കുളത്തൂപ്പുഴയില്‍ കണ്ടെത്തിയ വൈദ്യുതബില്ല് തമിഴ്‌നാട്ടിലെ കോഴി ഫാമിന്റേതെന്ന് അന്വേഷണസംഘം; ഉടമയെ ചോദ്യം ചെയ്തു

കൊല്ലം കുളത്തൂപ്പുഴയില്‍ പാകിസ്ഥാന്‍ നിര്‍മിത വെടിയുണ്ടയ്‌ക്കൊപ്പം കണ്ടെത്തിയ വൈദ്യുതബില്ല് തമിഴ്‌നാട്ടിലെ കോഴി ഫാമിന്റേതെന്ന് അന്വേഷണസംഘം കണ്ടെത്തി. കോഴി ഫാം ഉടമയെ തീവ്രവാദവിരുദ്ധ സ്ക്വാഡ് ചോദ്യം ചെയ്തു. ഈ മാസം നാലാം തിയതിയ്ക്ക് ശേഷമാണ് വെടിയുണ്ടകള്‍ കൊണ്ടുവന്നുവെച്ചതെന്നും സ്ഥിരീകരണം. തമിഴ്‌നാട് ക്യൂബ്രാഞ്ചും കേരള പൊലീസിനൊപ്പം അന്വേഷണം ആരംഭിച്ചു.

കുളത്തൂപ്പുഴയില്‍ പാകിസ്ഥാന്‍ നിര്‍മിത വെടിയുണ്ടയുടെ സമീപത്ത് നിന്ന് തമിഴ്‌നാട് വൈദ്യുത ബോര്‍ഡിന്റെ ബില്ലും കണ്ടെത്തിയിരുന്നു. ഇതിനെ കേന്ദ്രീകരിച്ചുളള അന്വേഷണത്തിലാണ് ബില്ല് കോഴി ഫാമിന്റേതാണെന്ന് വ്യക്തമായത്. കോഴി ഫാം ഉടമയായ തമിഴ്‌നാട് സ്വദേശിയും കുളത്തുപ്പുഴയിൽ താമസിക്കുന്ന യുവാവിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്ത് വിട്ടയച്ചു.

ഈ മാസം നാലാം തിയതിയ്ക്ക് ശേഷമാണ് വെടിയുണ്ടകള്‍ മുപ്പതടിപാലത്തിനു സമീപം കൊണ്ടുവന്ന് വെച്ചതെന്നും അന്വേഷണസംഘം ഉറപ്പിച്ചു. നാലാം തിയതിയാണ് റോഡിന്റെ വീടിക്കൂട്ടുന്നതിനായി പ്രദേശത്ത് മണ്ണ് നിരത്തിയത്. നാലാം തിയതിയ്ക്ക് മുമ്പാണ് വെടിയുണ്ടകള്‍ കൊണ്ടുവന്നുവെച്ചതെങ്കില്‍ അവ മണ്ണിനടയില്‍ അകപ്പെട്ടേനെ. പ്രദേശത്ത് മണ്ണ് നിക്ഷേപിച്ച,കരാറുകാർ, ലോറി ഡ്രൈവർ എന്നിവരിൽ നിന്ന് അന്വേഷണസംഘം മൊഴിയെടുത്തു.

കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധപ്രദേശങ്ങളില്‍ നിന്നും തമിഴ്‌നാട്ടിലെ ചില സ്ഥലങ്ങളില്‍ നിന്നുമുള്ള സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിച്ചു. ഇവ വിശദമായി പരിശോധിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ തെക്കന്‍ കേരളത്തിലുണ്ടായ സമാന സംഭവങ്ങളുടെ വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.

തമിഴ്‌നാട് ക്യൂബ്രാഞ്ചും കേരള പൊലീസിനൊപ്പം അന്വേഷണം ആരംഭിച്ചു. കളിയ്ക്കാവിളയില്‍ എ.എസ്.ഐ വെടിയേറ്റു മരിച്ച സംഭവമടക്കം അന്വേഷണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇന്നലെ വൈകിട്ട് അന്വേഷണസംഘത്തലന്റെ നേതൃത്വത്തില്‍ രണ്ടര മണിക്കൂറോളം കുളത്തൂപ്പുഴയില്‍ അവലോകനയോഗം ചേര്‍ന്നു. അന്വേഷണം ശരിയായ ദിശയിലാണെന്നും പ്രതികളിലേക്ക് എത്താനുള്ള സൂചനകള്‍ ലഭിച്ചെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News