പട്ടികവിഭാഗത്തിനെതിരെയുള്ള അതിക്രമം തടയല്‍; നിയമത്തിലെ കര്‍ശനവ്യവസ്ഥകള്‍ അതേപടി തുടരണമെന്ന് സുപ്രീംകോടതി

പട്ടികവിഭാഗത്തിനെതിരെയുള്ള അതിക്രമം തടയല്‍ നിയമത്തിലെ കര്‍ശനവ്യവസ്ഥകള്‍ അതേപടി തുടരേണ്ടതുണ്ടെന്ന് സുപ്രീംകോടതി. വ്യവസ്ഥകള്‍ ലഘൂകരിച്ച രണ്ടംഗ ബെഞ്ചിന്റെ വിധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി അംഗീകരിക്കുമെന്ന സൂചനയും കോടതി നല്‍കി.സുപ്രിംകോടതി നടപടിയെ സ്വാഗതം ചെയ്യുന്നെന്ന് മന്ത്രി എകെ ബാലന്‍ പ്രതികരിച്ചു.

പട്ടികവിഭാഗത്തില്‍പ്പെട്ടവരുടെ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തണം, കഴമ്പുണ്ടെങ്കില്‍ മാത്രം എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യണം, പ്രതിപട്ടികയില്‍ ഉള്ളവര്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിന് തടസമില്ല തുടങ്ങിയ രണ്ടംഗ ബെഞ്ചിന്റെ വിധി മറികടക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നത്. പുനഃപരിശോധനാ ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലിരിക്കെ ഭേദഗതി കൊണ്ടുവന്നത് ഭരണഘടനാ ലംഘനമാണെന്ന് ആരോപിച്ച് അഭിഭാഷകരായ പൃഥ്വിരാജ് ചൗഹാന്‍, പ്രിയാ ശര്‍മ എന്നിവര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

ഹര്‍ജികള്‍ പരിഗണിക്കവെ, കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി അംഗീകരിക്കുമെന്ന സൂചന ജസ്റ്റിസ് അരുണ്‍ മിശ്ര നല്‍കി. കര്‍ശനവ്യവസ്ഥകള്‍ നിലനില്‍ക്കേണ്ടതുണ്ട്. വ്യവസ്ഥകള്‍ ലഘൂകരിക്കാന്‍ കഴിയില്ല. നിയമം എങ്ങനെയായിരുന്നോ അങ്ങനെതന്നെ തുടരുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി.

പൊതുതാല്‍പര്യഹര്‍ജികള്‍ വിധി പറയാനായി മാറ്റി. വ്യവസ്ഥകള്‍ ലഘൂകരിച്ച രണ്ടംഗ ബെഞ്ചിന്റെ വിധി ഇക്കഴിഞ്ഞ ചൊവ്വാഴ്ച മൂന്നംഗ ബെഞ്ച് പിന്‍വലിച്ചിരുന്നു. സുപ്രിംകോടതി നിലപാട് സ്വാഗതാര്‍ഹമെന്ന് മന്ത്രി എകെ ബാലന്‍ പ്രതികരിച്ചു. നിയമം ലഘൂകരിച്ച രണ്ടംഗ ബെഞ്ചിന്റെ വിധിക്കെതിരെ ഭേദഗതി ആദ്യം ആവശ്യപ്പെട്ടത് കേരളം ആയിരുന്നെന്നും, നിയമം കര്‍ശനം ആക്കുന്നതോടെ എസ് സി എസ് ടി വിഭാഗങ്ങള്‍ കൂടുതല്‍ ഗുണകരണം ആകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News