ഒരിക്കലും അന്യമല്ലാത്ത പ്രണയത്തിൻ്റെ രാജ്ഞിയാണു ഞാൻ. തീ പിടിച്ച കാലത്തിനും സമുദ്ര തീവ്രമാർന്ന ആധികൾക്കും ഇടയിലൂടെ പായുമ്പോഴും എന്നെ ഉയർത്തിപ്പിടിച്ച പ്രണയം. കാലദേശാന്തരങ്ങൾക്കപ്പുറത്തേക്കും സകല വ്യഥകൾക്കു മീതേക്കും ഉയർന്നു പറക്കുന്ന പ്രണയം.
ഒപ്പം ഓരം ചാരി നടക്കുന്നതും മറവിയുടെ ചാരം മൂടി കിടക്കുന്നതും സകല ഭാരങ്ങൾക്കും നിലം പൊത്താൻ അഭയമായ് നിൽക്കുന്നവയുമായ് പല തട്ടുകളിൽ പലപ്പോഴായി സൂക്ഷിക്കപ്പെട്ടിട്ടുള്ള പ്രണയം. ചിലപ്പോഴൊക്കെ ഒന്നു പൊടി തട്ടി നോക്കി, ചേർന്നു നടന്ന പാതകളെ മണത്തു നോക്കി, ഒരു ചെറു പുഞ്ചിരിയിലേക്കോ, നോവിലേക്കോ കുടഞ്ഞിടാൻ മാത്രം കെൽപ്പുള്ളവ. ഏറ്റവും തീക്ഷ്ണമായ പ്രണയത്തിൽ അകപ്പെടുകയെന്നാൽ പൂർണ്ണത തേടിയെത്തിയെന്ന അഹങ്കാരത്തിന് അടിമപ്പെട്ടു കഴിഞ്ഞുവെന്നൊരു അർത്ഥം കൂടി ഉണ്ട്. അത്രത്തോളം ജീവിതത്തെ മനോഹരമാക്കിയ മറ്റൊന്നും അറിഞ്ഞിട്ടേയില്ലെന്നു തന്നെ.
എഴുത്തിൽ, സ്വപ്നങ്ങളിൽ കണ്ടു പോവുന്ന സർവ്വതിലും പ്രണയമുണ്ട്. ഏകാന്തതയിലെല്ലാം പ്രണയവും ഞാനും ചേർന്ന് കവിതയിലേക്കുള്ള വഴി വെട്ടിയിട്ടുണ്ട്. ആത്മാർത്ഥമായല്ലാതെ ഒരു പ്രണയവും ജീവിതത്തെ തൊട്ടു പോയിട്ടില്ല. പ്രണയമില്ലായ്മയിൽ ഞാനൊരു തരിശു നിലമാണ്. ചിന്തകൾ തളിർക്കാതെയും വാക്കുകൾ പുഷ്പിക്കാതെയും വരണ്ടു കിടക്കുന്ന ഭൂമി. ഉയിരാവാൻ ജലം നിറക്കുന്ന ആകാശമാണെനിക്ക് പ്രണയം.
അതിൽ സംഗീതമുണ്ട്,പുസ്തകങ്ങളുണ്ട്, ഭക്ഷണത്തിൻ്റെ പല വിധ രുചികളുണ്ട്, സിനിമയും വായനയും പിന്നെ ഞാനും നീയുമുണ്ട്. യാത്രകളിലെല്ലാം ആ പ്രണയം കൂടെയുണ്ട്. കരുതലിൻ്റെ കൈ വിഷം ചേർക്കാത്ത ഒരു പ്രണയത്തിനുമെന്നെ ചതിക്കാൻ സാധിച്ചിട്ടില്ല. പ്രണയത്തോളം മറ്റൊന്നിനെയും ഭയപ്പെടുന്നുമില്ല. ചിലതൊക്കെ പ്രണയമാണോ എന്നു തിരിച്ചറിയാൻ പോലും സാധ്യമല്ല.
