കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 2004 നു സമാനമായ സാഹചര്യമാണ് ഒരുങ്ങുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 2004 നു സമാനമായ സാഹചര്യമാണ് ഒരുങ്ങുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കേരളത്തില്‍ ബിജെപി ചിത്രത്തിലില്ല. എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ നേരിട്ടുള്ള മത്സരമാണിവിടെ.

രാജ്യം മുഴുവന്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ ഒറ്റക്കെട്ടാവുമ്പോള്‍ ഇടതുപക്ഷത്തെ പരാജയപ്പെടുത്താനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്നും യെച്ചൂരി പറഞ്ഞു. തിരുവനന്തപുരം കേസരി സ്മാരക ഹാളില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയനാട്ടില്‍ രാഹുല്‍ എല്‍ഡിഎഫിനെതിരെ മത്സരിക്കുന്നതിന്റെ സന്ദേശം എന്താണെന്ന് ജനങ്ങളോടു വിശദീകരിക്കേണ്ടത് കോണ്‍ഗ്രസ് ആണ്. ഭയം കൊണ്ടാണോ വയനാട്ടിലും മത്സരിക്കുന്നത് എന്നും അറിയില്ല. കേരളത്തിലെ ജനങ്ങള്‍ വിവേകമുള്ളവരാണ്. ശരിയായ തീരുമാനമെടുക്കാന്‍ അവര്‍ക്കറിയാം.

2004ലെ തെരഞ്ഞെടുപ്പില്‍ കേരളം വിധി എഴുതിയത് ഇതിനുദാഹരണമാണ്. ബിജെപിയെ താഴെ ഇറക്കി കേന്ദ്രത്തില്‍ ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് തെരഞ്ഞെടുപ്പിനു മുമ്പ് സിപിഐ എം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത്ത് പറഞ്ഞു. അന്ന് എല്‍ഡിഎഫിനെ 20ല്‍ 18 സീറ്റില്‍ വിജയിപ്പിച്ചാണ് കേരളം ബദല്‍ സര്‍ക്കാരിനോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

സമാനമായ സാഹചര്യമാണ് ഇപ്പോള്‍. ബിജെപിയുടെ വര്‍ഗീയ ഭരണത്തിന് അന്ത്യം കുറിച്ച് കേന്ദ്രത്തില്‍ മതിനിരപേക്ഷ സര്‍ക്കാര്‍ അധികാരത്തിലേറും. ഇരുപത് സീറ്റിലും എല്‍ഡിഎഫിനെ വിജയിപ്പിച്ച് ജനങ്ങള്‍ മതനിരപേക്ഷ സര്‍ക്കാരിന് ഉറച്ച പിന്തുണ പ്രഖ്യാപിക്കും.

ബിജെപിയെ അധികാരത്തില്‍നിന്നു പുറത്താക്കുകയാണ് ഇടതുപക്ഷത്തിന്റെ മുഖ്യ ലക്ഷ്യം. ഇതിനായി പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ കരുത്ത് വര്‍ധിപ്പിക്കുകയാണ് രണ്ടാമത്തെ ലക്ഷ്യം. മൂന്നാമത്തെ ലക്ഷ്യം മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കുക എന്നതും. ഇടതുപക്ഷത്തിന്റെ കരുത്ത് വര്‍ധിച്ചാലതിന്റെ ഗുണം ജനങ്ങള്‍ക്കാണ്. 2004ലെ അനുഭവം ഇതു തെളിയിച്ചതാണ്. ജനങ്ങള്‍ക്ക് ഗുണകരമായ ഒരുപാട് കാര്യങ്ങള്‍ അന്നത്തെ സര്‍ക്കാരിനെക്കൊണ്ട് നടപ്പാക്കാന്‍ ഇടതുപക്ഷത്തിനായി.

തെരഞ്ഞെടുപ്പിനു മുമ്പ് സഖ്യമുണ്ടാക്കുന്ന രീതി ദേശീയരാഷ്ട്രീയത്തിലില്ല. മൊറാര്‍ജി ദേശായി, വി പി സിങ്, ദേവഗൗഡ, എ ബി വാജ്‌പേയ്, മന്‍മോഹന്‍ സിങ് എന്നിവര്‍ പ്രധാനമന്ത്രിമാരായത് തെരഞ്ഞെടുപ്പിനുശേഷം സഖ്യം രൂപീകരിച്ചാണ്.

2019ലും ഇതുതന്നെ സംഭവിക്കും. 2004ല്‍ ഇടതുപക്ഷത്തിന്റെ 61 എംപിമാരില്‍ 57 പേര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തിയാണ് ലോക്‌സഭയിലെത്തിയത്.

