ഉരുകി ഉരുകി ഉമിത്തീ പോലെ നീറുകയാണ്.. പക്ഷേ എനിക്കറിയാം. ഉരുകാതെ ഒരു സ്വര്‍ണ്ണവും ആഭരണമായിട്ടില്ലല്ലോ:നന്ദു

ക്യാന്‍സറിനെതിരെയുള്ള പോരാട്ടങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ് നന്ദു മഹാദേവ എന്ന യുവാവ്.പ്രതിസന്ധിയിൽ തളരാതെ മുന്നേറിയ നന്ദുവിന്റെ ചിരി നിറഞ്ഞ മുഖം സോഷ്യൽ മീഡിയക്ക് സ്വന്തമാണ് ക്യാന്‍സര്‍ പിടികൂടിയ അന്ന് മുതലിങ്ങോട്ടുള്ള എല്ലാം ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങളും തന്റെ ജീവിതവും നന്ദു സമൂഹമാധ്യമങ്ങളിലൂടെ പങ്കു വെച്ചിട്ടുമുണ്ട്.

എപ്പോളും വാക്കുകൾ കൊണ്ടും,ചിരി കൊണ്ടും, പ്രവർത്തി കൊണ്ടും,, പോസിറ്റിവിറ്റി മാത്രം നൽകിയ നന്ദുവിന്റെ ആരോഗ്യപൂർണമായ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സോഷ്യൽ മീഡിയ .ശരീരം തളര്‍ത്തുന്ന ക്ഷീണവുമായി നന്ദു ഇതിനു മുൻപും ഇടവേള എടുത്തിട്ടുണ്ട് . ഇപ്പോഴിതാ താന്‍ ഒരു ബ്രേക്ക് എടുക്കുകയാണന്ന സോഷ്യൽ മീഡിയയെ അറിയിക്കുകയാണ് ഹൃദയം തൊടുന്ന ഈ കുറിപ്പിലൂടെ:

മുന്നോട്ട് കുതിക്കാന്‍ വേണ്ടി ഞാനൊന്നു പതുങ്ങുകയാണ്..തോല്‍ക്കാതിരിക്കാന്‍ വേണ്ടി ഞാനൊന്നു വിശ്രമിക്കുകയാണ്..എന്നാണ് നന്ദു കുറിക്കുന്നത്.സാധാരണ പ്രസന്നവദനനായി കാണാറുള്ള നന്ദു ഇത്തവണ പങ്കു വെച്ചിരിക്കുന്ന ചിത്രം നന്ദുവിന്റെ സുഹൃത്തുക്കളെ സങ്കടത്തിലാഴ്ത്തുന്നത് തിരിച്ചറിഞ്ഞു നന്ദു തന്നെ പറയുന്നു.സാധാരണ ഞാനിങ്ങനത്തെ ക്ഷീണമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറില്ല..ഇപ്പോള്‍ ഈ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത് എന്നെ സ്നേഹിക്കുന്നവരെ വിഷമിപ്പിക്കാനല്ല..എന്റെ അവസ്ഥ നിങ്ങള്‍ക്ക് മനസ്സിലാകാന്‍ വേണ്ടിയാണ്.

കുറിപ്പിന്റെ പൂർണ്ണ രൂപം

ചങ്കുകളേ കുറച്ചു ദിവസത്തേയ്ക്ക് ഫോണ്‍ ഉപയോഗം പൂര്‍ണമായും ഉപേക്ഷിക്കുകയാണ്.

തുടര്‍ച്ചയായ കീമോ ശാരീരികമായി എന്നെ വല്ലാതെ തളര്‍ത്തിയിരിക്കുന്നു.
കൂട്ടിന് സ്ഥിരമായി തലവേദനയും മറ്റ് അസ്വസ്ഥതകളും ഒക്കെയുണ്ട്.
അതുകൊണ്ട് ഡോക്ടറുടെ നിര്‍ദേശപ്രകാരം വിശ്രമം ആവശ്യമാണ്.
ഉരുകി ഉരുകി ഉമിത്തീ പോലെ നീറുകയാണ്..
പക്ഷേ എനിക്കറിയാം.
ഉരുകാതെ ഒരു സ്വര്‍ണ്ണവും ആഭരണമായിട്ടില്ലല്ലോ !!

സാധാരണ ഞാനിങ്ങനത്തെ ക്ഷീണമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറില്ല..
ഇപ്പോള്‍ ഈ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത് എന്നെ സ്നേഹിക്കുന്നവരെ വിഷമിപ്പിക്കാനല്ല..
എന്റെ അവസ്ഥ നിങ്ങള്‍ക്ക് മനസ്സിലാകാന്‍ വേണ്ടിയാണ്..
പ്രിയപ്പെട്ടവര്‍ എന്നോട് ക്ഷമിക്കണം..എപ്പോഴും ആക്റ്റീവ് ആയി നില്‍ക്കണം എല്ലാവരുടെയും വിശേഷങ്ങളില്‍ പങ്കു ചേരണം എന്നതൊക്കെയാണ് എന്റെ ഏറ്റവും വലിയ സന്തോഷം..
പക്ഷേ എനിക്കതിനൊന്നും കഴിയുന്നില്ല..
അക്കാര്യത്തില്‍ ഞാന്‍ നിരാശനാണ് ദുഃഖിതനാണ്..

എനിക്കിഷ്ടമുള്ളവരോട് ഒന്നു നന്നായി സംസാരിക്കാന്‍ പോലും സാധിക്കുന്നില്ല..
പലരും വിളിക്കുമ്ബോള്‍ കാള്‍ എടുക്കുവാനോ വാട്‌സ്‌ആപ്പ് ല്‍ ഉള്‍പ്പെടെ സുഖവിവരങ്ങള്‍ അന്വേഷിക്കുമ്ബോള്‍ അതിനു മറുപടി തരാനോ വേണ്ടപ്പെട്ടവരുടെ അത്യാവശ്യ കാര്യങ്ങളില്‍ ഇടപെടലുകള്‍ വേണ്ട സമയത്ത് ഇടപെടാനോ ഒന്നിനും പറ്റുന്നില്ല..
അതൊക്കെ മനഃപൂര്‍വ്വമായോ അഹങ്കാരമായോ ജാഡയായോ ഒന്നും തെറ്റിദ്ധരിക്കരുത്..
എനിക്ക് എന്റെ ചങ്കുകള്‍ ഓരോരുത്തരോടും അഗാധമായ സ്നേഹവും കടപ്പാടും ബഹുമാനവും ഒക്കെയാണ്..

വളരെ നല്ലൊരു സന്തോഷവര്‍ത്തയുമായി ഞാന്‍ വീണ്ടും വരും..
ചങ്കൂറ്റമുള്ളൊരുത്തന്റെ ചിരി കറുപ്പിക്കാന്‍ ഒരു ക്യാന്‍സറിനും കഴിയില്ല..
ഒരു കീമോയ്ക്കും കഴിയില്ല..
എന്തിന് മരണത്തിനു പോലും കഴിയില്ല..!!

മുന്നോട്ട് കുതിക്കാന്‍ വേണ്ടി ഞാനൊന്നു പതുങ്ങുകയാണ്..
തോല്‍ക്കാതിരിക്കാന്‍ വേണ്ടി ഞാനൊന്നു വിശ്രമിക്കുകയാണ്.. !
എന്റെ ഹൃദയങ്ങളുടെ സ്നേഹം നിറഞ്ഞ പ്രാര്‍ത്ഥനകള്‍ മാത്രം മതി..
അതെന്നെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കും..!!
സ്നേഹപൂര്‍വ്വം നന്ദു ❤️

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here