മധ്യകേരളത്തില്‍ മഴ ശക്തിപ്രാപിക്കുന്നു; ആശങ്കപ്പെടേണ്ട സാഹചര്യമില്ല

മധ്യകേരളത്തില്‍ ഇടയ്ക്കിടെ മഴ ശക്തിപ്രാപിക്കുന്നുവെങ്കിലും ജനജീവിതം ദുസ്സഹമാകുന്ന രീതിയില്‍ ആശങ്കയില്ല. ഇടുക്കിയില്‍ റെഡ് അലേര്‍ട്ടും, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂതത്താന്‍കെട്ട്, മലങ്കര ഡാമുകളിലെ ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു.

എറണാകുളത്ത് ചെല്ലാനം ഉള്‍പ്പെടെ തീരദേശവാസികളാണ് ദുരിതം അനുവഭിക്കുന്നത്. ഇടുക്കി ഡാമിലെ ജലനിരപ്പ് നാല് ശതമാനത്തോളം ഉയര്‍ന്നതിനാല്‍ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി അധികൃതര്‍.

മധ്യകേരളത്തില്‍ മലയോരപ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ മേഖലകളിലാണ് തുടര്‍ച്ചയായ മഴ ലഭിക്കുന്നത്. ഇടുക്കി ജില്ലയില്‍ റെഡ് അലേര്‍ട്ടും, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇടയ്ക്കിടെ മാത്രമാണ് മഴ ശക്തിപ്രാപിക്കുന്നത്.

ഇടുക്കിയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മഴ ശക്തമായത് കെഎസ്ഇബിക്ക് ആശ്വാസകരമായിട്ടുണ്ട്. ഡാമിലെ ജലനിരപ്പ് നാല് ശതമാനത്തോളം ഉയര്‍ന്നതിനാല്‍ വൈദ്യുതി നിയന്ത്രണം വേണ്ടി വരില്ലെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. അണക്കെട്ടിന്റെ വൃഷ്ടിപ്രദശങ്ങളില്‍ 78 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. നീരൊഴുക്കും ശക്തമാണ്. കല്ലാര്‍കുട്ടി, മലങ്കര, പാംബ്ല എന്നീ ഡാമുകളുടെ ഷട്ടറുകള്‍ രണ്ടെണ്ണം വീതം ഉയര്‍ത്തി വെളളം ഒഴുക്കിവിടുന്നുണ്ട്.

ആറ് കണ്‍ട്രോള്‍ റൂമുകളും തുറന്നു. ഭൂതത്താന്‍കെട്ടിലെ പതിനഞ്ച് ഡാമുകളും മലങ്കര ഡാമിന്റെ മൂന്നാമത്തെ ഷട്ടറും തുറന്നതോടെ മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തീരത്തുളളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടലാക്രമണം രൂക്ഷമായ കൊച്ചി ചെല്ലാനം തീരദേശങ്ങളിലെ കമ്പനിപ്പടി, ബസാര്‍, വേളാങ്കണ്ണി പ്രദേശങ്ങളിലെ നൂറോളം വീടുകള്‍ ദുരിതത്തിലാണ്. കോട്ടയത്ത് ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ടെങ്കിലും ആശങ്കയില്ല. കോട്ടയം താലൂക്കില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.

വെളളിയാഴ്ച മീനച്ചിലാറ്റിലെ കാവാലപ്പുഴയില്‍ കാണാതായ ആള്‍ക്ക് വേണ്ടി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. ആലപ്പുഴയിലും രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ടെങ്കിലും അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. മലയോര മേഖലകളിലേക്കുളള രാത്രി സഞ്ചാരം പരമാവധി ഒഴിവാക്കണമെന്ന ജാഗ്രതാ നിര്‍ദേശവും ജില്ലാ ഭരണകൂടം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News