കുറ്റം പറച്ചിലിനും പഴിപറച്ചിലിനും കഥകൾ ഉണ്ടാക്കലിനും ഒരു പഞ്ഞവും കാണിക്കാത്ത ഈ നാട്ടിൽ ഞാനും മോനും ചേട്ടനും അനിയനുമായി ജീവിച്ചു’’:പോരാളി ആനി ശിവ

ആത്മവിശ്വസം നഷ്ട്ടപ്പെട്ട,സ്വയം ജീവനൊടുക്കുന്ന പെൺകുട്ടികളുടെ വാർത്ത കൂടി വരുന്ന സമയത്ത് ഊർജം നൽകുന്നതാണ് ആനി ശിവയെന്ന പോരാളിയായ പെൺകുട്ടിയുടെ കഥ .കിടക്കാൻ ഒരു കൂരയോ വിശപ്പടക്കാൻ ഒരു നേരത്തെ ഭക്ഷണമോ ഇല്ലാതെ കഷ്ടപ്പെട്ട പെൺകുട്ടിയുടെ പോരാട്ടത്തിന്റെയും ജീവിതവിജയത്തിന്റെയും കഥയാണ് എസ്‌ഐ യൂണിഫോമിൽ നിൽക്കുന്നത് .കാഞ്ഞിരംകുളം സ്വദേശിനി ആനി ശിവയാണ് ആ പെൺകുട്ടി.

സ്വന്തം ജീവിതത്തെക്കുറിച്ച് ആനി ശിവ ഫെയ്‌സ്ബുക്കിൽ കുറിച്ചത് ഇങ്ങനെ: ‘‘എങ്ങനെയോ ഭ്രാന്ത് വരാതെ പിടിച്ചു നിന്നവൾ. ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ദൈവാനുഗ്രഹത്താൽ അവൾ ജീവിതം ഒരു കരയ്ക്ക് എത്തിച്ചപ്പോഴും കുറ്റം പറച്ചിലിനും പഴിപറച്ചിലിനും കഥകൾ ഉണ്ടാക്കലിനും ഒരു പഞ്ഞവും കാണിക്കാത്ത ഈ നാട്ടിൽ ഞാനും മോനും ചേട്ടനും അനിയനുമായി ജീവിച്ചു’’.

ആറു മാസം പ്രായമുള്ള കൈക്കുഞ്ഞിനേയും കൊണ്ട് തെരുവിലേക്ക് ഇറങ്ങുമ്ബോള്‍ എങ്ങനെ ജീവിക്കുമെന്ന ആശങ്കയിലായിരുന്നു ആനി ശിവ. പിന്നീടുള്ള ജീവിതം ഒരു പോരാട്ടം തന്നെയായിരുന്നു ഈ അമ്മയ്ക്കും മകനും. വീട്ടുകാരുടെ പിന്തുണ ഇല്ലാതായതോടെ അമ്മൂമ്മയുടെ വീട്ടിലെ ചായിപ്പില്‍ തുടങ്ങിയ ജീവിതം. 14 വര്‍ഷങ്ങള്‍ക്ക് ശേഷം ആനി ശിവ നിവര്‍ന്നു നില്‍ക്കുകയാണ്. വര്‍ക്കല പൊലീസ് സ്റ്റേഷന്‍ എസ്‌ഐ ആയി.

ഗവ.കോളേജില്‍ ഒന്നാം വര്‍ഷ ഡിഗ്രിക്ക് പഠിക്കുമ്ബോഴാണ് വീട്ടില്‍ നിന്ന് ഇറങ്ങി കൂട്ടുകാരനൊപ്പം ജീവിതം തുടങ്ങുന്നത്. എന്നാല്‍ പഠനം മൂന്നാം വര്‍ഷത്തില്‍ എത്തിയപ്പോഴേക്കും ഈ ബന്ധം അവസാനിച്ചു. കുഞ്ഞിനേയും കൊണ്ട് വീട്ടിലേക്ക് കയറിവന്ന മകളെ അം​ഗീകരിക്കാന്‍ വീട്ടുകാര്‍ക്കായില്ല. അതോടെയാണ് താമസം അമ്മൂമ്മയുടെ ചായപ്പിലാക്കുന്നത്.

അതിനു ശേഷം ജീവിക്കാനായി ചെയ്തുകൂട്ടിയ ജോലികള്‍ക്ക് കണക്കില്ല. കറിപ്പൗഡറും സോപ്പും വീടുകളില്‍ കൊണ്ടുപോയി നടന്നു വിറ്റും ഇന്‍ഷുറന്‍സ് ഏജന്റായുമെല്ലാം ജോലി ചെയ്തു. അതിനിടെ ചില ബിസിനസുകള്‍ നടത്തിയെങ്കിലും അതും പരാജയമായി. വര്‍ക്കല ശിവഗിരി തീര്‍ത്ഥാടന സമയത്ത് നാരങ്ങാ വെള്ളവും ഐസ്ക്രീമും വിറ്റു .ആ സമയത്തെല്ലാം പഠനവും മുന്നോട്ടു കൊണ്ടുപോകാനും മറന്നില്ല.

കൈക്കുഞ്ഞിനെയുംകൊണ്ട് പലയിടത്തായി മാസങ്ങളുടെ ഇടവേളയില്‍ മാറിമാറിത്താമസിച്ചു. സുരക്ഷിതത്വത്തിനായി ആണ്‍കുട്ടികളെപ്പോലെ മുടിവെട്ടി. മകന്‍ ശിവസൂര്യയുടെ അമ്മയും അച്ഛനുമെല്ലാമായി.

2014-ല്‍ സുഹൃത്തിന്റെ പ്രേരണയിലാണ് വനിതകളുടെ എസ്.ഐ. പരീക്ഷ എഴുതാന്‍ തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തില്‍ ചേര്‍ന്നു. വനിതാ പോലീസ് തസ്തികയിലേക്കും പരീക്ഷയെഴുതി. 2016-ല്‍ വനിതാപോലീസായി ജോലി ലഭിച്ചു. 2019-ല്‍ എസ്.ഐ. പരീക്ഷയിലും വിജയം. പരിശീലനത്തിനുശേഷം 2021 ജൂണ്‍ 25-ന് വര്‍ക്കലയില്‍ എസ്.ഐ.യായി ആദ്യനിയമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News