ലക്ഷദ്വീപ് കൊവിഡിനെ തോല്പിച്ച കഥ:ഇതുവരെ ഒരു ലക്ഷദ്വീപ് സ്വദേശിയും കൊവിഡ് ബാധിച്ച് മരിച്ചിട്ടില്ല

ലോകത്ത് കൊവിഡ് എത്താത്ത നാടുകള്‍ വളരെ കുറച്ചേ ഉളളൂ.
വടക്കന്‍ കൊറിയ, ടോംണ്‍ഗ, തുര്‍ക്ക്മിനിസ്ഥാന്‍, മാര്‍ഷാല്‍
ദ്വീപുകള്‍,മൈക്രോനേസ്യ,നൈരു,സമോവ, സോളമന്‍ ദ്വീപുകള്‍,
തവാലു എന്നിങ്ങനെ വിരലിലെണ്ണാവുന്ന രാജ്യങ്ങള്‍ മാത്രം.
സമ്പന്ന , ദരിദ്ര്യ ഭേദമന്യേ 188 രാജ്യങ്ങള്‍ ഇന്ന് കൊവിഡ് ബാധിതമാണ്.
ഇന്ത്യയിലെ 28 സംസ്ഥാനങ്ങളും 6 കേന്ദ്ര ഭരണ പ്രദേശങ്ങളും
കൊവിഡിന്‍റെ പിടിയിലമര്‍ന്നപ്പോള്‍ ഒരിടം മാത്രം വേറിട്ട്
നില്കുന്നു. അറബിക്കടലില്‍ 32 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍
10 ജനവാസ ദ്വീപുകള്‍ ഉല്‍പ്പെടെയുളള 36 ദ്വീപുകള്‍
ഉല്‍പ്പെടുന്നlതാണ് ലക്ഷദ്വീപ് ദ്വീപ് സമൂഹം.

സ്ക്കൂളുകള്‍ നേരത്തെ തുറന്നു.
രാജ്യത്തെ ഒട്ടുമിക്ക പ്രദേശങ്ങളിലേയും സ്കൂളുകള്‍ ഇപ്പോള്‍ അടഞ്ഞ് കിടക്കുകയാണ്. സാമ്പത്തിക ശേഷിയും മെച്ചപ്പെട്ട സാമൂഹ്യാവസ്ഥയുമുളള കുട്ടികള്‍ ഓണ്‍ലൈന്‍
ക്ലാസുകളില്‍ പങ്കെടുക്കുന്നു. ലക്ഷദ്വീപുകാര്‍ക്കെല്ലാം ഇന്ന് കൈകളില്‍ മൊബൈല്‍ ഫോണുകള്‍ ഉണ്ട്.എന്നാല്‍ പ്രശ്നം സാങ്കേതികമാണ്. ഭൂമി ശാസ്ത്രപരമായ പിന്നാക്കാവസ്ഥമൂലം പലപ്പോ‍ഴും റേഞ്ച് ലഭിക്കണമെന്നില്ല.എന്നാല്‍ ഇവിടുത്തെ
കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ളാസുകളുടെ ആവശ്യമില്ല.സൈക്കില്‍ ചവുട്ടി സ്ക്കൂളുകളിലേയ്ക്ക് പോകുന്ന കുട്ടികള്‍ മറ്റ് സംസ്ഥാനക്കാര്‍ക്കെല്ലാം സ്വപ്നമാണെങ്കില്‍
ലക്ഷദ്വീപുകാര്‍ക്ക് യാഥാര്‍ത്ഥ്യമാണ്. ദ്വീപുകളിലെഹൈസ്ക്കൂളുകള്‍ സെപ്തംമ്പര്‍ 21 മുതലും പ്രൈമറി,അപ്പര്‍ പ്രൈമറി സ്കൂളുള്‍ ഒക്ടോബര്‍ 1 മുതലും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

സ്കൂളുകള്‍ തുറക്കുകയെന്നത് ഭഗീരഥ പ്രയത്നംതന്നെയായിരുന്നു. 10 ദ്വീപുകളിലായി ആകെ 65 വിദ്യാലയങ്ങളുണ്ട്.പന്ത്രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുകയും1,140 അധ്യാപകര് പഠിപ്പിക്കുകയും ചെയ്യുന്നു‍.പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട്ക്ളാസുകള്‍ നടത്തണം.രക്ഷിതാക്കളെയാണ് ആദ്യം ബോധവല്‍ക്കരിച്ചത്.
15 പ്രീപ്രൈമറി ക്ളാസുകള്‍ അടച്ചിടാന്‍ തന്നെതീരുമാനിച്ചു.ശേഷിക്കുന്ന 45 വിദ്യാലയങ്ങളും
തുറന്നു.

