റെയില്‍വേ സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കണം: കെ കെ രാഗേഷ്

ദില്ലി: റെയില്‍വേ സ്വകാര്യവല്‍ക്കരണ നീക്കം ജനവിരുദ്ധവും ദേശവിരുദ്ധവുമായ നടപടിയാണ്. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയുടെ എഞ്ചിനാണ് റെയില്‍വേ എന്ന് പ്രധാനമന്ത്രി ഒരു ഭാഗത്ത് വിശദീകരിക്കുമ്പോള്‍ മറുഭാഗത്ത് ആ എഞ്ചിന്‍ വില്‍ക്കുന്നതിനുള്ള നീക്കമാണ് നടത്തുന്നത്.

ഇന്ത്യന്‍ റെയില്‍വേ രാജ്യത്തിന്റെ ഐക്യത്തിന്റെയും സമന്വയത്തിന്റെയും പ്രതീകമാണ്. ക്യാന്‍സലേഷന്‍ ചാര്‍ജ്ജുള്‍പ്പെടെ വര്‍ദ്ധിപ്പിച്ച് യാത്രാനിരക്ക് വളഞ്ഞവഴിയിലൂടെ പലതവണ വര്‍ദ്ധിപ്പിച്ചെങ്കിലും ഇപ്പോഴും സാധാരണക്കാരയ ജനങ്ങള്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്ന സംവിധാനമാണ് റെയില്‍വേ.

സംവിധാനമാകെ ആധുനികവല്‍ക്കരിക്കേണ്ടതും കാലാനുസൃതമാക്കാനുമുള്ള ഉത്തരവാദിത്തം സര്‍ക്കാറിനാണ്. എന്നാല്‍ ഇത് ചെയ്യാതെ റെയില്‍വേ സംവിധാനമാകെ ഘട്ടംഘട്ടമായി സ്വകാര്യമേഖലയെ ഏല്‍പിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതമാണുണ്ടാക്കുക. 150 ട്രെയിനുകള്‍ സ്വകാര്യമേഖലയെ ഏല്‍പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.

രാജധാനി-ശതാബ്ദി ട്രെയിനുകളും സ്വകാര്യവല്‍ക്കരിക്കാനാണ് നീക്കം. വന്‍ നഗരങ്ങളിലേക്കുള്ളതും സുപ്രധാന റൂട്ടുകളും സ്വകാര്യവല്‍ക്കരിക്കുന്നതിനും തീരുമാനിച്ചിരിക്കുന്നു. ഘട്ടംഘട്ടമായുള്ള സമ്പൂര്‍ണ്ണ സ്വകാര്യവല്‍ക്കരണമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് വ്യക്തം.

സ്വകാര്യവല്‍ക്കരണത്തോടെ സംവരണമാകെ അട്ടിമറിക്കപ്പെടും. മുതിര്‍ന്ന പൗരന്മാര്‍ക്കും, വികലാംഗര്‍ക്കും മറ്റും നല്‍കിവരുന്ന ഇളവുകള്‍ ഇല്ലാതാകും. അനിയന്ത്രിതമായ ചാര്‍ജ്ജ് വര്‍ദ്ധനയിലൂടെ ജനങ്ങളെ കൊള്ളയടിക്കാന്‍ ഇതുവഴിയൊരുക്കും. ലോകത്തില്‍ തന്നെ ഏറ്റവും മെച്ചപ്പെട്ട റെയില്‍വേ സംവിധാനം പൊതുമേഖലയിലാണുള്ളത്.

ബ്രിട്ടനില്‍ റെയില്‍വേ സ്വകാര്യവല്‍ക്കരണം ഉപേക്ഷിച്ച് ദേശസാല്‍ക്കരിക്കുന്നതിനുള്ള നീക്കമാണ് നടക്കുന്നത്. ഇതില്‍ നിന്നൊന്നും പഠിക്കാതെ ഇതര രംഗങ്ങളെയെന്നപോലെ റെയില്‍വേയും വില്‍ക്കാനാണ് കേന്ദ്രനീക്കം.

കേരളത്തോട് ബിജെപി സര്‍ക്കാര്‍ കടുത്ത വിവേചനമാണ് കാണിക്കുന്നത്. സംസ്ഥാനത്തിന് പുതിയ ട്രെയിനുകളൊന്നും അനുവദിക്കുന്നില്ല. നിലവിലുള്ള ട്രെയിനുകളിലാകട്ടെ പഴകിദ്രവിച്ച ബോഗികളാണുള്ളത്.

മറ്റിടങ്ങളിലെ ഉപയോഗിച്ച് കാലഹരണപ്പെട്ട ബോഗികള്‍ ഡംപ് ചെയ്യാനുള്ള ഇടമായി കേരളത്തെ മാറ്റുകയാണ്. വാഗ്ദാനം ചെയ്ത കോച്ച് ഫാക്ടറി ഉപേക്ഷിച്ചു. നേരത്തെ പ്രഖ്യാപിച്ച മൂന്നാം പാതയും ഉപേക്ഷിച്ച മട്ടാണ്. തലശ്ശേരി-മൈസൂര്‍ റെയില്‍പാത യാഥാര്‍ത്ഥ്യമാക്കാന്‍ താല്‍പര്യമെടുക്കുന്നില്ല.

രാജധാനി ട്രെയിന്‍ എല്ലാ ദിവസവുമാക്കുക, മെമു സര്‍വ്വീസ് ആരംഭിക്കുക തുടങ്ങിയ പുതിയ ആവശ്യങ്ങളോടൊന്നും അനുകൂല തീരുമാനമുണ്ടാക്കുന്നില്ല. മുഖ്യമന്ത്രി തന്നെ പലതവണ കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തി. കേരളത്തിന് അവകാശപ്പെട്ട റെയില്‍വേ വികസനത്തോട് മുഖംതിരിക്കുന്ന നിലപാടില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel