കോണ്‍ഗ്രസ് നേതാവ് പ്രസിഡന്റായ സഹകരണ ബാങ്കില്‍ 33 കോടിയുടെ വെട്ടിപ്പ്; അഴിമതി രേഖകള്‍ കൈരളി ന്യൂസിന്

കോണ്‍ഗ്രസ് നേതാവ് പ്രസിഡന്റായ സഹകരണ ബാങ്കില്‍ 33 കോടിവെട്ടിപ്പ് നടന്നതായി രേഖകള്‍. സഹകരണ നിയമങ്ങള്‍ കാറ്റില്‍ പറത്തി നടന്ന ബാങ്കിലെ അഴിമതി രേഖകള്‍ കൈരളി ന്യൂസിന് ലഭിച്ചു.

300 കോടിയിലേറെ നിക്ഷേപമുളള മാരായമുട്ടം സഹകരണ ബാങ്കിലാണ് കോണ്‍ഗ്രസ് നേതാവ് കോടികള്‍ അടിച്ച് മാറ്റിയതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്.

കര്‍ഷക കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റായ മാരായമുട്ടം അനില്‍ തന്റെ കുടുംബാഗങ്ങളുടെ പേരില്‍ കോടികളുടെ അഴിമതി നടത്തിയെന്നാണ് ആക്ഷേപം.

സഹകരണ വകുപ്പിലെ നെയ്യാറ്റിന്‍ക്കര അസിസ്റ്റന്റ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തിലാണ് ഗൗരവമുളള സാബത്തിക തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത് .54 സെന്റ് സ്ഥലം പണയപ്പെടുത്തി മാരായമുട്ടം അനില്‍ ഭാര്യയുടെ പേരില്‍ 45 ലക്ഷം ആദ്യം വാങ്ങി.

അതേ സ്ഥലം വീണ്ടും ബാങ്കില്‍ ഈടായി നല്‍കി 50ലക്ഷം രൂപയുടെ എംഡിഎസും കൈപറ്റി. മകന്റെ പേരില്‍ 35 ലക്ഷവും, മറ്റെരു വസ്തു പണയപെടുത്തി 30 ലക്ഷം ബിനാമി പേരുകളില്‍ സ്വന്തമാക്കി.

കേവലം രണ്ടരസെന്റ് സ്ഥലം ജാമ്യമായി നല്‍കി 80 ലക്ഷം രൂപ പ്രസിഡന്റായ മാരായമുട്ടം അനില്‍ കൈപറ്റി എന്ന അതീവ ഗൗരവതരമായ കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്.

ബാങ്കിന്റെ തത്തിയൂര്‍ ശാഖ നടത്താന്‍ വാടകക്ക് ഈട് നല്‍കിയ ഇതേ രണ്ടര സെന്റ് വസ്തു തന്നെ നല്‍കി മാസം 20000 രൂപ വീതം സംബാദിക്കുന്നതായും ബാങ്കിന്റെ ക്രമക്കേടുകള്‍ അന്വേഷിച്ച സഹകരണ അസിസ്റ്റന്റ് രജിസ്ട്രര്‍ സഹകരണ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

സഹകരണ നിയമ പ്രകാരം ബാങ്ക് ജീവനക്കാര്‍ക്ക് അതേ ബാങ്കില്‍ അംഗത്വം നല്‍കാനാന്‍ പാടില്ലെന്ന വ്യവസ്ഥ മറികടന്ന് സ്ഥിര ജീവിനക്കാര്‍ക്ക് അംഗത്വം നല്‍കുകയും ഇവര്‍ക്ക് കോടികള്‍ വായ്പകള്‍ അനുവദിച്ചു.

വായ്പ്പ നല്‍കുന്നതിനായി ഈട് നല്‍കിയ പല സ്ഥലത്തിനും നിയമമാനൃസൃത രേഖകള്‍ ഇല്ലാതെയാണ് പല വസ്തുക്കളും ബാങ്കില്‍ പണയപ്പെടുത്തിയിരിക്കുന്നത്. കോടികള്‍ വായ്പ്പ അനുവദിക്കും മുന്‍പ് നിയമോപദേശം തേടിയിട്ടില്ലെന്നും കണ്ടെത്തി.

ബാങ്കിന്റെ സെക്രട്ടറിയായ എംവി ശ്രീജ ഒരു കോടി നാല്‍പ്പത്തി അഞ്ച് ലക്ഷം രൂപയും ബ്രാഞ്ച് മാനേജര്‍ എംബി അംബിളി രണ്ട് കോടി പതിനഞ്ച് ലക്ഷം രൂപയും ഈ ഇനത്തില്‍ വായപ്പകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് പാറശാല ബ്‌ളോക്ക് ജനറല്‍ സെക്രട്ടറിയായ വടകര ജയനാണ് കേസിലെ പരാതിക്കാരന്‍.

തട്ടിപ്പ് നടത്തിയത് തന്റെ പാര്‍ട്ടി നേതാവ് ആണെങ്കിലും അയാളെ ശിക്ഷിക്കണമെന്ന് ജയന്‍ കൈരളി ന്യൂസിനോട് പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ എല്ലാം ബാങ്ക് പ്രസിഡന്റ് ആയിരുന്ന മാരായമുട്ടം അനില്‍ നിഷേധിച്ചു.

പുതിയതായി രൂപീകരിച്ച കേരളാബാങ്കിനെതിരെ വീക്ഷണം പത്രത്തിന്റെ എഡിറ്റ് പേജില്‍ അഴിമതിക്കെതിരെ നെടുങ്കനം ലേഖനമാണ് മാരായമുട്ടം അനില്‍ കഴിഞ്ഞ ദിവസം എഴുതിയത്.

ബാങ്കിനെതിരായ ആക്ഷേപത്തെ തുടര്‍ന്ന് ഭരണസമിതി സര്‍ക്കാര്‍ പിരിച്ച് വിട്ടിരിക്കുകയാണ് .അനിലെനെതിരെ അന്വേഷണ ആവശ്യപ്പെട്ട് കര്‍ഷക കോണ്‍ഗ്രസ് മുന്‍ വൈസ് പ്രസിഡന്റുമായ ഉദയകുമാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

മാരായമുട്ടം അനിലിനെതിരെ ഫെക്‌സ് പ്രചരണം നടക്കുകയാണ് ഇപ്പോള്‍.കോടികളുടെ വെട്ടിപ്പ് നടന്ന ബാങ്കിലെ സഹകാരികള്‍ തങ്ങളുടെ പണം പോകുമോ എന്ന ആശങ്കയിലാണ് .

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here