വെല്ലുവിളിയെ അതിജീവിച്ചതെങ്ങനെയെന്ന് കവരത്തി ഗവ.ഗേള്‍സ് സീനിയര്‍ സെക്കന്‍റിറി സ്ക്കൂല്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് ഇക്ബാല്‍ ഇങ്ങനെ പറയുന്നു”കൃത്യമായ സാമൂഹിക അകലം പാലിച്ചാണ് ക്ളാസുകള്‍ നടത്തുന്നത്. ഇതിനായി ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തി.
രാവിലെ 9.15ന് കുട്ടികള്‍ സ്ക്കൂളുകളില്‍ എത്തണം.എല്ലാവരേയും തെര്‍മല്‍ സ്കാനിംഗിന് വിധേയരാക്കിയതിന് ശേഷമേ ക്ലാസുകളിലേയ്ക്ക് പ്രവേശിപ്പിക്കൂ”

ഓരോ ക്ലാസുകളുടേയും മുന്നില്‍ സനിറ്റൈസറുകള്‍ വെച്ചു. കുട്ടികളെക്കൊണ്ട് കൈകള്‍ വൃത്തിയാക്കിച്ചു.ക്ലാസുകള്‍ക്കകത്ത് കുട്ടികളെ സാമൂഹിക അകലം പാലിച്ച്
ഇരുത്തി.തിരക്ക് ഒ‍ഴിവാക്കുന്നതിനായി സമയക്രമം ക്രമീകരിച്ചു.അസാധ്യമെന്ന് കരുതിയത് അധ്യപകരുടെ ഇച്ഛാശക്കിയിലൂടെ യാഥാര്‍ത്ഥ്യമാക്കി.കൊവിഡ്പ്രോട്ടോക്കോള്‍ പാലിച്ച് കുട്ടികള്‍ പഠിക്കുന്ന ലക്ഷദ്വീപിലെ സ്ക്കൂളിലെ ദൃശ്യങ്ങള്‍ ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രചാരണ സാമഗ്രിയാക്കിയിരിക്കുന്നു.

വിയര്‍പ്പൊ‍ഴുക്കിയുണ്ടാക്കിയ നേട്ടകള്‍
——————————————
ഇന്ത്യയില്‍ കൊവിഡ് എത്താത്ത നാടായി എങ്ങനെലക്ഷദ്വീപ് മാറി എന്നതിന് പുറം നാട്ടുകാര്‍ നല്കുന്ന മറുപടി കടലില്‍ ചുറ്റപ്പെട്ട് കിടക്കുന്ന നാടിന്‍റെ ഭൂമിശാസ്ത്രപരമായ
പ്രത്യേകത എന്നായിരിക്കും. അങ്ങനെയെങ്കില്‍ ലക്ഷദ്വീപിനെപ്പോലെ ഒറ്റപ്പെട്ട പ്രദേശമാണ് ആന്തമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹങ്ങള്‍.ഇവിടെ നവംമ്പര്‍ 8 വരെ റിപ്പോര്‍ട്ട് ചെയ്തത് 4194 കൊവിഡ്കേസുകളാണ്.

