‘ഇര’ ആര്‍ക്കൊപ്പം? നാളെ മുതല്‍ തിയേറ്ററുകളിലേക്ക്

ഉണ്ണിമുകുന്ദനെയും ഗോകുല്‍ സുരേഷ്‌ഗോപിയെയും പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ സൈജു എസ്.എസ് സംവിധാനം ചെയ്യുന്ന ഇര നാളെ തിയേറ്ററുകളിലെത്തും. പ്രശസ്ത സംവിധായകന്‍ വൈശാഖ്, തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലുള്ള വൈശാഖ് ഉദയ്കൃഷ്ണ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇരയും ഇരയെത്തേടുന്നവരും തമ്മിലുള്ള കഥയാണ് ഈ ത്രില്ലര്‍ പറയുന്നത്.

ചിത്രം പ്രഖ്യാപിച്ചത് മുതല്‍ തന്നെ വാര്‍ത്താകോളങ്ങളില്‍ വലിയ പ്രാധാന്യം നേടിയിരുന്നു. കേരളത്തെ ഞെട്ടിച്ച സംഭവമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

അതിനോട് അണിയറപ്രവര്‍ത്തകരുടെ മറുപടി ഇങ്ങനെ: ‘അതെല്ലാം സിനിമയുടെ ബിസിനസ് പോയിന്റുകളായി കരുതുകയാണ്. എന്താണ് വസ്തുത എന്ന് സിനിമ കണ്ട് തിരിച്ചറിയട്ടെ.’ എന്തായാലും ചിത്രം റിലീസാകുന്നതോടെ എല്ലാ ഊഹാപോഹങ്ങള്‍ക്കും വിരാമമാകും എന്ന് പ്രതീക്ഷിക്കാം.

എസ്.പി രാജീവന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഉണ്ണിമുകുന്ദന്‍ അവതരിപ്പിക്കുന്നത്. ഡോ. ആര്യന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഗോകുല്‍ സുരേഷ് ഗോപിയും. പൊലീസും ഒരു വിഭാഗം സമൂഹവും കുറ്റവാളിയാണെന്നു സമര്‍ത്ഥിക്കുന്ന ഒരു വ്യക്തി. അയാള്‍ കുറ്റവാളിയല്ലാ എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം. ഇതിന്റെ സത്യാനേഷണമാണ് ചിത്രം പറയുന്നത്.

മിയാ ജോര്‍ജ്ജ്, നിരഞ്ജന അനൂപ്, ലെന, മെറീനാ മൈക്കിള്‍, നിരഞ്ജനാദാസ്, കൈലേഷ്, ശങ്കര്‍ രാമകൃഷ്ണന്‍, ഇ.എ. രാജേന്ദ്രന്‍, അലന്‍സിയര്‍, ജയന്‍, പ്രശാന്ത്, അലക്‌സാണ്ടര്‍, നിര്‍മ്മല്‍ പാലാഴി, വിനോദ് കോവൂര്‍ എന്നിവരും ചിത്രത്തിലെ പ്രധാനതാരങ്ങളാണ്.

നവീന്‍ ജോസിന്റേതാണ് തിരക്കഥ. ഹരിനാരായണന്റെ ഗാനങ്ങള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകരുന്നു. സുധി സുരേന്ദ്രന്‍ ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം സാബുറാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News