മുംബൈയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം; കണക്കുകള്‍ ആശങ്കപ്പെടുത്തുന്നത്

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലെ ഘട്ടം ഘട്ടമായ ഇളവുകളെ തുടര്‍ന്ന് മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും രോഗ വ്യാപനത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

എന്നാല്‍ കൂടുതല്‍ കേസുകള്‍ക്ക് കാരണമായിരിക്കുന്നത് നഗരത്തോട് ചേര്‍ന്നുള്ള വാരാന്ത്യ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ചിലവഴിച്ചവരില്‍ നിന്നാണെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. നഗരവാസികള്‍ എത്ര ലാഘവത്തോടെയാണ് പാന്‍ഡെമിക് ഭീഷണിയെ കാണുന്നതെന്ന വസ്തുതക്കാണ് ഇതെല്ലം വിരല്‍ ചൂണ്ടുന്നത്.

നഗരത്തില്‍ കൊവിഡുമായി ബന്ധപ്പെട്ട 8,372 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും ജനങ്ങള്‍ക്ക് ജാഗ്രതയില്ലെന്നതാണ് ആരോഗ്യ മേഖലക്കും തലവേദനയാകുന്നത്. ഒരു മാസം മുന്‍പ് ദിവസത്തില്‍ 600 – 700 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത നഗരമാണ് കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി രണ്ടായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 5 ദിവസം കൊണ്ട് ഒരു ലക്ഷത്തിലധികം രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 12 ലക്ഷത്തിലേക്ക് കടക്കുകയാണ്.

നഗരത്തിലെ ആശുപത്രികളില്‍ ഐ സി യു കിടക്കകളുടെ അഭാവമാണ് മറ്റൊരു വെല്ലുവിളി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി പുതുതായി പണി കഴിപ്പിച്ച കോവിഡ് കെയര്‍ സെന്ററുകളിലായി ഏഴായിരത്തോളം കിടക്കകള്‍ ഉണ്ടെങ്കിലും ഇവിടെയൊന്നും അത്യാഹിത വിഭാഗങ്ങളില്ലെന്നതും രോഗികളെ പരിചരിക്കാന്‍ വേണ്ട ആരോഗ്യ പ്രവര്‍ത്തകരില്ലെന്നതും പ്രതിസന്ധിയാണ്.

സമൂഹ വ്യാപനം നടന്നു കൊണ്ടിരിക്കുകയാണെന്നും അതിനാല്‍, മരണത്തിന്റെ എണ്ണം നിയന്ത്രിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് നഗരത്തിലെ ആരോഗ്യ പ്രവര്‍ത്തകരെന്നുമാണ് അധികൃതര്‍ പറയുന്നത്.

അനാവശ്യ യാത്രകളില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കാന്‍ കര്‍ശന നടപടിയെടുക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ഫലപ്രദമായ നടപടികള്‍ ഇനിയും ഉണ്ടായിട്ടില്ലെന്ന പരാതികളും നില നില്‍ക്കുന്നുണ്ട്.

ഉദാഹരണത്തിന്, മുംബൈയില്‍ നിന്ന് 83 കിലോമീറ്റര്‍ അകലെയുള്ള ജനപ്രിയ ഹില്‍സ്റ്റേഷനായ ലോനാവാലയില്‍ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചതിന് ഇതുവരെ 1,650 കേസുകളാണ് എടുത്തിരിക്കുന്നത്. എന്നിട്ടും ജൂണ്‍ 1 മുതല്‍ വിനോദ സഞ്ചാരികളില്‍ വലിയ വര്‍ധനവാണ് ഈ പ്രദേശങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സമാനമായ വിവരങ്ങളാണ് ഇതര വിനോദ കേന്ദ്രങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചതിന് ഇക്കഴിഞ്ഞ ദിവസം മുംബൈയില്‍ 2,283 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. രോഗവ്യാപനം ഗുരുതരാവസ്ഥയില്‍ തുടരുന്ന നഗരത്തില്‍ ഇത്തരം കേസുകളുടെ എണ്ണം ഇത് വരെ 180,668 ല്‍ എത്തി നില്‍ക്കുകയാണ്.

ലോക്ക് ഡൌണ്‍ ഇളവുകള്‍ വന്നതിന് ശേഷം ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരുടെ കണക്കനുസരിച്ചു ഈ മാസം ആദ്യം മുതല്‍ കേസുകളുടെ എണ്ണത്തില്‍ വലിയ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്.

വീട്ടില്‍ അടച്ചിരിക്കാന്‍ താല്‍പ്പര്യമില്ലാത്തവരാണ് അനാവശ്യമായി പുറത്ത് കറങ്ങി നടന്ന് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്കായി പുറത്ത് പോകേണ്ട ആളുകള്‍ക്ക് പോലും ബുദ്ധിമുട്ടുണ്ടാക്കുന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും പലരും മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യുന്നില അധികൃതര്‍ പറയുന്നു.

കേസുകളുടെ വര്‍ദ്ധനവ് തടയുന്നതിനായാണ് മുംബൈയില്‍ സെക്ഷന്‍ 144 ചുമത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 30 വരെ നാലിലധികം ആളുകളുടെ ഒത്തുകൂടല്‍ നിയമവിരുദ്ധമാക്കി പ്രഖ്യാപിച്ചിരിക്കയാണ് മുംബൈ പോലീസ്.

”മിഷന്‍ ബിഗിന്‍ എഗെയ്ന്‍” പ്രകാരം ജൂണ്‍ 3 മുതല്‍ കൊറോണ വൈറസ് പടരുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ എടുത്തുകളയാന്‍ തുടങ്ങിയ മഹാരാഷ്ട്ര, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കേസുകളുടെ എണ്ണത്തില്‍ കുത്തനെ വര്‍ധനവ് രേഖപ്പെടുത്തി.

കോവിഡ് കേസുകളുടെ ക്രമാതീതമായ വര്‍ദ്ധനവില്‍ വലിയ ആശങ്കയാണ് ബദ്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കു വച്ചിരിക്കുന്നത്. ലോക്കല്‍ ട്രെയിന്‍ സേവനം കൂടി പൊതു ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുന്നതോടെ നഗരത്തിന്റെ അവസ്ഥ എന്താകുമെന്ന ആശങ്കയിലാണ് ആരോഗ്യ വിഭാഗവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here