ഒരിക്കൽ ഒരു മനുഷ്യനെ ഒരു വേദിയിൽ വച്ചു ഞാൻ പരിചയപ്പെട്ടു. നന്നായി വായിക്കുന്ന, അറിവും പക്വതയുമുള്ള ഒരു മനുഷ്യൻ. പെട്ടന്നു ശ്രദ്ധിക്കപ്പെടാൻ മാത്രം സൗന്ദര്യമോ മറ്റെന്തെങ്കിലും ആകർഷണീയമായ പ്രത്യേകതകളോ അയാൾക്കുണ്ടായിരുന്നില്ല. പക്ഷേ അതിമനോഹരമായി സംസാരിക്കാനുള്ള കഴിവുണ്ടായിരുന്നു. അയാൾ ഇങ്ങോട്ടു വന്നു കൂട്ടു കൂടി. പതുക്കെ പതുക്കെ എൻ്റെ കൂട്ടുകാരനായി. ആ കാലങ്ങളിൽ ഞങ്ങൾ ഒരുപാടു സംസാരിച്ചു. വാകപ്പൂക്കൾ നിറഞ്ഞ പാതയോരത്തെ ബഞ്ചുകളിൽ സന്ധ്യക്ക് വന്നിരിക്കും. ആകാശത്തിനു കീഴിലെ സാധ്യമായ സകല വിഷയങ്ങളെ കുറിച്ചും സംസാരിക്കും. കഫ്ത്തീരിയയിൽ നിന്ന് കടും ചായയും സമൂസയും വാങ്ങിക്കഴിക്കും. മഞ്ഞുള്ള രാത്രികളിൽ നടക്കാൻ പോവും. ചിലപ്പോൾ ഒന്നും പറയാതെ പരസ്പരം നോക്കിയിരിക്കും. പിന്നീടെന്നോ ജീവിതത്തിലെ രണ്ടു ദിശകളിൽ ജീവിതം തെറിച്ചു വീണപ്പോൾ കൂടിക്കാഴ്ച്ചകൾ അന്യമായി. ദുഃഖം വരുമ്പോഴെല്ലാം ഞാനയാളെ ഓർമ്മിച്ചു. ഒരു മഞ്ഞു കാറ്റ് നെഞ്ചിൽ വീശുന്ന അനുഭവമതു തന്നു. ദൂരങ്ങൾക്കപ്പുറമിരുന്ന് അപൂർവ്വം ചിലപ്പോൾ മിണ്ടി. പക്ഷേ പ്രണയമെന്നൊരു വാക്കു പോലും ഇടയിൽ വന്നു പോയില്ല.
പ്രണയമെന്നുറപ്പിച്ചതെല്ലാം നോവിൻ്റെ പുതിയ വാതിലുകൾ തുറന്നിട്ടിട്ടു പോയി എങ്കിലും അതിലും ആഴമുള്ള ഓർമ്മകളുണ്ട് മധുരമുണ്ട്. പ്രണയം ഒരാളിൽ തുടങ്ങി അയാളിൽ മാത്രമായ് അവസാനിക്കുമെന്ന കളവിനെ വിശ്വസിക്കുന്നില്ല. കാരണം പ്രണയിച്ചവരോടു നിങ്ങൾ ചോദിച്ചു നോക്കൂ… പ്രണയ നിരാസങ്ങളുടെ ചവർപ്പു കാലങ്ങളിൽ നിന്നും എപ്പോഴും രക്ഷിച്ചിട്ടുള്ളത് മറ്റൊരു പ്രണയമാവണം.
ഓർമ്മയുണ്ട്. ഒരു കടുത്ത വേനലിൽ പൊള്ളുന്ന മണലിലൂടെ ഞങ്ങൾ കുറച്ചു പേർ നടന്നു പോകയായിരുന്നു. ഞാൻ അന്തമില്ലാതെ നടന്നു ചെന്നിറങ്ങിയ ഒരു വല്യ തടാകത്താഴ് വര. നീലിച്ച ജലാശയം. ചുറ്റിലും തോരണം വെച്ച പോലെ കാറ്റിൽ ആടി ചിരിക്കുന്ന ശീമപ്പുല്ലിൻ്റെ പൂക്കൾ. എനിക്കാ തടാകക്കരയിൽ നിന്ന് തിരിച്ചു കയറാനാവാതെ നിൽക്കുമ്പോൾ കൈ നീട്ടി തന്ന മനുഷ്യൻ. പിന്നീട് ഏറ്റവും തീവ്രവും അഗാധവുമായ പ്രണയത്തിന് എന്നെ കീഴ്പ്പെടുത്തിയ മനുഷ്യൻ. എന്തുകൊണ്ടോ ഏകദേശം ഒരാഴ്ച നീണ്ട അന്തേവാസവും കാഴ്ച്ച തേടിയുമുള്ള ആ യാത്രക്കിടയിൽ മറ്റൊരു കൈയ്യും ഞാനത്ര ധൈര്യത്തോടെ പിടിച്ചില്ല. മറ്റൊരു കണ്ണുകളുമെന്നെ ഞാൻ തട്ടി വീഴുന്നോ, നടന്നെത്തുന്നോയെന്ന് പിന്തുടർന്നുമില്ല.
