കേന്ദ്രത്തിന്റെ ഉപകാര സ്മരണ; സ്വപ്‌ന സുരേഷിന്റെ അഭിഭാഷകന് പദവി

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻ്റെ അഭിഭാഷകന് കേന്ദ്ര സർക്കാറിൻ്റെ വക പദവി.സ്വപ്നയുടെ മുൻ അഭിഭാഷകൻ ടി കെ രാജേഷ് കുമാറിനെ സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസിനു കീഴിലെ സിജിഎസ്ടി, സിഎസ്ടി സ്റ്റാൻ്റിംഗ് കൗൺസലായാണ് കേന്ദ്ര സർക്കാർ നിയമിച്ചത്. സ്വർണ്ണക്കടത്ത് കേസ് പ്രതിയുടെ അഭിഭാഷകനായിരുന്നയാളെ കസ്റ്റംസിൻ്റെ സ്റ്റാൻ്റിംഗ് കൗൺസലായി കേന്ദ്ര സർക്കാർ നിയമിച്ചത് വലിയ രാഷ്ട്രീയ വിവാദമാവുകയാണ്.

സ്വർണ്ണക്കടത്ത് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് വിവിധ ഘട്ടങ്ങളിൽ കേന്ദ്ര സർക്കാർ നടത്തിയിരുന്ന രാഷ്ട്രീയ ഇടപെടൽ നേരത്തെ തന്നെ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കസ്റ്റംസും എൻഐഎയും ഇഡി യും അന്വേഷിക്കുന്ന കേസിലെ പ്രധാന പ്രതിയുടെ അഭിഭാഷകനായിരുന്നയാളെ കസ്റ്റംസിൻ്റെ സ്റ്റാൻ്റിംഗ് കൗൺസലായി കേന്ദ്ര സർക്കാർ നിയമിച്ചതാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്.

പ്രധാന പ്രതി സ്വപ്ന സുരേഷിൻ്റെ അഭിഭാഷകനായിരുന്ന ടി കെ രാജേഷ് കുമാറിനാണ് സെൻട്രൽ എക്സൈസ് ആൻ്റ് കസ്റ്റംസിനു കീഴിലെ സിജി എസ് ടി – സിഎസ്ടി സ്റ്റാൻ്റിംഗ് കൗൺസലായി കേന്ദ്ര സർക്കാർ നിയമനം നൽകിയത്.

അറസ്റ്റിലാവും മുൻപ് സ്വപ്നയ്ക്കു വേണ്ടി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത് രാജേഷ് കുമാറായിരുന്നു. സംഘപരിവാർ ബന്ധമുള്ളയാളാണ് രാജേഷെന്ന് അന്ന് തന്നെ ആരോപണമുയർന്നിരുന്നു. രാജേഷ് കുമാർ പിന്നീട് സ്വപ്നയുടെ വക്കാലത്ത് ഒഴിഞ്ഞു.എന്നാൽ ഇപ്പോൾ അതേ രാജേഷ് കുമാറിനെ കസ്റ്റംസിൻ്റെ അഭിഭാഷകനായി കേന്ദ്ര സർക്കാർ നിയമിച്ചതിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം.

കേന്ദ്ര സർക്കാരിന് നേതൃത്വം നൽകുന്ന ബി ജെ പി ക്ക് തല്പരരായവർ, അത് പ്രതിയായാലും ഉദ്യോഗസ്ഥനായാലും അവരോട് ഉപകാരസ്മരണ പ്രകടിപ്പിക്കുകയും അനിഷ്ടമുണ്ടാക്കുന്നവർക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുകയും പതിവാണ്. അതിന് മറ്റ് ഉദാഹരണങ്ങളാണ് നാലാം പ്രതി സന്ദീപ് നായരുടെയും കസ്റ്റംസ് ജോയിൻ്റ് കമ്മീഷണർ അനീഷ് രാജൻ്റെയും അനുഭവം.

ബി ജെ പി പ്രവർത്തകനായ സന്ദീപ് നായരെ എൻഐഎ മാപ്പുസാക്ഷിയാക്കിയപ്പോൾ കസ്റ്റംസ് ജോയിൻ്റ് കമ്മീഷണർ അനീഷ് രാജനെ നാഗ്പൂരിലേയ്ക്ക് സ്ഥലം മാറ്റി.കേസന്വേഷണത്തിനിടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചിട്ടില്ലെന്ന് പറഞ്ഞതിനായിരുന്നു അനീഷ് രാജനെതിരെ അന്ന് പ്രതികാര നടപടിയുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here