അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നതോടെ സംസ്ഥാനത്തെ മുഴുവന്‍ എല്‍പി, യുപി ക്ലാസ് മുറികളും ഹൈടെക്ക് ആകുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്

കണ്ണൂര്‍ അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നതോടെ സംസ്ഥാനത്തെ മുഴുവന്‍ എല്‍പി, യുപി ക്ലാസ് മുറികളും ഹൈടെക്ക് ആകുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിലേക്ക് സ്‌കൂളുകള്‍ ഉയര്‍ത്തുന്നതിന്റെ ആദ്യഘട്ടം പൂര്‍ത്തിയായതിന്റെ സംസ്ഥാനതല ഉദ്ഘാടനം പെരളശേരി എ കെ ജി സ്മാരക ഗവ. ഹയര്‍സെക്കന്‍ഡറിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കി സമൂഹത്തില്‍ ഉന്നതിയിലെത്തിക്കണമെന്ന് സര്‍ക്കാറിന് നിര്‍ബന്ധമുണ്ടെന്ന് മന്ത്രി പറഞ്ഞു.

മികച്ച നിലവാരമുള്ള അന്താരാഷ്ട്രതലത്തിലെ എല്ലാ പാഠ്യപദ്ധതികളും ഉള്‍പ്പെടുത്തിയാണ് പൊതുവിദ്യാലയങ്ങളില്‍ നടപ്പാക്കുന്നത്.

ജൂണ്‍ ഒന്നിനുമുമ്പ് രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറും. ജനകീയ വിദ്യാഭ്യാസത്തിന്റെ മോഡലാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.

ഓരോ മണ്ഡലത്തിലും തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളാണ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. ഇത്തരത്തില്‍ 141 സ്‌കൂളുകളില്‍ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

ഇതിന്റെ ഭാഗമായി കെട്ടിടം ഉദ്ഘാടനംചെയ്യുന്ന സംസ്ഥാനത്തെ ആദ്യത്തെ സ്‌കൂളാണ് പെരളശേരിയിലേതെന്നും മന്ത്രി പറഞ്ഞു.

പെരളശേരി എ കെ ജി സ്മാരക ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രണ്ട് ഘട്ടങ്ങളിലായി കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി 5.08 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

ആദ്യഘട്ടത്തില്‍ നിലവിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയാണ് നാലുനിലയില്‍ അക്കാദമിക്ക് ബ്ലോക്ക് കെട്ടിടം നിര്‍മിച്ചത്. 15 ക്ലാസ് മുറികള്‍, സ്റ്റാഫ് റൂം, ലൈബ്രറി, പാചകശാല, ഡൈനിങ് ഹാള്‍, വിശ്രമമുറി, മൂന്ന് ടോയ്‌ലറ്റ് ബ്ലോക്കുകള്‍ എന്നിവയാണ് പുതിയ കെട്ടിടത്തിലുള്ളത്.

കിഫ്ബി മാനദണ്ഡപ്രകാരം പ്രത്യേകമായി രൂപീകരിച്ച കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡുക്കേഷന്‍ എന്ന കമ്പനിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.

രണ്ടാംഘട്ട പ്രവൃത്തികളുടെ ഭാഗമായി ബാക്കിയുള്ള പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി പുതിയ അക്കാദമിക് ബ്ലോക്ക് വിപുലപ്പെടുത്തും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ. ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് കെട്ടിടങ്ങളുടെ നിര്‍മാണച്ചുമതല.

ചടങ്ങില്‍ പി കെ ശ്രീമതി എംപി അധ്യക്ഷയായി. മുഖ്യമന്ത്രിയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച സ്‌കൂള്‍ ബസിന്റെ താക്കോല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷില്‍നിന്ന് പ്രധാനാധ്യാപകന്‍ എം കെ പ്രദീപന്‍ ഏറ്റുവാങ്ങി.

സ്‌കൂളിലേക്കുള്ള വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് സോളാര്‍ പാനല്‍ സ്ഥാപിക്കുമെന്ന് സുമേഷ് പറഞ്ഞു. കൈറ്റ് നോര്‍ത്ത് സോണ്‍ പ്രൊജക്ട് മാനേജര്‍ കെ എച്ച് ഷാനു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുതിയ ബ്ലോക്കിലേക്കുള്ള ഫര്‍ണിച്ചറുകള്‍ അനുവദിക്കുമെന്ന് കെ കെ രാഗേഷ് എംപി പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News