മഞ്ഞുകാല ഭ്രാന്തുകൾക്ക് അടിമയാണു ഞാൻ. മഞ്ഞു വാരി പുതയ്ക്കാൻ തോന്നുന്നത്ര ഭ്രമം എനിക്കാ ഋതുവിലുണ്ട്.
നല്ല മഞ്ഞു പെയ്യുന്ന ഒരു രാത്രി ഹിൽ സ്റ്റേഷൻ്റെ ഉച്ചിയിൽ താഴ്വാരം കണ്ടു ഞങ്ങൾ എല്ലാവരും നിൽക്കെ അയാളുടെ ക്യാമറ ഫ്രെയിമിൽ പല വട്ടം ഞാൻ പതിഞ്ഞു. വാങ്ങി തന്ന ചായയൂതി കുടിച്ചു കൊണ്ട് ആ സഞ്ചാരിയെ പരുക്ക ശബ്ദത്തിൽ ഞാൻ കേട്ടു. മഞ്ഞിൽ കുളിച്ചു കൊണ്ട് ഞങ്ങൾ മലയിറങ്ങുമ്പോഴും ഞാനാ കൈകളിൽ പിടിച്ചിരുന്നു. താഴെ ആകാശം ഭൂമിയെ ചുംബിക്കുന്ന മനോഹരമായ കാഴ്ച്ച. മലയിടുക്കളിൽ അവിടവിടെ നിയോൺ ബൾബുകളുടെ പൊട്ടുവെട്ടങ്ങൾ. മഞ്ഞു മൂടി കാഴ്ച്ച മറയുന്ന നഗര വിസ്മയങ്ങൾ, കെട്ടിടങ്ങൾ, മിനാരങ്ങൾ… നനഞ്ഞ ചിറകുകളുണക്കി ഒച്ചവെയ്ക്കുന്ന കിളികൾ, പ്രാവുകൾ. ആ അവസാന ദിനം ആളും ബഹളവും പാട്ടുകളും അവസാനിച്ച് ഓരോരുത്തരായി യാത്ര പറഞ്ഞു പിരിഞ്ഞു.
ഒടുവിൽ ഞാനായിരുന്നു. എനിക്ക് പോകേണ്ട സ്റ്റേഷനിലേക്കുള്ള യാത്രയിൽ ഞാനയാളുടെ വണ്ടിയുടെ പിൻ സീറ്റിൽ ഇരിക്കുകയായിരുന്നു. കണ്ണാടിയിലൂടെ അയാളുടെ കുറുകിയ കണ്ണുകൾ, ഇത്തിരി കോടിയ ചുണ്ടുകൾ, അവിടവിടെ നര വീണ താടി എനിക്കു കാണാമായിരുന്നു. പതിവില്ലാതെ എന്തുകൊണ്ടോ ഞങ്ങൾക്കിടയിൽ കടുത്ത നിശ്ശബ്ദത മതിലു കെട്ടി. ഏറെ നേരത്തിനു ശേഷം അത്ര ദിവസങ്ങൾ സംസാരിച്ച വിഷയങ്ങളിൽ നിന്നും തീർത്തും വിഭിന്നമായ് ഭാവിയെക്കുറിച്ച് എന്താണ് പ്ലാൻ എന്നൊരു ചോദ്യം അയാളിൽ നിന്നും അടർന്നു വീണു.
“പ്രണയത്തിന് അടിമപ്പെടണം. ഈ നാടും മറ്റു മനുഷ്യരുടെ സ്വകാര്യതകളിൽ ഏന്തിയും വലിഞ്ഞും നോക്കുന്ന ദുഷിച്ച മനുഷ്യരെയും വിട്ട് സ്വാതന്ത്ര്യത്തിന് ചിറകു നൽകുന്ന ഏതെങ്കിലും യൂറോപ്യൻ രാജ്യത്തേക്കു പോകണം”. വളരെ പെട്ടന്ന് ചിരിച്ചു കൊണ്ടായിരുന്നുവെൻ്റെ മറുപടി. ഞാൻ വണ്ടിയുടെ മുൻ സീറ്റിലെ കണ്ണാടിയിലേക്ക് നോക്കി. ആ കണ്ണുകളിൽ ഇതുവരെ കാണാത്ത നനവിൻ്റെ തിളക്കം എൻ്റെ കണ്ണുകളിലുടക്കി. തോന്നലാവുമെന്നു സ്വയം പറഞ്ഞു നോക്കി. വീണ്ടും കനത്ത നിശ്ശബ്ദത. സ്റ്റേഷനിൽ വണ്ടി ചെന്നെത്തി ബാഗുമായ് ഞാനിറങ്ങുമ്പോൾ എന്നോടൊരക്ഷരം പോലും ഉരിയാടിയില്ല. യാത്ര പറയുമ്പോൾ എന്നെ നോക്കാതെ തിരക്കിട്ടു വണ്ടി മുന്നോട്ടെടുത്തു എന്നെ കടന്നു പോയി.
