ബാര്‍ കോഴ അവസാനിക്കില്ല; 50 ലക്ഷം കോഴ വാങ്ങിയ കെ ബാബു നുണപരിശോധനയ്ക്കു തയാറാകാന്‍ ബിജു രമേശിന്റെ വെല്ലുവിളി; ഈയാഴ്ച കോടതിയിലേക്ക്

തിരുവനന്തപുരം: കെ എം മാണിയുടെ രാജിക്കു പിന്നാലെ ബാര്‍ കോഴക്കേസില്‍ പുതിയ വെളിപ്പെടുത്തല്‍. മന്ത്രി കെ ബാബുവിനു താന്‍ നേരിട്ടു പോയി അമ്പതു ലക്ഷം രൂപ കോഴ നല്‍കിയെന്ന് ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് പീപ്പിള്‍ ചാനലിനോടു പറഞ്ഞു. പൂട്ടിയ ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ മന്ത്രിസഭാ തീരുമാനം ലഭിക്കാന്‍ വേണ്ടിയായിരുന്നു കോഴ നല്‍കിയത്. ഇക്കാര്യം വിജിലന്‍സിനെ അറിയിച്ചെങ്കിലും ബാബുവിനെതിരേ നടപടിയോ അന്വേഷണമുണ്ടായില്ലെന്നും ബിജു രമേശ് പറഞ്ഞു.

തന്റെ ജനറല്‍ മാനേജര്‍ രാധാകൃഷ്ണനോടൊപ്പമാണ് ബാബുവിനെ കാണാന്‍ എത്തിയത്. സെക്രട്ടേറിയറ്റിലെ ബാബുവിന്റെ ചേംബറില്‍ എത്തി മന്ത്രിയെ കണ്ടു. പണം കൊണ്ടുവന്നിട്ടുണ്ടെന്നു പറഞ്ഞു. പഴ്‌സണല്‍ സ്റ്റാഫിലെ സുരേഷ് പൈ എന്നയാളെ ഏല്‍പിക്കാനായി പറഞ്ഞു. സുരേഷിനെ പണം ഏല്‍പിച്ചു. ഇതു പിന്നീട് സുരേഷാണ് ബാബുവിനു കൈമാറിയത്. പണം വാങ്ങിയെന്നു സമ്മതിക്കാത്ത സാഹചര്യത്തില്‍ കെ ബാബുവിനെയും തന്നെയും ജനറല്‍ മാനേജര്‍ രാധാകൃഷ്ണനെയും നുണപരിശോധനയ്ക്കു വിധേയമാക്കണം. മാണി മാത്രമല്ല, ബാബുവും രാജിവയ്ക്കണം. പണക്കൈമാറ്റത്തിന് രാധാകൃഷ്ണന്‍ സാക്ഷിയാക്കണം.

പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ബാര്‍ ഹോട്ടല്‍ ഉടമകളില്‍ നിന്ന് ആകെ പിരിച്ച ഇരുപത്തഞ്ചു കോടി രൂപ മാണിയെക്കൂടാതെ ഇത്തരത്തില്‍ അധികാരസ്ഥാനങ്ങളിലുള്ള പലര്‍ക്കായി നല്‍കിയെന്ന സൂചന ശക്തമാകുന്ന വെളിപ്പെടുത്തലാണ് ബിജു രമേശ് നടത്തിയിരിക്കുന്നത്. ഇരുപത്തഞ്ചില്‍ ഒരു പങ്കു മാത്രമാണ് കെ എം മാണിക്കു ലഭിച്ചതെന്നു വ്യക്തമായിരുന്നു. ബാക്കി ആര്‍ക്കൊക്കെയാണ് ലഭിച്ചതെന്നാണ് ഇനി വ്യക്തമാകേണ്ടത്. അതിലൊരാള്‍ കെ ബാബുവാണെന്നു വെളിപ്പെട്ടതോടെ ബാക്കിയുള്ളവരുടെ പേരുകള്‍ കൂടി പുറത്തുവരേണ്ടതുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News