രാജ്യത്തെ ഭക്ഷ്യധാന്യ ഉൽപ്പാദനം പകുതിയാകും; ഞെട്ടിക്കുന്ന ഏറ്റുപറച്ചില്‍

ദില്ലി: രാജ്യത്തെ ഭക്ഷ്യധാന്യ ഉൽപ്പാദനം നടപ്പുസാമ്പത്തികവർഷം പകുതിയായി കുറയുമെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സാമ്പത്തികസർവേ.

സമ്പദ്‌വ്യവസ്ഥ കൂട്ടക്കുഴപ്പത്തിലാണെന്ന്‌ അടിവരയിടുന്ന കണക്കുകളാണ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ വച്ച സാമ്പത്തിക സർവേയിലുള്ളത്.

പ്രധാന സാമ്പത്തിക സൂചികകളെല്ലാം പ്രതികൂലമായിട്ടും അടുത്ത സാമ്പത്തിക വർഷം ആറര ശതമാനംവരെ വളർച്ച കൈവരിക്കാനാകുമെന്ന അമിത വിശ്വാസവും കേന്ദ്രം പ്രകടിപ്പിച്ചു.

ജിഡിപി വളർച്ച അഞ്ച്‌ ശതമാനത്തിലൊതുങ്ങുമെന്നാണ് വിലയിരുത്തല്‍. വളര്‍ച്ച തിരിച്ചുപിടിക്കാന്‍ സ്വകാര്യവൽക്കരണം അടക്കമുള്ള സാമ്പത്തികപരിഷ്‌കാരങ്ങൾ തീവ്രമാകുകയാണ് പോംവഴിയെന്നും നിര്‍ദേശിക്കുന്നു.

വ്യവസായം ഇടിഞ്ഞുതന്നെ

വ്യവസായവളർച്ചയിൽ 4.4 ശതമാനത്തിന്റെ ഇടിവ്‌ നടപ്പുവർഷമുണ്ടാകും. ഉൽപ്പന്നനിർമാണ മേഖലയിൽ അഞ്ച്‌ ശതമാനത്തിന്റെ ഇടിവാണ്‌ സംഭവിക്കുക.

ഖനനരംഗത്ത്‌ 0.2 ശതമാനം മാത്രം വളർച്ചയുണ്ടാകും. കെട്ടിടനിർമാണ മേഖലയിൽ 5.6 ശതമാനത്തിന്റെ ഇടിവുണ്ടാകും. സേവനമേഖല 0.7 ശതമാനം ഇടിയും. കാർഷികമേഖലയിലും നെഗറ്റീവ്‌ വളർച്ചയാണ്‌–- മൈനസ്‌ 1.7.

കഴിഞ്ഞ ബജറ്റിൽ നടപ്പുവർഷം ലക്ഷ്യമിട്ട ധനകമ്മി 7.04 ലക്ഷം കോടി (ജിഡിപിയുടെ 3.3 ശതമാനം) ആയിരുന്നു. എന്നാൽ, നടപ്പുവർഷത്തെ ആദ്യ എട്ടുമാസങ്ങൾക്കുള്ളിൽത്തന്നെ ലക്ഷ്യമിട്ടതിന്റെ 114.8 ശതമാനത്തിലേക്ക്‌ ധനകമ്മി എത്തി.

ഭക്ഷ്യധാന്യവില ഉയരും

ഭക്ഷ്യധാന്യ ഉൽപ്പാദനം 2018–-19 വർഷം 285 ദശലക്ഷം ടണ്ണായിരുന്നത്‌ നടപ്പുവർഷം 140.6 ദശലക്ഷം ടണ്ണായി കുറയും. ഭക്ഷ്യധാന്യവിലയിലും പണപ്പെരുപ്പത്തിലും സമീപഭാവിയില്‍ വലിയ വർധനയുണ്ടാകും.

നടപ്പുവർഷം രണ്ടാംപാദത്തിൽ കയറ്റുമതിയിലും ഇറക്കുമതിയിലും വളര്‍ച്ച താഴോട്ടായി. ധനകമ്മി കഴിഞ്ഞ ബജറ്റിൽ ലക്ഷ്യമിട്ടതിനേക്കാൾ 14.8 ശതമാനം അപ്പുറത്തേക്ക്‌ നടപ്പുവർഷം ആദ്യ എട്ട്‌ മാസത്തിനുള്ളിൽത്തന്നെ കടന്നു.

നികുതിവരുമാനത്തിൽ 25 ശതമാനം വളർച്ച ലക്ഷ്യമിട്ടെങ്കിലും ഉണ്ടായത് 2.6 ശതമാനം വളര്‍ച്ചമാത്രം. പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടത്തിന്റെ തോത്‌ നടപ്പുവർഷം ഏപ്രിൽ–- സെപ്‌തംബർ കാലയളവിൽ 9.3 ശതമാനമായി തുടരുന്നു.

2018–-19 വർഷത്തിൽ 5.07 ലക്ഷം കോടി രൂപ വായ്‌പയായി നൽകിയ സ്ഥാനത്ത്‌ 2019–-20 വർഷത്തിൽ നല്കിയത് 89000 കോടി രൂപ മാത്രം.

നടപ്പുവർഷം ആദ്യപകുതിയിൽ പണപ്പെരുപ്പം 3.3 ശതമാനം മാത്രമായിരുന്നെങ്കിലും 2019 ഡിസംബറിൽ ഇത്‌ 7.4 ശതമാനമായി കുതിച്ചുയർന്നു.

കൃഷിവിഹിതം ഇടിയുന്നു

രാജ്യത്തിന്റെ ആകെ വരുമാനത്തിൽ കാർഷികമേഖലയ്‌ക്കുള്ള വിഹിതം തുടർച്ചയായി ഇടിയുന്നതായി സാമ്പത്തികസർവേ.

അഞ്ചുവർഷത്തിനിടെ ദേശീയവരുമാനത്തിലെ കാർഷികമേഖലയുടെ വിഹിതത്തിൽ 1.7 ശതമാനത്തിന്റെ ഇടിവുണ്ടായി. 2014–-15 വർഷത്തിൽ 18.2 ശതമാനമായിരുന്ന വിഹിതം 2019–-20 വർഷത്തിൽ 16.5 ശതമാനമായി ഇടിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News