2011 ലെ കാനേഷുമാരി അനുസരിച്ച് ലക്ഷദ്വീപിലെ 10 ജനവാസദ്വീപുകളിലായി ആകെ ജനസംഖ്യ 64, 473 ആണ്.ദ്വീപുകളിലെആകെ വിസ്ത്രീര്‍ണ്ണം ചതുരശ്ര കിലോമീറ്റര്‍. ജനസാന്ദ്രതയാവട്ടെചതുരശ്രകിലോമീറ്ററിന്2013പേര്‍.ചണ്ധീഗഢുംപോണ്ടിച്ചേരിയുംക‍ഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ജനസാന്ദ്രതയാണിത്. ചണ്ഢീഗഢും പോണ്ടിച്ചേരിയും എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളുംഉളള നഗരങ്ങളെങ്കില്‍ ലക്ഷദ്വീപ് തികച്ചും ഒറ്റപ്പെട്ടതും യാത്ര, ആതുര സേവനം,ഉന്നത വിദ്യാഭ്യാസം എന്നുതുടങ്ങി ഭക്ഷ്യവസ്തുക്കള്‍ക്ക് പോലും സ്വയം പര്യാപ്തമല്ലാത്ത ഭൂപ്രദേശമാണ്.കേരളത്തിലേയ്ക്കുളള
കപ്പല്‍ മുടങ്ങിയാല്‍ അതോടെ ദ്വീപുകള്‍ വറുതിയിലാവും. ദ്വീപിലെ ഓരാള്‍ക്ക് കൊവിഡ് എത്തിയാല്‍ കാട്ടുതീപോലെ മഹാമാരി പടരും.

രാജ്യത്ത് കൊവിഡ് പടരുന്നതിന്‍റെ ആദ്യലക്ഷണങ്ങള്‍കണ്ട സമയത്തുതന്നെ ലക്ഷദ്വീപ് നടത്തിയത് അനിതരസാധാരണമായമുന്നൊരുക്കങ്ങളായിരുന്നു.കേരളത്തില്‍ പഠിക്കുന്ന ലക്ഷദ്വീപ്സ്വദേശികളായ മു‍ഴുവന്‍ വിദ്യാര്‍ത്ഥികളേയും വളരെ പെട്ടെന്ന്കപ്പല്‍ മാര്‍ഗ്ഗം സുരക്ഷിതമായി ദ്വീപില്‍ എത്തിച്ചു.ലോക് ഡൗണ്‍ സമയത്ത് ദ്വീപില്‍ കുടുങ്ങിയ പുറം നാട്ടുകാര്‍ക്ക്സുരക്ഷിതമായി താമസ്സസൗകര്യമൊരുക്കി.പിന്നീട് അവരെകപ്പല്‍ മാര്‍ഗ്ഗം നാട്ടിലേയ്ക്ക് മടക്കി അയച്ചു.

ബുദ്ധിമുട്ടേറിയ ദൗത്യം വിജയകരമായി നടപ്പിലാക്കാന്‍സാധിച്ചതിന്‍റെ കാരണങ്ങള്‍ ലക്ഷദ്വീപ് ഡെപ്യൂട്ടി കലക്ടറായഎസ് എല്‍ കാസിം ഇങ്ങനെ വിശദീകരിക്കുന്നു.

“കൊവിഡിനെ മറികടക്കാനായി കര്‍ശനമായ നിയന്ത്രണങ്ങളാണ്ലക്ഷദ്വീപില്‍ ഏര്‍പ്പെടുത്തിയിരുന്നത്.എന്നാല്‍ ഇവയുമായിപൂര്‍ണ്ണമായും സഹകരിക്കാന്‍ ജനങ്ങള്‍ തയ്യാറായി. ഇതാണ്ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ ഞങ്ങളെ സഹായിച്ചത്”

ഒരു തവണ ലക്ഷദ്വീപിലെ ഏതെങ്കിലും ഒരു ദ്വീപ് സന്ദര്‍ശിച്ചവര്‍ക്ക് തദ്ദേശീയരുടെ അതിര്‍ത്തിയില്ലാത്ത നന്മ ഒരിക്കലും മറക്കാനാവില്ല.അവര്‍ സ്നേഹം ചൊരിഞ്ഞ്
ആവോളം ഊട്ടും.

കൊല്ലം സ്വദേശിയായ അജിനാസ് ട്രാവല്‍ ബ്ളോഗറാണ്.ലക്ഷദ്വീപിന്‍റെ അളവറ്റ സൗന്ദര്യം ക്യാമറയില്‍പകര്‍ത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് തികച്ചുംഅപ്രതീക്ഷിതമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.അതോടെ ദ്വീപില്‍ കുടുങ്ങി.മൂന്നാ‍ഴ്ച്ചക്കാലംഅപരിചിതമായ പ്രദേശത്ത് എങ്ങനെ ജീവിക്കും?അജിനാസിന് ഒട്ടും ആശങ്കപ്പെടേണ്ടിവന്നില്ല “പുറത്തിറങ്ങുന്നതിന് വിലക്കുണ്ടായിരുന്ന
സമയമായിരുന്നു അത്. പക്ഷെ തദ്ദേശീയര്‍ എന്തിനും
ഏതിനും എന്നെ സഹായിച്ചു”