രാജ്യത്തിന്റെ സമസ്ത മേഖലയിലും നാശം വിതച്ച നരേന്ദ്ര മോഡി സര്‍ക്കാരിനെ താഴെ ഇറക്കി പുതിയ ഇന്ത്യയെ സൃഷ്ടിക്കുകയാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യം. നരേന്ദ്ര മോഡി ഒറ്റയ്ക്ക്, ശേഷിക്കുന്നവരെല്ലാം മറുപക്ഷത്ത്–ഇതാണ് ബിജെപിയുടെ പ്രചാരണം.

എന്‍ഡിഎയില്‍ 32 കക്ഷികളുണ്ടെന്ന വസ്തുത മറച്ചുവച്ചാണ് ഈ പ്രചാരണം. എല്ലാ കാര്യങ്ങളിലും ഇതുപോലെ നുണ പ്രചാരണം നടത്തുകയാണ് ബിജെപിയെന്നും യെച്ചൂരി പറഞ്ഞു.

ബിജെപിയുടെ തുടര്‍ഭരണത്തിന് തടയിടാന്‍ ഇടതുപക്ഷത്തിനുമാത്രമേ കഴിയൂവെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബിജെപിയെ താഴെ ഇറക്കിയാലേ ഇന്ത്യയെ രക്ഷിക്കാനാകൂ. ഈ ചരിത്രനിയോഗം ഏറ്റെടുക്കാന്‍ ഇടതുപക്ഷം തയ്യാറായിക്കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തിലെ നിര്‍ണായകമായ തെരഞ്ഞെടുപ്പിനാണ് രാജ്യം ഒരുങ്ങുന്നത്. രാജ്യത്തെ മുച്ചൂടും മുടിച്ച ബിജെപി ഭരണത്തിന് അന്ത്യംകുറിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്.

ഭൂമിയുടെയും ആകാശത്തിന്റെയും മാത്രമല്ല, ബഹിരാകാശത്തിന്റെയും കാവല്‍ക്കാരനാണ് താനെന്ന് മോഡി പറയുന്നു. സ്വന്തം ഉത്തരവാദിത്തം നിര്‍വഹിക്കാതെ സ്വപ്‌നംകാണുന്ന കാവല്‍ക്കാരനാണ് മോഡി. സ്വപ്‌നം കണ്ടത് പദ്ധതികളായി പ്രഖ്യാപിക്കും. പക്ഷേ, ഒരിക്കലും നടപ്പാകില്ല. സ്വന്തം കടമകള്‍ മറന്ന കാവല്‍ക്കാരനെ പുറത്താക്കുക എന്നത് ഉടമകളായ ജനങ്ങളുടെ കടമയാണ്.

നുണകളാല്‍ കെട്ടിപ്പൊക്കിയ കൊട്ടാരമാണ് ബിജെപി സര്‍ക്കാര്‍. എന്തിനും ഏതിനും അവര്‍ നുണ പറയും. ബാലാകോട്ട് ആക്രമണത്തെക്കുറിച്ച് അവര്‍ നുണ പറഞ്ഞു. വിജയിക്കില്ല എന്നായപ്പോള്‍ ഉപഗ്രഹവേധ മിസൈലിനെക്കുറിച്ചായി നുണ. ബിജെപിമാത്രമാണ് ഭീകരര്‍ക്ക് എതിര് എന്നാണ് അവകാശവാദം.

കര്‍ഷകര്‍ മോഡി ഭരണത്തിനു കീഴില്‍ പട്ടിണിയിലായി. യുവാക്കള്‍ തൊഴിലില്ലാതെ അലഞ്ഞുതിരിയുന്നു. ബിജെപി വാരിക്കൂട്ടിയ അഴിമതിപ്പണത്തിന്റെ പകുതി ഉണ്ടായിരുന്നെങ്കില്‍ രാജ്യത്തെ പട്ടിണി മാറ്റാമായിരുന്നു. തൊഴില്‍ നല്‍കാമായിരുന്നു. വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും രാജ്യമാക്കി ഇന്ത്യയെ മാറ്റാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. സ്വകാര്യ ക്രിമിനല്‍സേനകളെ ഉപയോഗിച്ച് അവര്‍ ദളിതരെയും മുസ്ലിങ്ങളെയും അടിച്ചമര്‍ത്തുന്നു.

പശുവിന്റെ പേരില്‍ ഈ സേന കൊലപാതകം നടത്തുന്നു. അതേസമയം, കേരളത്തിലെ ഒരു ബിജെപി സ്ഥാനാര്‍ഥി പറഞ്ഞത് ജയിച്ചാല്‍ നല്ല പശുവിറച്ചി ലഭ്യമാക്കുമെന്നാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഗോവയിലും പശുവിന്റെ ഇറച്ചിക്ക് അവര്‍ അയിത്തം കല്‍പ്പിച്ചിട്ടില്ല. ബിജെപിയുടെ ഇരട്ടത്താപ്പിനുള്ള ഏറ്റവും വലിയ ഉദാഹരണമാണിത് –യെച്ചൂരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News