മതവികാരം ഇളക്കിവിടുന്ന പ്രസംഗം; രാജ്മോഹന്‍ ഉണ്ണിത്താനെതിരെ എല്‍ഡിഎഫ് പരാതി നല്‍കി

കാസര്‍കോട്: വോട്ടര്‍മാരുടെ മതവികാരം ഇളക്കിവിടുന്ന പ്രസംഗം നടത്തിയ യുഡിഎഫ് കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താനെതിരെ എല്‍ഡിഎഫ് പരാതി നല്‍കി.

പയ്യന്നൂര്‍ അരവഞ്ചാലിലാണ് ഏപ്രില്‍ എട്ടിന് ഉണ്ണിത്താന്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന പ്രസംഗം നടത്തിയത്. എല്‍ ഡി എഫ് കാസര്‍കോട് മണ്ഡലം സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയാണ് മുഖ്യ വരണാധികാരി കലക്ടര്‍ ഡോ. ഡി സജിത്ത് ബാബുവിന് പരാതി നല്‍കിയത്.

പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പിങ്ങും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഈ പ്രസംഗം ആവര്‍ത്തിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.

ശബരിമല വിധിയുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയെ അവഹേളിക്കുകയും മതവികാരം ഇളക്കി വിടുകയും ചെയ്യുന്നതാണ് പ്രസംഗം. എല്‍ഡിഎഫ് സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരാണെന്നും ഉണ്ണിത്താന്‍ പറയുന്നുണ്ട്. വിവിധ മതങ്ങളുടെ വികാരം ഇളക്കിവിടുന്ന രീതിയിലാണ് പ്രസംഗം.

ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ നിഷ്‌കര്‍ഷിച്ചിരുന്നു. മതവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഉന്നയിക്കരുതെന്ന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ വ്യക്തമാക്കിയിരുന്നു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ഉണ്ണിത്താനെതിരെ നടപടിയെടുക്കണമെന്ന് ടി വി രാജേഷ് പരാതിയില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here