പദ്ധതി നിര്‍വഹണത്തില്‍ കേരളം രാജ്യത്തെ ബിജെപി-ബിജെപി ഇതര സര്‍ക്കാരുകള്‍ക്ക് മാതൃക: കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചിയില്‍ പെട്രോ കെമിക്കല്‍ പാര്‍ക്ക് സ്ഥാപിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും ബിപി സിഎല്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം പുനഃപരിശോധിക്കണമെന്നും മുഖ്യമന്ത്രി അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

കേന്ദ്ര സഹായത്തോടെയുള്ള പദ്ധതികള്‍ നടപ്പാക്കുന്ന കാര്യത്തില്‍ കേരളം ബിജെപി ഗവണ്‍മെന്‍റുകള്‍ക്കും ബിജെപി ഇതര സംസ്ഥാന ഗവണ്‍മന്‍റുകള്‍ക്കും മാതൃകയാണെന്ന് പെട്രോളിയം-പ്രകൃതിവാതക -ഉരുക്ക് വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

ഗെയിലിന്‍റെ പ്രകൃതിവാതക പൈപ്പ്ലൈന്‍ പദ്ധതി നടപ്പാക്കുന്നതിന് കേരള സര്‍ക്കാര്‍ നല്‍കിയ സഹകരണത്തിനും പിന്തുണയ്ക്കും അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ചു.

ഗെയില്‍ പദ്ധതി പൂര്‍ത്തിയാക്കിയത് ദേശീയാടിസ്ഥാനത്തില്‍ തന്നെ വലിയൊരു നേട്ടമാണ്, വീടുകളിലേക്ക് പ്രകൃതിവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി വേഗത്തിലാക്കുന്നതിന് നടപടിയെടുക്കുമെന്ന് അദ്ദേഹം മുഖ്യമന്ത്രിക്ക് ഉറപ്പു നല്‍കി.

സംസ്ഥാനത്ത് കൂടുതല്‍ സിഎന്‍ജി സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനും നടപടിയെടുക്കും. പ്രകൃതിവാതകം ഉപയോഗിക്കുന്ന ബസ്സുകള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കേരള സര്‍ക്കാരിന്‍റെയും സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെയും സംയുക്ത സംരംഭമായ കോഴിക്കോട് സെയില്‍-എസ്.സി.എല്‍ കേരളാ ലിമിറ്റഡിന്‍റെ പ്രതിസന്ധി പരിഹരിക്കുന്നതിന് കേരളത്തില്‍ സെയിലിന്‍റെ റീട്ടെയില്‍ ശൃംഖല സ്ഥാപിക്കണമെന്ന് കേന്ദ്രമന്ത്രിയോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

ഫാക്ടിന്‍റെ ഭൂമി കൂടി ഉപയോഗിച്ച് കൊച്ചിയില്‍ പെട്രോകെമിക്കല്‍ പാര്‍ക്ക് സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും ബിപിസിഎല്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം പുനഃപരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News