
ഒരു നിമിഷം കൊണ്ട് എല്ലാം ഇല്ലാതായ വയനാട്ടിലെ പുത്തുമല. ഉരുൾപ്പൊട്ടൽ ഇല്ലാതാക്കിയത് ദശാബ്ദങ്ങൾ കൊണ്ട് രൂപപ്പെട്ടുവന്ന സൗഹാർദ്ദപൂർവ്വമായ ജീവിത സാഹചര്യങ്ങളെക്കൂടിയായിരുന്നു. മരിച്ചുപോയ ആ ഭൂമിയിൽ നിന്ന് ചിതറിപ്പോയ മനുഷ്യർ തിരിച്ചെത്തുകയാണ്.
120 കുടുംബങ്ങളെയാണ് പുത്തുമലയിൽ പുനരധിവസിപ്പിക്കേണ്ടത്.ആദ്യഘട്ടമായി 8 ഏക്കർ ഭൂമിയിൽ 56 കുടുംബങ്ങൾക്ക് പുത്തുമലക്ക് അടുത്ത് തന്നെയുള്ള വാഴക്കാല എസ്റ്റേറ്റിൽ മാതൃകാ ഗ്രാമം ഒരുങ്ങുകയാണ്.12 കോടി രൂപ ചിലവിൽ 15 വീടുകളടങ്ങിയ നാല് ബ്ലേക്കുകളായി 60 വീടുകൾ ഇവിടെയുയരും.
7 ലക്ഷം രൂപ ഒരു വീടിന് ചിലവാകും. കാലിക്കറ്റ് കെയര്‍ ഫൗണ്ടേഷനാണ് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത്. ഇന്ത്യന്‍ ആര്‍ക്കിടെക്റ്റ് അസോസിയേഷന്‍ കാലിക്കറ്റ് ചാപ്റ്ററാണ് സൗജന്യമായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയത്. നിർമ്മാണചുമതലയും ഇവർക്കാണ്. മാതൃഭൂമിയാണ് 7 ഏക്കർ ഭൂമി വാങ്ങി നൽകിയത്.
1 ഏക്കർ വാഴക്കാല എസ്റ്റേറ്റുടമയും നൽകി. കളിസ്ഥലവും അങ്കണവാടിയും ആരോഗ്യകേന്ദ്രവും ഉൾപ്പെടെ പ്രകൃതിക്കിണങ്ങുന്ന വിധത്തിൽ ആധുനികമായായിരിക്കും നിർമ്മാണം. 650 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിക്കുന്ന ഒറ്റ നില വീടിന് രണ്ട് കിടപ്പ് മുറി, അടുക്കള, സ്വീകരണമുറി, ടോയിലറ്റ് എന്നീ സൗകര്യങ്ങളുണ്ടാകും.
ഭാവിയില്‍ ഇരുനിലയാക്കി മാറ്റാന്‍ സാധിക്കുന്ന വിധത്തിലാണ് മാതൃകാ വില്ലേജിലെ വീടുകളുടെ രൂപകല്‍പ്പന. ഓരോ വീട്ടിലേക്കും റോഡ് സൗകര്യവുമുണ്ടാകും. അടിസ്ഥാന സൗകര്യ വികസനത്തിനായി എളമരം കരീം എം.പി, എം.പി വീരേന്ദ്രകുമാര്‍ എം.പി എന്നിവരുടെ ഫണ്ടും ഉപയോഗപ്പെടുത്തുന്നുണ്ട്. പുത്തുമലയിലെ ബാക്കിയുള്ള കുടുംബങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപ നൽകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here