രാജ്യത്ത് കൊവിഡ് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 7 ലക്ഷത്തിൽ താഴെ

രാജ്യത്ത് കൊവിഡ് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 7 ലക്ഷത്തിൽ താഴെയെത്തി. ഇന്നലെ 73,979 പേർ രോഗമുക്തി നേടിയതോടെ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 6,95,509 ആയി കുറഞ്ഞു. 54,366 പുതിയ കേസുകളും 690 മരണങ്ങളും വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന് ഡി സി ജി ഐ അനുമതി നൽകി. രാജ്യത്തെ കൊവിഡ് പരിശോധനകൾ 10 കോടി കടന്നു.

ഒക്ടോബർ രണ്ട് മുതൽ തുടർച്ചയായ 21 ദിവസവും കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. ഈ ട്രെന്റാണ് ചികിത്സയിലുള്ളവരുടെ എണ്ണം ഇത്ര വേഗം ഏഴ് ലക്ഷത്തിൽ താഴെ എത്താൻ സഹായകമായത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ചികിത്സയിൽ ഉള്ള കൊവിഡ് രോഗികളുടെ എണ്ണം 6,95,509 ആണ്. ആകെ രോഗ ബാധിതരുടെ 9.29 ശതമാനം വരുമിത്. ഇന്നലെ മാത്രം രോഗമുക്തി നേടിയത് 73,979 പേരാണ്. ചികിത്സയിലുള്ള രോഗികളിൽ പകുതിയിലേറെയും മഹാരാഷ്ട്ര, കേരളം കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ്.

ഇന്നലെ 54,366 കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതർ 77,61,312 ആയി. രോഗം ബാധിച്ചവരിൽ 69,48,497 പേരും രോഗമുക്തി നേടി. 89.20 % ആണ് രാജ്യത്തെ രോഗമുക്തി നിരക്ക്. വ്യാഴാഴ്‌ച 690 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ മരണ സംഖ്യ 1,17,306 ആയി.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ്‌ പ്രതിരോധ മരുന്നായ കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന് ഡിസിജിഐ അനുമതി നൽകി. ഭാരത് ബയോടെക്ക് ഐസിഎംആറുമായി സഹകരിച്ചാണ് കൊവാക്സിൻ തയ്യാറാക്കിയത്. ഇന്നലെ 14,42,722 പരിശോധനകൾ കൂടി നടത്തിയതോടെ രാജ്യത്തെ കൊവിഡ് പരിശോധനകളുടെ എണ്ണം 10 കോടി കവിഞ്ഞു.

ഇതുവരെ 10,01,13,085 പരിശോധന നടത്തിയെന്ന് ICMR അറിയിച്ചു. തമിഴ്നാട്ടിൽ 3077 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗ ബാധിതരുടെ എണ്ണം ഏഴ് ലക്ഷം കടന്നു. ആന്ധ്ര പ്രദേശിൽ ആകെ കേസുകൾ എട്ട് ലക്ഷത്തിന് അടുത്തെത്തി.

ജനങ്ങൾക്ക് കോവിഡ്‌ വാക്‌സിൻ നൽകാൻ കേന്ദ്രം 51,000 കോടി വകയിരുത്തുമെന്നാണ് റിപ്പോർട്ട്. ഒരാൾക്ക് 450 മുതൽ 550 രൂപ ചെലവ് വരുമെന്നാണ് കണക്ക് കൂട്ടുന്നത്. കൊവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ വിസ നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാർ ഇളവ് വരുത്തി. ടൂറിസ്റ്റുകളല്ലാത്ത വിദേശികൾക്ക് രാജ്യത്ത് പ്രവേശനം അനുവദിച്ചു. ഒ സി ഐ കാർഡ് ഉടമകൾക്കും ഇളവ് ലഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News