പാകിസ്ഥാനില്‍ പിടിഎം നേതാവ് ആരിഫ് വസീര്‍ വെടിയേറ്റ് മരിച്ചു

ഇസ്‌ലാമാബാദ്: പാകിസ്താനിലെ പസ്തുണ്‍ തഹാഫസ് മൂവ്‌മെന്റ് (പിടിഎം) നേതാവ് ആരിഫ് വസീര്‍ വെടിയേറ്റ് മരിച്ചു.

വെള്ളിയാഴ്ച രാത്രിയില്‍ വാനയിലെ വീടിന് സമീപത്ത് വെച്ച് അജ്ഞാതരായ തോക്കുധാരികളാണ് ആരിഫിന് നേരെ വെടിയുതിര്‍ത്തത്. ഖൈബര്‍ -പഖ്തൂന്‍ഖ്വ പ്രവിശ്യയിലെ തെക്കന്‍ വസീറിസ്താന്‍ ജില്ലയിലാണ് സംഭവം.

വെടിയേറ്റ ഉടന്‍ തന്നെ വസീറിനെ സമീപത്തെ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഇസ്‌ലാമാബാദിലെ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. ജയിലിലായിരുന്ന വസീര്‍ കഴിഞ്ഞ മാസമാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. 2017ല്‍ വസീറിന്റെ കുടുംബത്തിലെ ഏഴംഗങ്ങള്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

പാകിസ്ഥാന്‍ ദേശീയ അസംബ്ലി അംഗമായ അലി വസീറിന്റെ സഹോദരന്‍ കൂടിയാണ് ആരിഫ്. ഇടതുപക്ഷ, സ്വതന്ത്ര മാര്‍ക്സിസ്റ്റ് കൂടിയായ അലിയുടെ തെരഞ്ഞെടുപ്പ് വിജയം വലിയ മാറ്റത്തിന് വഴിയൊരുക്കിയിരുന്നു. പാകിസ്ഥാന്‍ ദേശീയ അസംബ്ലിയിലേക്ക് ആദിവാസി മേഖലയില്‍നിന്നാണ് അലി തെരഞ്ഞെടുക്കപ്പെട്ടത് ‘ദ സ്ട്രഗിളിന്റെ’ കേന്ദ്ര കമ്മിറ്റി അംഗമാണ്.

അന്ന് അലി വസിറിന് 23530 വോട്ട് ലഭിച്ചപ്പോള്‍ തൊട്ടടുത്ത മതപാര്‍ടി സംഘടനകളുടെ സഖ്യ(എംഎംഎ) സ്ഥാനാര്‍ഥിക്ക് 7515 വോട്ടാണ് ലഭിച്ചത്. അലി വസിറിന്റെ ഭൂരിപക്ഷം 16015. പസ്തുണ്‍ തഹാഫസ് പ്രസ്ഥാന(പിടിഎം)ത്തിന്റെ നേതാവുകൂടിയാണ് അലി വസിര്‍.

അലി വസിര്‍ ജയിലിലായിരിക്കെ 2005ലാണ് ഭീകരാക്രമണത്തില്‍ അച്ഛനും രണ്ട് സഹോദരന്മാരും ഒരമ്മാവനും കൊല്ലപ്പെട്ടത്. കൊളോണിയല്‍കാല നിയമമായ അതിര്‍ത്തി കുറ്റകൃത്യ നിയന്ത്രണ നിയമമനുസരിച്ചായിരുന്നു അലി വസിര്‍ ജയിലിടയ്ക്കപ്പെട്ടത്.

മേഖലയില്‍ എന്ത് കുറ്റകൃത്യമുണ്ടായാലും ആ പ്രദേശത്തെ മുഴുവനാളുകളെയും ഗോത്രക്കാരെയും കുറ്റക്കാരായി കണ്ട് ജയിലിലടയ്ക്കാനാണ് ഈ നിയമം ഉപയോഗിച്ചിരുന്നത്. അലി വസിര്‍ ഒരു കുറ്റവും ചെയ്തിരുന്നില്ല. കുടുംബാംഗങ്ങളുടെ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍പോലും അലി വസിറിനെ അനുവദിച്ചില്ല.

തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കുടംബത്തിലെ ആറുപേര്‍കൂടി കൊല്ലപ്പെട്ടു. മൊത്തം 16 കുടുംബാംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഇതിലൊന്നിലും അന്വേഷണം നടത്തുകയോ ആരെയെങ്കിലും ശിക്ഷിക്കുകയോ ഉണ്ടായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News