പരിചയമില്ലാത്ത സ്റ്റേഷനിൽ ഒറ്റക്കു വിട്ടല്ലോ എന്ന പരിഭവത്തെ മറച്ചു ഞാൻ മുന്നോട്ടു നടന്നു. തൊണ്ടയോളം മുറുകുന്ന വല്ലാത്ത ശൂന്യത യാത്രയിലുടനീളം എന്നെ വരിഞ്ഞു കെട്ടി. ആൾക്കൂട്ടത്തിൽ നിന്നു പെട്ടന്നു ഒറ്റയായതിൻ്റെ അനാഥത്വമെന്ന് സമാശ്വസിക്കവേ മൊബൈൽ ശബ്ദിച്ചു.
” നീ പോവേണ്ടിയിരുന്നില്ല. വല്ലാത്തൊരു ശൂന്യത, ഇത് പ്രണയമാണ് പെണ്ണേ…. ”
പുറത്തെ ചൂട് കണ്ണിലടിച്ച പോലെ എനിക്കെന്തു കൊണ്ടോ കണ്ണുകൾ നിറഞ്ഞു. വാക്കുകളങ്ങനെ കനത്തു കിടന്നു. പിന്നീടുള്ള എല്ലാ യാത്രകളിലും അയാൾ കൂടെയുണ്ടായി. ഒരുമിച്ച് കാടും മലയും കടലും ആകാശവും ദേശങ്ങളും കണ്ടു. പ്രണയത്തിൻ്റെ വസന്തകാലങ്ങളായ് ഒരുമിച്ചു പൂവിട്ടു. തീവ്ര ആവേശങ്ങളിൽ ശിശിരകാലങ്ങളായ് പടം പൊഴിച്ചു. ആകാശവും ഭൂമിയുമായ് വർഷകാലങ്ങളായ് പരസ്പരം പതിഞ്ഞു നനഞ്ഞു. ഒരിക്കലും പൂർണ്ണമാക്കാനാവാത്ത സംവാദ പൊരുത്തക്കേടുകളുടെ പിണക്കങ്ങളുടെ വേനലുകളിൽ ഒരുമിച്ചു പൊള്ളി. അപ്പോഴും സമുദ്ര രൗദ്രമെന്ന പോലെ ഇരമ്പിയാർക്കുന്ന ആ പ്രണയത്തിന് അടിമയാവുന്നു. ശേഷവും ഭ്രാന്തമായ് കെട്ടിപ്പിടിക്കുന്നു. എൻ്റേതെന്ന് പുലമ്പുന്നു.
ഒരു സമുദ്രത്തിൻ്റെ സകല ആസക്തികളും അപകടങ്ങളും പോലാണ് പ്രണയം. വേരിറങ്ങിയാൽ കീഴ്പ്പോട്ടു മാത്രമാവും യാത്ര. മടക്കമെന്നത് വേരു പിഴുതെറിയാതെ സാധ്യമല്ല. അതിനോളം വേദനയാർന്നതും മറ്റൊന്നുമില്ല.
പ്രണയം നമ്മളെ ജീവിക്കാൻ പ്രേരിപ്പിക്കും. തൊട്ടിരുന്ന ഇടങ്ങളെ നമ്മൾ ഉമ്മ വെയ്ക്കും. ഉമ്മ വെച്ചു പൊള്ളിയ ഇടങ്ങളെ നമ്മൾ തൊട്ടും നോക്കും. എന്നിൽ പ്രണയം ഒടുങ്ങുന്നേയില്ല.
പ്രിയനേ… എൻ്റെ ഞാനേ
“നിന്നെപ്പോലെന്നോടടുത്തിട്ടില്ലാരും,
എന്നെ നീറ്റിയിട്ടില്ലാരും,
യാതനയിലേക്കെന്നെയെറിഞ്ഞവൻ പോലും,
ഒന്നു തലോടി, പിന്നെ മറന്നവൻ പോലും.”
– അന്നാ ആഹ്മത്തോവ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here