‘വയറെരിയുന്നോരുടെ മിഴിനിറയാതിരിക്കാൻ’; ഡിവൈഎഫ്‌ഐ ഹൃദയപൂര്‍വ്വം പദ്ധതിക്ക് കോട്ടയം മെഡിക്കല്‍ കോളേജില്‍ നാളെ തുടക്കം

‘വയറെരിയുന്നോരുടെ മിഴിനിറയാതിരിക്കാൻ ഹൃദയപൂർവ്വം പദ്ധതി’ക്ക് വ്യാഴാഴ്‌ച കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ തുടക്കമാകും. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡിവൈഎഫ്ഐ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഒരു നേരത്തെ ഭക്ഷണം നൽകുന്നതാണ്‌ ഹൃദയപൂർവം പദ്ധതി. പകൽ 12ന്‌ കോട്ടയം മെഡിക്കൽ കോളേജ് അങ്കണത്തിൽ സിപിഐഎം ജില്ലാ സെക്രട്ടറി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.

ഇതോടൊപ്പം രക്തബാങ്കിലേക്ക് എല്ലാ ദിവസവും രക്തദാനം ചെയ്യുന്ന ‘ജീവാർപ്പണം പദ്ധതി’ കെ സുരേഷ് കുറുപ്പ് എംഎൽഎ ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസങ്ങളിലും മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണ പൊതികൾ വിതരണം ചെയ്യുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തി കഴിഞ്ഞു.

ചിട്ടയായ പ്രവർത്തനങ്ങളിലൂടെ വർഷം മുഴുവൻ ഒരുദിനം പോലും മുടക്കമില്ലാതെ ഈ പദ്ധതി വിജയകരമായി നടത്താൻ വിവിധ തരത്തിലുള്ള മുന്നൊരുക്കങ്ങളാണ് നടത്തുന്നത്. ജില്ലാ കമ്മിറ്റിക്കു കീഴിൽ 117 മേഖലാ കമ്മിറ്റികളാണ് പ്രവർത്തിക്കുന്നത്. ഓരോ ദിവസത്തേയും ഭക്ഷണ വിതരണം ഓരോ മേഖലാ കമ്മിറ്റിക്കായിരിക്കും. വർഷത്തിൽ മൂന്നുതവണ ഒരുമേഖലാകമ്മിറ്റിക്ക്‌ ഭക്ഷണം ശേഖരിക്കാനുള്ള ചുമതലയാണുള്ളത്‌.

തങ്ങളുടെ ഊഴമെത്തുന്നതിനു രണ്ടു ദിവസം മുമ്പു തന്നെ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആ പ്രദേശത്തെ വീടുകളിൽ പ്രവർത്തകർ എത്തി ഭക്ഷണ പൊതികൾ ഉറപ്പു വരുത്തുകയും ചെയ്യും. തുടർന്നു ഭക്ഷണം നൽകേണ്ട ദിവസം രാവിലെ വീടുകൾ തോറും കയറിയിറങ്ങി പൊതികൾ ശേഖരിക്കുകയും മേഖലയിലെ പല പ്രദേശങ്ങളിൽ നിന്നുമുള്ള പൊതികൾ ഒരുമിപ്പിച്ച് ഒരു വാഹനത്തിൽ മെഡിക്കൽ കോളേജിൽ എത്തിക്കുകയും ചെയ്യും.

ഈ പ്രവർത്തനങ്ങൾ അത്മാർത്ഥതയോടും ചിട്ടയോടും കൂടി ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ജില്ലയിലെ ഡിവൈഎഫ്ഐ പ്രവർത്തകർ. ഭക്ഷണം വിതരണം ചെയ്യുന്നതിലും ഡിവൈഎഫ്‌ഐ കർശന നിലപാടുകൾ സ്വീകരിക്കുന്നുണ്ട്. പൂർണ്ണമായും പ്ലാസ്റ്റിക് വിമുക്തമായ രീതിയിലാണ് ഭക്ഷണ വിതരണം. വാഴയിലയിൽ പൊതിഞ്ഞ ഭക്ഷണമാണ് വിതരണത്തിനായി എത്തിക്കുന്നത്. ഭക്ഷണ പൊതി ശേഖരിക്കുന്നതിന്റെ ഭാഗമായി പ്രവർത്തകർ വീടുകൾ സന്ദർശിക്കുമ്പോൾ തന്നെ ഇക്കാര്യവും സൂചിപ്പിക്കും.

വീട്ടുകാർ സന്തോഷത്തോടെ തന്നെ പ്രസ്തുത നിർദ്ദേശം സ്വീകരിച്ചതായി പ്രവർത്തകർ പറയുന്നു. പല സ്ഥലങ്ങളിലും ഇലയുടെ കാര്യത്തിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അങ്ങനെയുള്ളവർക്ക് അതിനാവശ്യമായ സഹായം പ്രവർത്തകർ തന്നെ നൽകുകയും ചെയ്യും. ഉദ്‌ഘാടനദിവസമായ വ്യാഴാഴ്‌ച ആർപ്പൂക്കര മേഖലാ കമ്മറ്റിയ്ക്കാണ് പൊതിച്ചോർ നൽകേണ്ട ചുമതല. പരിപാടിയിൽ വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. പരിപാടി വൻ വിജയമാക്കാൻ എല്ലാവരും സഹായിക്കണമെന്ന് ജില്ലാ സെക്രട്ടറി സജേഷ് ശശിയും പ്രസിഡന്റ്‌ കെ ആർ അജയ്‌യും അഭ്യർഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News