ഇഡി ഉദ്യോഗസ്ഥർക്കെതിരെ 
പൊലീസിന്‌ കേസെടുക്കാമെന്ന്‌ സർക്കാർ ; ഹർജി ഇന്ന്‌ പരിഗണിക്കും

എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്‌ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ പൊലീസിന് അധികാരമുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ. കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ സംസ്ഥാനഏജൻസികൾക്ക് നിയമവിലക്കില്ലെന്നും പ്രതിക്ക് അന്വേഷണ ഏജൻസിയെ തീരുമാനിക്കാനാകില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ്വർണക്കടത്തുകേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സ്വപ്നയെ നിർബന്ധിച്ചുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലുള്ള ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്ന ഇഡി ജോയിന്റ്‌ ഡയറക്ടർ പി രാധാകൃഷ്ണന്റെ ഹർജിയിലാണ് സർക്കാർ നിലപാട്‌ അറിയിച്ചത്.

ഔദ്യോഗികചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ ഹർജി നിലനിൽക്കില്ല. പവ്യക്തിപരമായ കേസിൽ, അന്വേഷണ വിശദാംശങ്ങൾ സ്വകാര്യ അഭിഭാഷകന് കൈമാറി കോടതിയിൽ ഹർജിയോടൊപ്പം ഹാജരാക്കിയത് നിയമവിരുദ്ധമാണ്‌. അന്വേഷണ ഏജൻസിയുടെ കൈവശമുള്ളതും കോടതിയിൽ രഹസ്യമായി സമർപ്പിച്ചതുമായ രേഖകളാണിത്‌. ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ടതിൽ ബാഹ്യമായ ഗൂഢലക്ഷ്യങ്ങളുണ്ട്. സ്വന്തം ആവശ്യത്തിന്‌ കോടതിയെ ദുരുപയോഗംചെയ്യുന്ന ഹർജിക്കാരൻ, നിയമനടപടിക്ക് അർഹനാണ്. സ്വപ്നയുടെ ശബ്ദരേഖയെക്കുറിച്ച് അന്വേഷിക്കാൻ ഇഡി ആവശ്യപ്പെട്ടെന്നും പ്രാഥമികാന്വേഷണത്തിനുശേഷം പൊലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് അന്വേഷണമെന്നും സർക്കാർ അറിയിച്ചു.
കേസ് സിബിഐക്ക് കൈമാറണമെന്ന ആവശ്യത്തെയും സർക്കാർ എതിർത്തു. അന്തിമറിപ്പോർട്ട്‌ സമർപ്പിച്ചശേഷം പ്രതിക്ക് വിചാരണക്കോടതിയെ സമീപിക്കാം.

സന്ദീപിന്റെ കത്ത്‌: 
ഇഡിക്കെതിരെ കേസെടുത്തു
സ്വർണക്കടത്ത്‌ കേസിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ മൊഴി നൽകാൻ സമ്മർദം ചെലുത്തിയെന്ന്‌ വെളിപ്പെടുത്തി നാലാം പ്രതി സന്ദീപ്‌ നായർ മജിസ്‌ട്രേട്ടിന്‌ എഴുതിയ കത്തിന്റെ അടിസ്ഥാനത്തിൽ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച്‌ കേസെടുത്തു. വ്യാജ തെളിവുണ്ടാക്കൽ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളിലാണ്‌ കേസ്‌. അന്വേഷണത്തിനായി ക്രൈംബ്രാഞ്ച്‌ ആലപ്പുഴ ഡിവൈഎസ്‌പി ബൈജു പൗലോസിനെ ചുമതലപ്പെടുത്തി.

സ്വപ്‌ന സുരേഷിന്റെ ശബ്‌ദരേഖയുടെയും സുരക്ഷാ ഡ്യൂട്ടിക്കുണ്ടായിരുന്ന രണ്ട്‌ വനിതാ സിവിൽ പൊലീസ്‌ ഓഫീസർമാരുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച്‌ മറ്റൊരു കേസും രജിസ്‌റ്റർ ചെയ്‌തിരുന്നു. ഇതേക്കുറിച്ച്‌ ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്‌. കഴിഞ്ഞ മന്ത്രിസഭാ യോഗമാണ്‌ ജസ്‌റ്റിസ്‌ വി കെ മോഹനനെ ജുഡീഷ്യൽ കമീഷനായി നിയോഗിച്ചത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here