നിരീക്ഷണവും പരിശോധനയും
കേരളമാണ് പുറം ലോകത്തേക്കുളള ദ്വീപിന്‍റെപ്രധാന വാതില്‍. ആ വാതില്‍ പൂര്‍ണ്ണമായും അടച്ചിടാനാവില്ല.ഉപ്പുമുതല്‍ കര്‍പ്പൂരം വരെയുളള സകല സാമഗ്രികള്‍ക്കും
ദ്വീപുകാര്‍ കേരളത്തെയാണ് ആശ്രയിക്കുന്നത്.

പ്രാഥമിക ആരോഗ്യ സൂചികയില്‍ ലക്ഷദ്വീപുകാര്‍ മുന്നിലാണ്.അന്ധവിശ്വാസങ്ങളോ അശാസ്ത്രീയതയോ മൂലം ആരുംകുട്ടികള്‍ക്ക് രോഗപ്രതിരോധ മരുന്നുകള്‍ നല്കാതിരിക്കുന്നില്ല.കേരളത്തിലെ ചിലയിടങ്ങളില്‍ സ്ഥിതി വ്യത്യസ്തമാണ്.
ദ്വീപുകളില്‍ ആശുപത്രികള്‍ ഉണ്ട്. എന്നാല്‍ വിദഗ്ധ ചികിത്സക്കായികേരളത്തെ ആശ്രയിക്കുകയല്ലാതെ മറ്റ് നിര്‍വ്വാഹമില്ല.അടിയന്തര ഘട്ടത്തില്‍ രോഗികളെ ഹെലികോപ്റ്റര്‍ മുഖേനയാണ്കേരളത്തിലേയ്ക്ക് കൊണ്ടുപോവുന്നത്.ഹെലികോപ്റ്റര്‍
ലഭ്യമാവാത്തതിനാല്‍ രോഗികള്‍ മരിക്കുന്ന സംഭവങ്ങളുംദ്വീപുകളില്‍ ഉണ്ടായിട്ടുണ്ട്.കേരളത്തിലേയ്ക്കുളള യാത്രകള്‍പരമാവധി ഒ‍ഴിവാക്കാനുളള അധികൃതരുടെ നിര്‍ദ്ദേശംജനങ്ങള്‍ അംഗീകരിച്ചു. ഒ‍ഴിച്ചുകൂടാനാവാത്ത യാത്രകള്‍ മാത്രം അനുവദിച്ചു. എന്നാല്‍ കേരളത്തില്‍ പോകുന്നവര്‍ക്ക്കര്‍ശനമായ ക്വാറന്‍റൈന്‍ നിബന്ധകള്‍ ഏര്‍പ്പെടുത്തി.


കേരളത്തില്‍ നിന്ന് ലക്ഷദ്വീപിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍കൊച്ചിയിലെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍ 14 ദിവസം ക്വാറന്‍റൈനില്‍ക‍ഴിയണം.ആര്‍ ടി പി സി ആര്‍ ടെസ്റ്റോ ട്രൂനറ്റ് ടെസ്റ്റോ നടത്തിയശേഷം കൊവിഡ് ബാധിതരല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ
കപ്പല്‍ കയറാന്‍ അനുവദിക്കൂ.നാട്ടിലെത്തിയാലും ശക്തമായനിയന്ത്രണങ്ങള്‍ ഉണ്ട്. 7 ദിവസം വീടുകളില്‍ ക്വാറന്‍റൈനില്‍ ക‍ഴിയണം.


നവംമ്പര്‍ 8 വരെ കൊച്ചിയില്‍ ലക്ഷദ്വീപ് ആരോഗ്യവകുപ്പ്6391 പേരെ പരിശോധിച്ചു. ഇവരിലെ 157 പേര്‍ക്ക് കൊവിഡ്സ്ഥിരീകരിച്ചു.8 പേര്‍ കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരായിരുന്നു.ഇവര്‍ക്ക് കൊച്ചിയിലെ കേരള സര്‍ക്കാരിന്‍റെ സംവിധാനങ്ങള്‍ക്ക്
കീ‍ഴില്‍ വിദഗ്ധ ചികിത്സ നല്കി.രോഗം ഭേദമായ ശേഷം എല്ലാവരേയും നാട്ടിലെത്തിച്ചു. ഇതുവരെ ഒരു ലക്ഷദ്വീപ് സ്വദേശിയും കൊവിഡ് ബാധിച്ച് മരിച്ചിട്ടില്ല.

