കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ലോകത്ത് ആറുലക്ഷം കവിഞ്ഞു. ശനിയാഴ്ച രാത്രിയാണ് മരണസംഖ്യ ആറ് ലക്ഷത്തിലധികമായത്.
ഞായറാഴ്‌ച രാത്രി 10വരെ ആകെ മരണസംഖ്യ 606748. ജൂൺ അവസാനമാണ് ലോകത്ത് രോഗബാധിതർ ഒരു കോടി കടന്നത്. മൂന്നാഴ്ച തികയുംമുമ്പ് അതിൽ 45ശതമാനം വർധനയുണ്ടായി.
രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം ഞായറാഴ്‌ച 1.45 കോടികടന്നു. ശനിയാഴ്ചയാണ് ഏറ്റവും കൂടുതൽ രോഗം റിപ്പോർട്ട് ചെയ്ത ദിവസമെന്ന് ലോകാരോഗ്യ സംഘടനാ അറിയിച്ചു. 2,59,848 പേർക്ക് രോഗം കണ്ടെത്തി.
ഏറ്റവും കൂടുതൽ രോഗികളുള്ള രാജ്യങ്ങളിൽ ദക്ഷിണാഫ്രിക്ക അഞ്ചാമതെത്തി . 350,879 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ആഫ്രിക്കൻ വൻകരയിലെ പകുതിയോളം വരുമിത്. അഞ്ചാമതായിരുന്ന പെറു ആറാംസ്ഥാനത്തായി.
അമേരിക്കയിൽ രോഗം കണ്ടെത്തിയവരുടെ എണ്ണം 39 ലക്ഷമായി. അമേരിക്കയിൽ 18 സംസ്ഥാനം റെഡ് സോണാണ്. ടെക്‌സസിൽ ഫെഡറൽ ജയിലിലെ 1798 തടവുകാരിൽ 1072 പേർക്കും രോഗം സ്ഥിരീകരിച്ചു.
● ആഫ്രിക്കയിൽ 10,000 ആരോഗ്യപ്രവർത്തകർക്ക് രോഗം
● ബ്രസീലിൽ രോഗികൾ 21 ലക്ഷം കടന്നു. 2021ഓടെ മരണം രണ്ടുലക്ഷം കടക്കുമെന്ന് ഗവേഷകൻ ദിമസ് കൊവാസ്.
● മെക്സിക്കോയിൽ മരണം നാൽപ്പതിനായിരത്തോട് അടുത്തു.
● ചൈനയിലെ ഉറുംക്വിയിൽ ഞായറാഴ്ച 13 പുതിയ രോഗികൾ. 30 പേർക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചു.
● ബംഗ്ലാദേശിൽ രോഗികളുടെ എണ്ണം രണ്ടു ലക്ഷം കടന്നു.
● ഇറാനിൽ 2.5 കോടി ജനങ്ങൾക്ക് രോഗം ബാധിക്കുമെന്ന് പ്രസിഡന്റ് ഹസ്സൻ റുഹാനി. നിലവിൽ 2,70,000 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
Get real time update about this post categories directly on your device, subscribe now.