രോസ് അതേ കരുത്തോടെ പോസ്റ്റിലേയ്ക്ക് വഴിതിരിച്ചുവിടുകയായിരുന്നു അഭിജിത് സര്‍ക്കാര്‍.

സ്വന്തം കാണികള്‍ക്ക് മുന്നില്‍ തീര്‍ത്തും നിരാശാജനകമായാ പ്രകടനമാണ് ഗോകുലം പുറത്തെടുത്തത്. ആദ്യമായി ഐലീഗില്‍ മാറ്റുരയ്ക്കാനെത്തിയ ഗോകുലം ആറാം തോല്‍വിയാണ് ഏറ്റവുവാങ്ങിയത്.

ഐലീഗിലെ ഗോളടിയന്ത്രം ഒഡേഫ കളത്തിലെത്തിയിട്ടും പ്രതീക്ഷിച്ച മുന്നേറ്റം പുറത്തെടുക്കാനാകാത്തത് ഗോകുലത്തിന് തിരിച്ചടിയാണ്.

എട്ട് മത്സരങ്ങളില്‍ ഒരു ജയവും ഒരു സമനിലയും മാത്രമുള്ള ഗോകുലം നാലു പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ്. പത്ത് കളികളില്‍ നിന്ന് പതിനൊന്ന് പോയിന്റുള്ള ആരോസ് ഏഴാമതും.

To Top