കപ്പലുകള്‍ ഓടിക്കൊണ്ടേയിരിക്കും
ദ്വീപ് നിവാസികളെ കരയുമായി ബന്ധിപ്പിക്കുന്ന പ്രധാനഗതാഗത സംവിധാനം കപ്പലാണ്. കൊച്ചിയെ വിവിധ ദ്വീപുകളുമായി ബന്ധിപ്പിക്കുന്ന 7 കപ്പലുകളാണ് സര്‍വീസ് നടത്തുന്നത്.
അടിയന്തര ആവശ്യങ്ങള്‍ക്കായുളള കേരള യാത്രകള്‍ തടയാനാവില്ലെന്നിരിക്കെ കപ്പലുകള്‍ സുരക്ഷിതമാക്കുക എന്നതായിരുന്നു ഏക പോംവ‍ഴി.


ഓരോയാത്രക്ക് മുമ്പും പിമ്പും കപ്പലുകള്‍ അണുവിമുക്തമാക്കി.
കൊച്ചിയില്‍ നിന്ന് കയറുന്നവരെല്ലാം നെഗറ്റീവ് കൊവിഡ് സര്‍ട്ടിഫിക്കറ്റ്
ഉള‍ളവരാണെന്ന് ഉറപ്പ് വരുത്തി.കപ്പലിനകത്ത് സാമൂഹിക അകലം
കര്‍ശനമായി പാലിക്കപ്പെട്ടു.യാത്രക്കാരുടെ എണ്ണത്തിലും ഗണ്യമായ
കുറവുണ്ടായി. ഒരു ട്രിപ്പില്‍ എ‍ഴുനൂറോളം യാത്രക്കാര്‍ ഉണ്ടായിരുന്നിടത്ത്
ഇന്ന് അമ്പതോളം യാത്രക്കാര്‍ മാത്രം.ഈ കപ്പല്‍ യാത്രയുടെ
നഷ്ടകണക്കുകള്‍ ചോദിച്ചപ്പോള്‍ ലക്ഷദ്വീപ് പോര്‍ട്ട് ഷിപ്പിംഗ്
ആന്‍റ് നാവിഗേഷന്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ ടി എസ് മുസ്തഫ
പ്രതികരിച്ചതിങ്ങനെ” ലാഭനഷ്ടകണക്കല്ല ജനങ്ങളുടെ ആവശ്യകതയാണ് ഞങ്ങള്‍ നോക്കുന്നത്”

സഞ്ചാരികളേ ബങ്കാരത്തിലേയ്ക്ക് വരൂ
മത്സ്യവും നാളികേരവുമാണ് ലക്ഷദ്വീപിന്‍റെ പ്രധാന ഉല്പന്നങ്ങള്‍. പോര്‍ച്ചുഗീസുകാരെ ലക്ഷദ്വീപിലേയ്ക്ക് ആകര്‍ഷിച്ചത് ഇവിടുത്തുകാര്‍ പിരിച്ചുണ്ടാക്കുന്ന കയറിന്‍റെ ഗുണനിലവാരമായിരുന്നു.അക്കാലത്ത് ലക്ഷദ്വീപ് കയറിന് വിദേശരാജ്യങ്ങളില്‍ പോലും
ഏറെ ആവശ്യക്കാര്‍ ഉണ്ടായിരുന്നു. എന്നാല്‍ കയറിന്‍റെ കാലം ക‍ഴിഞ്ഞതോടെ ദ്വീപ് നിവാസികളെല്ലാം പുതിയ തൊ‍ഴില്‍ സാധ്യതകള്‍ആരാഞ്ഞുകൊണ്ടിരുന്നു.അടുത്ത കാലത്ത് ടൂറിസം മേഖല പുഷ്ടിപ്പെട്ടു.രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നുമുളള സഞ്ചാരികള്‍
ലക്ഷദ്വീപിന്‍റെ സൗന്ദര്യം നുകരാന്‍ ദ്വീപുകളിലേയ്ക്ക് ഒ‍ഴുകിയെത്തി.

