സിബിഐയുടെ സ്വാഭാവിക അനുമതി റദ്ദുചെയ്ത് മഹാരാഷ്ട്രയും; സംസ്ഥാനത്തെ കേസുകള്‍ പിടിച്ചെടുക്കുന്നുവെന്ന് സര്‍ക്കാര്‍

മഹാരാഷ്ട്രയിൽ സിബിഐയും സംസ്ഥാന സർക്കാരും നേർക്ക് നേർ. സംസ്ഥാനത്ത് കേസുകൾ അന്വേഷിക്കാൻ സിബിഐ മുൻകൂർ അനുമതി വാങ്ങണമെന്ന് സർക്കാർ ഉത്തരവിട്ടു. കേസ് അന്വേഷണങ്ങൾക്ക് സിബിഐക്ക് നൽകിയ പൊതു അനുമതി പിൻവലിച്ചു. ടി ആർ പി തട്ടിപ്പ് കേസ് സിബിഐ പിടിച്ചെടുത്തതിന് പിന്നാലെയാണ് മഹാരാഷ്ട്ര സർക്കാർ നടപടി.

രാഷ്ട്രീയ താൽപര്യങ്ങൾ മുൻ നിർത്തി കേന്ദ്ര സർക്കാർ സിബിഐയെ ഉപയോഗിക്കുന്നത് മഹാരാഷ്ട്രയിൽ തുടർക്കഥയായിരുന്നു. ഇതാണ് സംസ്ഥാന സർക്കാരിനെ പ്രകോപിപ്പിച്ചത്. ഇതിന്‍റെ പ്രതിഫലനമാണ് സിബിഐക്ക് കേസ് അന്വേഷിക്കുന്നതിനുള്ള അനുമതി റദ്ദുചെയ്തുകൊണ്ടുള്ള പുതിയ നീക്കം.

പശ്ചിമ ബംഗാൾ, രാജസ്ഥാൻ ഛത്തീസ്ഗഡ്, ത്രിപുര , മിസോറാം സംസ്ഥാനങ്ങൾക്ക് പിന്നാലെ സിബിഐക്ക് പ്രവേശനം നിഷേധിക്കുന്ന മറ്റൊരു സംസ്ഥാനമായി മാറുകയാണ് മഹാരാഷ്ട്രയും. സംസ്ഥാന സർക്കാരിന്റെ അനുമതി ഇല്ലാതെ മഹാരാഷ്ട്രയിൽ സിബിഐ കേസുകൾ അന്വേഷിക്കരുതെന്നാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.

ഓരോ കേസുകൾ അന്വേഷിക്കാനും സംസ്ഥാന സർക്കാരിൽ നിന്ന് അനുമതി തേടുമ്പോൾ കാല താമസം ഉണ്ടാകാറുണ്ട്. ഇത് ഒഴിവാക്കാൻ CBIക്ക് നൽകിയ പൊതു അനുമതി സർക്കാർ പിൻവലിച്ചു. ദില്ലി സ്‌പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് ലെ സെക്ഷൻ 6 പ്രകാരമാണ് നടപടി.

ഇതോടെ ഓരോ കേസുകൾ അന്വേഷിക്കാനും മഹാരാഷ്ട്ര സർക്കാരിൽ നിന്ന് സിബിഐ വെവ്വേറെ അനുമതി തേടേണ്ടി വരും. ഭീമ കൊറേഗാവ് കേസ്, സുശാന്ത് സിംഗ് രാജ് പുത്തിന്റെ മരണം, ടി ആർ പി തട്ടിപ്പ് കേസ് എന്നിവ കേന്ദ്ര ഏജൻസികൾ സംസ്ഥാന സർക്കാർ താല്പര്യം മറികടന്ന് അന്വേഷിക്കാൻ തീരുമാനിച്ചിരുന്നു.

ഇത് രാഷ്ട്രീയമായും നിയമപരമായും തിരിച്ചടി ആയെന്ന വിലയിരുത്തലിലാണ് തീരുമാനം. യുപി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ടി ആർ പി തട്ടിപ്പ് കേസ് CBI ഏറ്റെടുത്തതാണ് ഉടൻ തീരുമാനമെടുക്കാൻ കാരണം. മഹാരാഷ്ട്ര സർക്കാർ നടപടി നിലവിൽ സിബിഐ അന്വേഷിക്കുന്ന കേസുകൾക്ക് ബാധകല്ല.

സംസ്ഥാനത്തിന് പുറത്ത് സിബിഐ രജിസ്റ്റർ ചെയ്യുന്ന കേസിൽ മഹാരാഷ്ട്രയിൽ ഉള്ളവരെ അന്വേഷണ പരിധിയിൽ കൊണ്ടു വരാനും തടസമാവില്ല. സുപ്രീംകോടതിയോ ഹൈക്കോടതിയോ നിർദേശിച്ചാലും സർക്കാർ വിലക്ക് മറികടന്ന് സിബിഐക്ക് കേസുകൾ അന്വേഷിക്കാം.

അതിനാൽ നിലവിലെ ഉത്തരവ് കൊണ്ട് സിബിഐയെ പൂർണമായും സംസ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ സർക്കാരിന് സാധിക്കില്ല. സിബിഐ – മഹാരാഷ്ട്ര സർക്കാർ ഏറ്റുമുട്ടൽ കോടതിയിലെത്തുമോ എന്നതാണ് ഇനി നിർണായകം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News