തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം സ്വകാര്യട്രസ്റ്റ് ആരംഭിച്ച ഗോശാലയില്‍ പശുക്കള്‍ക്ക് ദുരിതം നേരിടുന്നുവെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗോശാല സന്ദര്‍ശിച്ചു.

ഗോശാലയുടെ ശോചനീയാവസ്ഥ സംബന്ധിച്ച വാര്‍ത്തകളുടെ അടിസ്ഥാനത്തിലായിരുന്നു സന്ദര്‍ശനം. പശുക്കുട്ടികള്‍ അടക്കമുള്ള മുപ്പതിലേറെ മിണ്ടാപ്രാണികളാണ് മതിയായ ആഹാരമോ സംരക്ഷണമോ ഇല്ലാതെ ഇവിടെ കഴിയുന്നതെന്ന് മന്ത്രി പറഞ്ഞു.

മേല്‍ക്കൂര മറക്കാന്‍ ഉപയോഗിച്ച ടാര്‍പോളിന്‍ കീറിപ്പറഞ്ഞ അവസ്ഥയിലാണ്. മഴയില്‍ നിന്നും വെയിലില്‍ നിന്നും യാതൊരു സംരക്ഷണവുമില്ലാത്ത അവസ്ഥയില്‍ ആണ് പശുക്കള്‍ കഴിയുന്നത്. ഷെഡിനുള്ളില്‍ നിന്ന് ചാണകവും മൂത്രവും യഥാസമയം നീക്കം ചെയ്യുന്നില്ല.

ഈയടുത്ത് ഒരു പശുക്കിടാവിനെ പട്ടി കടിച്ചു കൊന്നതായി അവിടെ കൂടിയ ഭക്തര്‍ പരാതിയായി പറയുകയുണ്ടായി. ഇവിടെയുള്ള മിണ്ടാപ്രാണികളുടെ അവസ്ഥയില്‍ നിന്നും അവയ്ക്ക് കൃത്യമായി ഭക്ഷണം ലഭിക്കാറില്ലെന്നത് വ്യക്തമാണ്. ഇതിന് പണമില്ലെന്ന ന്യായമാണ് ട്രസ്റ്റ് ഭാരവാഹികള്‍ പറയുന്നതെന്നും ജീവനക്കാരനില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു.

ക്ഷേത്രത്തിലേക്ക് ആവശ്യമായ പാല്‍ ലഭിക്കുവാന്‍ ക്ഷേത്രം വക ഗോശാല ഉള്ളപ്പോഴാണ് സ്വകാര്യ ട്രസ്റ്റ് ഇവിടെ മറ്റൊരു ഗോശാല നടത്തുന്നത്. സുരേഷ് ഗോപി എംപി അടക്കമുള്ളവരാണ് ഈ ട്രസ്റ്റിന് പിറകില്‍ എന്നാണ് മനസിലാക്കുന്നത്. അവരുമായി ബന്ധപ്പെട്ട്, കാര്യങ്ങള്‍ വിശദമായി പരിശോധിക്കും. ഗോ സംരക്ഷണത്തെ കുറിച്ച് വാചാലരാകുന്നവര്‍, കുറഞ്ഞത് അവയ്ക്ക് സമയാസമയം ആഹാരം നല്‍കാനെങ്കിലും ശ്രദ്ധിക്കണം.

മിണ്ടാപ്രാണികള്‍ക്ക് വലിയ രീതിയിലുള്ള ക്രൂരതയാണ് നേരിടുന്നതെന്ന് ബോധ്യമായതിനാല്‍ ആവശ്യമെങ്കില്‍ കന്നുകാലികളെ ഏറ്റെടുത്തു ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു കൈമാറാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കും. താല്‍ക്കാലിക ആശ്വാസത്തിന്, അവയ്ക്ക് ആഹാരം എത്തിച്ചു നല്‍കാനുള്ള ഏര്‍പ്പാട് ചെയ്യാന്‍ ചെയ്യാന്‍ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കടകംപള്ളി പറഞ്ഞു.