സ്വര്‍ണ്ണം തേടി മനുഷ്യന്റെ അടങ്ങാത്ത യാത്രകള്‍; വയനാടിന്റെ സ്വര്‍ണ്ണ ചരിത്രം പറഞ്ഞ് സിനിമ; തരിയോട് ദ ലോസ്റ്റ് സിറ്റി! ഇതിഹാസ നടന്‍ റോജര്‍ വാര്‍ഡും സിനിമയില്‍

സ്വര്‍ണ്ണം തേടിപ്പോവുന്ന മനുഷ്യരുടെ ത്രസിപ്പിക്കുന്ന ലോക കഥകള്‍ നമ്മളെത്ര കേട്ടിട്ടുണ്ട്. നിഗൂഢമായ ദ്വീപിലേക്കും മറ്റുമുള്ള മനുഷ്യരുടെ അടങ്ങാത്ത യാത്രകള്‍.വയനാടിനും അതിലൊരിടമുണ്ടെന്നാണ് ചരിത്രം.

മലബാറില്‍ പ്രത്യേകിച്ച് വയനാട് തരിയോടിന്റെ ചരിത്രം സൂക്ഷിച്ച ആ കഥകള്‍ സിനിമയാവുകയാണ്. അതും ലോകസിനിമയില്‍!

സ്റ്റോണ്, ദ മാന്‍ ഫ്രം ഹോങ്കോങ്, ഐറിഷ് മാന്‍, മാഡ് മാക്‌സ്, ബോര്‍ തുടങ്ങിയ സിനിമകളിലെ ഇതിഹാസ ഓസ്‌ട്രേലിയന്‍ നടന്‍ ആദ്യമായി ഇന്ത്യന്‍ സിനിമയിലെത്തുകയാണ് ഈ ചിത്രത്തിലൂടെ.സാക്ഷാല്‍ റോജര്‍ വാര്‍ഡ് സിനിമയില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇദ്ധേഹമാണ്.

ചില്ലറ കഥയല്ല തരിയോടിന് പറയാനുള്ളത് എന്ന് സാരം.പത്തൊന്‍പതാം നൂറ്റാണ്ടിലെ മലബാറില്‍ പ്രത്യേകിച്ച് വയനാട് തരിയോടില്‍ ഉള്‍പ്പെടെ നടന്ന സ്വര്‍ണ്ണഖനനങ്ങളുടെ അതിശയ കഥകളാണ് സിനിമയിലെന്നാണ് സൂചന.

ബാണാസുര ജലസേചനപദ്ധതിക്ക് വേണ്ടി പിന്നീട് ഒഴിപ്പിക്കപ്പെട്ട ഒരു ഗ്രാമമാണിന്ന് തരിയോട്. അതെ നഷ്ടപ്പെട്ട നഗരം!.ഒരു പക്ഷേ അതില്ലായിരുന്നുവെങ്കില്‍ ഇന്ന് വയനാട്ടിലെ പ്രധാന നഗരമായി മാറുമായിരുന്നു തരിയോട്.ചരിത്രത്തില്‍ അത്രയും പ്രാധാന്യം ബ്രിട്ടീഷ് കാലഘട്ടത്തിലും അതിന് ശേഷവും മുന്‍പുമെല്ലാം തരിയോടിനുണ്ടായിരുന്നു.

ബ്രിട്ടീഷ് അധിനിവേശ കാലത്തെ ഒട്ടേറെ മണ്മറഞ്ഞ കഥകളും പുറത്തെത്താനാവാതെ ഈ ഭൂമിയിലുറങ്ങുന്നുണ്ട്. തദ്ദേശീയരും വിദേശികളും കഥകള്‍ക്ക് പിന്നാലെയെത്തിയ സ്വര്‍ണ്ണഭൂമിയായിരുന്നു ഇവിടം.അരിച്ചെടുത്ത നിരാശയും പോരാട്ടങ്ങളും കൊണ്ടുള്ള പഴമക്കാരുടെ കഥകളിലുണ്ട് അതിന്റെ അയിരുകള്‍.

തരിയോട് എന്ന ഡോക്യുമെന്ററിയുടെ സംവിധായകന്‍ നിര്‍മ്മല്‍ ബേബി വര്‍ഗ്ഗീസാണ് ‘തരിയോട് ദ ലോസ്റ്റ് സിറ്റി’ യുടെ സംവിധാനം. നിരവധി അന്താരാഷ്ട്ര പ്രദര്‍ശ്ശനങ്ങളില്‍ ഇതിനകം സ്ഥാനം നേടിയ ഡോക്യുമെന്ററിയാണ് ‘തരിയോട്’.

2022 ല്‍ ചിത്രീകരണം തുടങ്ങാനുദ്ദേശിക്കുന്ന സിനിമ മലയാളത്തിനും ഇംഗ്ലീഷിനും പുറമെ രാജ്യത്തെ മറ്റു പ്രധാന ഭാഷകളിലും പുറത്തിറങ്ങും. ഒട്ടേറെ ഹോളിവുഡ് നടന്മാരെയും ചിത്രത്തില്‍ പ്രതീക്ഷിക്കാം.

ബില്‍ ഹച്ചന്‍സ്, ലൂയിംഗ് ആന്‍ഡ്രൂസ്, അലക്‌സ് ഓ നെല്‍, കോര്‍ട്ട്‌നി സനെല്ലോ, അമേലി ലെറോയ്, ബ്രണ്ടന്‍!ബൈര്‍ണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വിദേശ അഭിനേതാക്കള്‍ എന്ന് സംവിധായകന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ഒരു ചരിത്ര ത്രില്ലറായിരിക്കും സിനിമയെന്ന് സംവിധായകന്‍ നിര്‍മ്മല്‍ ബേബി കൈരളി ന്യൂസിനോട് പറഞ്ഞു. പ്രൊഡക്ഷനുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും വയനാട് സ്വദേശികൂടിയായ നിര്‍മല്‍ പറയുന്നു.’വഴിയേ’ ‘മാറ്റം’ എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ കൂടിയാണ് നിര്‍മല്‍.

വയനാട് എന്ന ഒട്ടേറെ ചരിത്രസംഭവങ്ങളുടെ ഭൂമിയിലെ മറ്റൊരു വസ്തുതാന്വേഷണം കൂടിയായിരിക്കും തരിയോട് ദ ലോസ്റ്റ് സിറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News