അഞ്ചല്‍ കൊലപാതകം; വിചിത്രമായ രീതി സംസ്ഥാനത്ത് ആദ്യം

കൊല്ലം അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ചസംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഉത്രയെ മൂര്‍ഖന്‍ പാമ്പിനെ കൊണ്ട ഭര്‍ത്താവ് സൂരജ് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഭര്‍ത്താവ് സൂരജും പാമ്പിനെ എത്തിച്ചു നല്‍കിയ കല്ലുവാതുക്കല്‍ സ്വദേശി സുരേഷും അറസ്റ്റിലായി. വിചിത്രമായ കൊലപാതക രീതി സംസ്ഥാനത്തിതാദ്യം.

മെയ് ഏഴിനാണ് ഉത്രയെ വീട്ടിനുള്ളില്‍ പാമ്പുകടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ അസ്വാഭാവികത തോന്നിയ രക്ഷിതാക്കള്‍ കൊല്ലം റൂറല്‍ എസ്.പി ഹരിശങ്കറിന് പരാതി നല്‍കി. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി അശോകിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവ് സൂരജാണ് പ്രതിയെന്ന് വ്യക്തമായി.

കല്ലുവാതുക്കല്‍ സ്വദേശിയായ പാമ്പ് പിടുത്തക്കാരനില്‍ നിന്ന് പതിനായിരം രൂപയ്ക്ക് വാങ്ങിയ പാമ്പിനെ ഉപയോഗിച്ചാണ് സൂരജ് ഉത്തരയെ കൊലപ്പെടുത്തിയത്. ആദ്യം വാങ്ങിയ അണലിയെ ഉപയോഗിച്ച് ഉത്രയെ കടിപ്പിച്ചു. മരണം സംഭവിച്ചില്ല. പിന്നീട് വിഷം കൂടിയ മൂര്‍ഖനെ വാങ്ങി.

മെയ് ആറിന് ഉത്രയുടെ വീട്ടില്‍ പാമ്പുമായി എത്തി. ഏഴിന് രാത്രി പാമ്പിനെ ഉത്രയുടെ ശരീരത്തിലേക്ക് എറിഞ്ഞു. രണ്ട് തവണ മൂര്‍ഖന്‍ കടിച്ചു. ഉടന്‍ തന്നെ ഉത്ര മരണത്തിനു കീഴടങ്ങി. പാമ്പ് കടിക്കുന്നതും ഉത്ര മരിക്കുന്നതും സൂരജ് നേരിട്ട് കണ്ടു.

പാമ്പ് പിടുത്തക്കാരന്‍ സുരേഷും സൂരജും തമ്മിലുള്ള ബന്ധം സൈബര്‍ സെല്‍ കണ്ടെത്തി. പാമ്പിനെ നല്‍കിയത് സുരേഷ് നിഷേധിച്ചെങ്കിലും, തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. വന്യജീവി നിയമപ്രാകാരവും ഇരുവര്‍ക്കുമെതിരെ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കൊലപാതകത്തില്‍ കൂടുതല്‍പ്പേര്‍ക്ക് പങ്കുണ്ടോയെന്ന അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ച്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News