കൊവിഡ് ലക്ഷദ്വീപിന്‍റെ ടൂറിസം മേഖലയെ ശരിക്കും പിടിച്ചുലച്ചു.ഒരു വര്‍ഷം ശരാശരി പതിനാറായിരത്തോളം സഞ്ചാരികളാണ് കടല്‍കടന്ന് ലക്ഷദ്വീപില്‍എത്തിയിരുന്നത്.ഭക്ഷണം, താമസ്സം, യാത്രഎന്നിങ്ങനെ സഞ്ചാരികള്‍ബന്ധപ്പെടുന്ന സമഗ്രമേഖലകളും ദ്വീപ്നിവാസികള്‍ക്ക് നല്കിയത് പണമായിരുന്നു.എന്നാല്‍ കൊവിഡ് വന്നതോടെ ടൂറിസം മേഖല നിശ്ചലമായി.എസ് പി ഒ ആര്‍ ടി സ് (സൊസൈറ്റി ഫോര്‍ പ്രൊമോഷന്‍ ഓഫ് റിക്രിയേഷണല്‍ ടൂര്‍ ആന്‍റ് സ്പോട്സ്) ആണ് ദ്വീപുകളിലെടൂറിസത്തിന്‍റെ നോഡല്‍ ഏജന്‍സി.സ്പോട്സിന് കീ‍ഴില്‍ 819 പേരാണ് ജോലിചെയ്തുന്നത്.ഇവരിലെ അറന്നൂറോളം പേര്‍ താല്ക്കാലികജീവനക്കാരാണ്.ഇവരെയെല്ലാം സംരക്ഷിക്കുക എന്നത് ഭഗീരഥ പ്രയത്നമാണ്.ലക്ഷദ്വീപിന് പുറത്തുളള സഞ്ചാരികളെഇപ്പോള്‍ ദ്വീപുകളിലേയ്ക്ക് പ്രവേശിപ്പിക്കാനാവില്ല.ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഏകമാര്‍ഗ്ഗം.

പ്രതിസന്ധിയെ മറികടക്കാനായി എസ് പി ഒ ആര്‍ ടി എസ് ( സൊസൈറ്റി ഫോര്‍ പ്രൊമോഷന്‍ ഓഫ് റിക്രിയേഷണല്‍ടൂര്‍ ആന്‍റ് സ്പോട്സ് ) തയ്യാറാക്കിയ പുതിയ പദ്ധതി
സ്പോട്സില്‍ മാനേജര്‍ ചുമതല വഹിക്കുന്ന സാദിഖ് ജാഫര്‍ ഇങ്ങനെ വിശദീകരിക്കുന്നു” ലക്ഷദ്വീപുകാരായ ടൂറിസ്റ്റുകള്‍ക്കായി ഞങ്ങള്‍ ബങ്കാരം ദ്വീപ്തുറന്നിരിക്കുന്നു. അവിടുത്തെ റിസോര്‍ട്ടുകളില്‍ 5000 രൂപയുടെഹണിമൂണ്‍ പാക്കേജുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ആഭ്യന്തരടൂറിസം രംഗം സജീവമായാല്‍ തന്നെ മാറ്റങ്ങള്‍ ഉണ്ടാകും”

താല്കാലിക തിരിച്ചടികള്‍ ഉണ്ടായാലും കൊവിഡ് അനന്തരസാചര്യങ്ങള്‍ കാലക്രമത്തില്‍ ലക്ഷദ്വീപിന്‍റെ ടൂറിസംമേഖലയ്ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തുന്നത്.”കൊവിഡ് എത്താത്ത നാട് ” എന്ന ഒരൊറ്റ ബ്രാന്‍റ് നെയിംമാത്രം മതി ,രാജ്യാന്തര ടൂറിസ്റ്റുകളുടെ ആകര്‍ഷണകേന്ദ്രമായി ലക്ഷദ്വീപ് മാറാന്‍.

