കേന്ദ്രനിലപാടില്‍ പ്രതിഷേധം; സ്റ്റാറ്റിസ്റ്റിക്‌സ്‌ പാനലിൽനിന്ന്‌ സി പി ചന്ദ്രശേഖർ രാജിവച്ചു

കേന്ദ്രസർക്കാരിന്റെ സ്റ്റാറ്റിസ്റ്റിക്‌സ്‌ പാനലിൽനിന്ന്‌ പ്രമുഖ സാമ്പത്തികവിദഗ്‌ധനും ജെഎൻയു അധ്യാപകനുമായ പ്രൊഫ. സി പി ചന്ദ്രശേഖർ രാജിവച്ചു. രാജ്യത്തിന്റെ സാമ്പത്തികനില സംബന്ധിച്ച വിവരശേഖരണം മെച്ചപ്പെടുത്താൻ രൂപീകരിച്ച സ്റ്റാൻഡിങ്‌ കമ്മിറ്റി ഓൺ സ്റ്റാറ്റിസ്റ്റിക്‌സിൽ (എസ്‌ഇഇഎസ്‌) നിന്നാണ്‌ രാജി.

ജെഎൻയുവിലെ ക്രൂരമായ വിദ്യാർഥിവേട്ടയിലും സ്ഥിതിവിവരക്കണക്കുകൾ പൂഴ്‌ത്തിവയ്‌ക്കാനുള്ള സർക്കാർനീക്കത്തിലും പ്രതിഷേധിച്ചാണ്‌ രാജിയെന്ന്‌ ചന്ദ്രശേഖർ പ്രതികരിച്ചു. ചൊവ്വാഴ്‌ച എസ്‌ഇഇഎസ്‌ പാനലിന്റെ ആദ്യയോഗം ചേരാനിരിക്കെയാണ്‌ രാജി.

സർവകലാശാലാ അധികൃതരും പൊലീസും അധികാരകേന്ദ്രങ്ങളും ആസൂത്രണംചെയ്‌ത വിദ്യാർഥിവേട്ടയാണ്‌ ജെഎൻയുവിൽ അരങ്ങേറിയത്‌.

പെട്ടെന്നുള്ള പ്രകോപനത്തിന്റെ ഭാഗമല്ല വിദ്യാർഥികൾക്കും അധ്യാപകർക്കും നേരെയുണ്ടായ അക്രമം. ജെഎൻയു ഉൾപ്പെടെയുള്ള ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളെ തകർക്കാനുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണിത്‌. ക്രമസമാധാനം നിയന്ത്രിക്കാൻ ചുമതലയുള്ള ഡൽഹി പൊലീസ്‌ എല്ലാത്തിനും മൂകസാക്ഷിയായി.

ആസൂത്രണംചെയ്‌തപോലെ വിദ്യാർഥികളെയും അധ്യാപകരെയും തല്ലിച്ചതച്ചശേഷം സർവകലാശാലാ അധികൃതർ പൊലീസിനെ ക്യാമ്പസിലേക്ക്‌ ക്ഷണിച്ചു.

ജാമിയമിലിയയിലും അലിഗഢിലും സ്വന്തംനിലയ്‌ക്ക്‌ വിദ്യാർഥികളെ തല്ലിച്ചതച്ച പൊലീസ്‌ ജെഎൻയുവിൽ എത്തിയപ്പോൾ മുകളിൽനിന്നുള്ള നിർദേശങ്ങൾക്കായി കാത്തുനിന്നു.

തർക്കിക്കാനും വിയോജിക്കാനും കെൽപ്പുള്ളവരെ ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കുകയാണ്‌ മുമ്പ്‌ ചെയ്‌തിരുന്നത്‌. എന്നാൽ, ഇപ്പോൾ വിയോജിക്കുന്നവരെ നേരിട്ട്‌ അടിച്ചമർത്തുകയാണെന്നും പ്രൊഫ. ചന്ദ്രശേഖർ പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ സ്ഥിതിവിവരശേഖരണത്തിന്റെ നിലവാരം മെച്ചപ്പെടുത്താൻ താൻകൂടി അംഗമായ സമിതിക്ക്‌ സാധിക്കുമോയെന്ന സംശയമുണ്ടെന്ന്‌ രാജിവിവരം അറിയിച്ച്‌ സമിതിക്ക്‌ കൈമാറിയ ഇ–-മെയിൽ സന്ദേശത്തിൽ അദ്ദേഹം ചൂണ്ടിക്കാണിച്ചു.

സമ്പദ്‌ഘടന സംബന്ധിച്ച വിവരശേഖരണത്തിന്‌ ഉത്തരവാദപ്പെട്ടവർക്ക്‌ കടുത്ത രാഷ്ട്രീയസമ്മർദംമൂലം അവരുടെ ജോലി തൃപ്‌തികരമായി നിറവേറ്റാൻ കഴിയുന്നില്ല. ഈ സാഹചര്യത്തിൽ വിവരശേഖരണത്തിന്‌ കൂടുതൽ മെച്ചപ്പെട്ട സംവിധാനമെന്ന ആശയം സാക്ഷാൽക്കരിക്കാനുള്ള സാഹചര്യം നിലവിൽ ഇല്ല–അദ്ദേഹം കൂട്ടിച്ചേർത്തു

സമ്പദ്‌ഘടനയുടെ യഥാർഥസാഹചര്യങ്ങൾ വ്യക്തമാക്കുന്ന സ്ഥിതിവിവരക്കണക്ക്‌ റിപ്പോർട്ടുകൾ കേന്ദ്രസർക്കാർ പൂഴ്‌ത്തിവയ്‌ക്കുന്നുവെന്ന ആക്ഷേപം ശക്തമായിരുന്നു.

റിപ്പോർട്ടുകൾ പൂഴ്‌ത്തിവയ്‌ക്കുന്നതിൽ പ്രതിഷേധിച്ച്‌ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമീഷണനിലെ സ്വതന്ത്രഅംഗങ്ങളായ പി സി മോഹനും ജെ വി മീനാക്ഷിയും രാജിവച്ചു. ഇതേത്തുടർന്നാണ്‌ സ്ഥിതിവിവരശേഖരണം മെച്ചപ്പെടുത്താനുള്ള ശുപാർശകൾ സമർപ്പിക്കാൻ സാമ്പത്തികവിദഗ്‌ധർ അംഗങ്ങളായ പ്രത്യേകസമിതി രൂപീകരിച്ചത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News