കോൺഗ്രസിൽ പോര്: നാടകം കളിക്ക് ഡിസിസിയെ ഉപയോഗിക്കേണ്ടെന്ന് നേതാക്കൾ; പ്രതാപൻ-അനിൽ അക്കര സമരത്തെ പിന്തുണച്ച മുൻ എംഎൽഎയുടെ സമരവേദി മാറ്റി

പ്രവാസികളെ സന്ദർശിച്ച മന്ത്രി എ.സി.മൊയ്തീന് ക്വാറന്റീൻ വേണ്ടെന്ന മെഡിക്കൽ ബോർഡ് തീരുമാനത്തിൽ പ്രതിഷേധിച്ച് ടി.എൻ പ്രതാപൻ എം.പിയും അനിൽ അക്കര എം.എൽ.എയും പ്രഖ്യാപിച്ച ഉപവാസ സത്യാഗ്രഹ സമരത്തിനെതിരെ കോൺഗ്രസിൽ പ്രതിഷേധം.

മുതിർന്ന നേതാക്കൾ തന്നെ എതിർപ്പുമായി രംഗത്തെത്തി. മെഡിക്കൽ ബോർഡ് തീരുമാനത്തിൽ പ്രതിഷേധിച്ച് എം.പിയും എം.എൽ.എയും നടത്തുന്ന ഉപവാസ സത്യാഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുൻ എം.എൽ.എ എം.പി വിൻസെന്റിന്റെ നേതൃത്വത്തിൽ ഡിസിസി ഓഫീസിൽ ഗാന്ധി പ്രതിമക്ക് മുന്നിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ സത്യാഗ്രഹം നടത്താൻ തീരുമാനിച്ചിരുന്നു.

നേതാക്കളുടെ എതിർപ്പിനെ തുടർന്ന് സമര വേദി കളക്ട്രേറ്റിന്‌ മുന്നിലേക്ക് മാറ്റി. എം.പി വിൻസെന്റിന് പുറമെ, മുൻ മേയർമാരായ ഐ.പി.പോൾ, രാജൻ.ജെ.പല്ലൻ, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമാരായ കെ.വി.ദാസൻ, സി.സി. ശ്രീകുമാർ എന്നിവരാണ് കളക്ട്രേറ്റിന് മുൻപിൽ സത്യാഗ്രഹം നടത്തുന്നത്.

പാർട്ടി നേതൃത്വം അറിയാതെ ആയിരുന്നു ഈ പിന്തുണ സമരം. ഡിസിസി ഓഫിസിൽ ഈ പരിപാടി നടക്കില്ലെന്ന് നേതാക്കൾ അറിയിച്ചതോടെ ഇന്ന് രാവിലെ സമരം വേദി മാറ്റുകയായിരുന്നു.

പാർട്ടി നേതാക്കളുമായി ചർച്ച നടത്താതെ പരിപാടികൾ സംഘടിപ്പിക്കുന്നതിൽ നേതാക്കൾ സംസ്ഥാന നേതൃത്വത്തെ ധരിപ്പിച്ചു. വാളയാർ വിഷയം നാണക്കേട് ഉണ്ടാക്കിയെന്നാണ് നേതാക്കൾ പറയുന്നത്.

ഇതിലെ പരാജയത്തെ മറക്കാൻ വീണ്ടും വീണ്ടും ഓരോ നാടകങ്ങൾ ഇറക്കുകയാണെന്നും ഇതിലേക്ക് പാർട്ടിയെ വലിച്ചിഴക്കുന്നുവെന്നും വിമർശിക്കുന്നു.

പാർട്ടി തീരുമാനത്തിന് പകരമായി വ്യക്തികൾ തീരുമാനിച്ചു പാർട്ടി നടപ്പിലാക്കുന്ന സാഹചര്യമാണ്. ഇത് അനുവദിക്കാനാവില്ലെന്ന് നേതാക്കൾ പറയുന്നു. അമർഷം ഉള്ളിലൊതുക്കിയിരുന്ന നേതാക്കൾ ഇന്നലെയാണ് ഇത് പരസ്യമാക്കി രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News