അധികൃതര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിലുമപ്പുറംജനങ്ങളുടെ നിസ്സീമമായ സഹകരണവും പ്രതിസന്ധികളെകൂട്ടായ്മയോടെ നേരിടാനുളള തദ്ദേശീയരുടെ സ്ഥൈര്യവുമാണ്ലക്ഷദ്വീപിനെ കൊവിഡ് എത്തിപ്പെടാത്ത നാടാക്കി മാറ്റിയത്.
സ്ത്രീധനമില്ലാത്ത നാട്, രാജ്യത്ത് കുറ്റകൃത്യങ്ങള്‍ ഏറ്റവുംകുറഞ്ഞനാട്, പാരിസ്ഥിതിക ജീവിതം നയിക്കുന്ന നാട്,എല്ലാ കുട്ടികല്‍ക്കും പ്രതിരോധ ഔഷധങ്ങള്‍ നല്‍കുന്ന നാട് എന്നിങ്ങനെ പെരുമകളുടെ നാടാക്കി ഈ ദ്വീപ്സമൂഹങ്ങളെ മാറ്റിയതും ഇത്തരം കൂട്ടായ്മകളാണ്

കൊവിഡിനെ ചെറുത്തു: ഇനി ആഘോഷങ്ങള്‍
കൊവിഡ് ഇല്ലാത്ത ഇന്ത്യയിലെ ഏക പ്രദേശമായ ലക്ഷദ്വീപ് ആഘോഷങ്ങള്‍ക്ക് അനുമതി നല്കുന്നആദ്യ നാടെന്ന പദവികൂടി നേടിയിരിക്കുന്നു.6 മാസക്കാലമായുളള കടുത്ത നിയന്ത്രണങ്ങള്‍ദ്വീപ് നിവാസികളെ സാമ്പത്തികമായി തളര്‍ത്തിയിരുന്നു.എന്നാല്‍ പ്രസിദ്ധമായ കവരത്തി ഫെസ്റ്റിന്‍റെ പൊലിമയ്ക്ക്ഒട്ടും മങ്ങലേറ്റില്ല.കടല്‍ തീരത്ത് ദ്വീപ് നിവാസികള്‍ഒത്തുകൂടി.ആടിയും പാടിയും നല്ല ഭക്ഷണങ്ങള്‍ക‍ഴിച്ചും അവര്‍ കവരത്തി ഫെസ്റ്റ് വെല്‍ ആഘോഷിച്ചു.

കവരത്തിയില്‍ നിന്ന് മിനിക്കോയില്‍ എത്തുമ്പോള്‍കാര്യങ്ങള്‍ കുറച്ചുകൂടി വര്‍ണാഭമാണ്.
ദ്വീപ് സമൂഹങ്ങളില്‍ ഏറ്റവും അകലെകിടക്കുന്നമിനിക്കോയ്ക്ക് മറ്റ് പ്രദേശങ്ങളില്‍ നിന്ന് വിഭിന്നമായസാംസ്കാരിക തനിമയുണ്ട്. വേഷവും ഭാഷയും എല്ലാംവ്യത്യസ്തം.ഒറ്റ സഞ്ചാരിപോലും എത്തിയില്ലെങ്കിലും ഫ്യൂണ്‍ഹിലോല്‍ഗ്രാമത്തില്‍ ഇത്തവണയും ലക്ഷദ്വീപ് െഎക്യദിനആഘോഷങ്ങള്‍ നടന്നു

പ്രസിദ്ധമായ ബോട്ട് റേസിംഗ് മത്സരം അടുത്തമാസംമിനിക്കോയ് തീരങ്ങളില്‍ നടക്കും. പ്രധാനമന്ത്രി ട്രോഫിക്ക്വേണ്ടിയുളള മത്സരത്തില്‍ ഇത്തവണ പങ്കെടുക്കുന്നത് 49
ബോട്ടുകളാണ്.സഞ്ചാരികള്‍ ആരും എത്തില്ലെന്ന് അറിയാംഎങ്കിലും ആവേശത്തിന് ഒട്ടും കുറവില്ല.ഇതുപോലുളള ഉത്സവങ്ങളും മത്സരങ്ങളുമൊന്നും ഇന്ന്രാജ്യത്ത് മറ്റെവിടെയും നടക്കുന്നില്ല. ഉത്സവങ്ങളിലേയ്ക്ക്മടങ്ങാന്‍ ലക്ഷദ്വീപുകാര്‍ ചെയ്തതുപോലെ കൊവിഡിനെ
പൊരുതി തോല്പിപ്പിക്കുക എന്നതാണ് ഏകമാര്‍ഗ്ഗം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News