ഓറഞ്ച് ഒരു ചെറിയ പഴമല്ല…കണ്ണ് തെളിയണമെങ്കില്‍ ഓറഞ്ച് കഴിക്കണം

നിരത്തിലെവിടെയും ഇന്ന് സുലഭമായി കിട്ടുന്ന ഒരു പഴമാണ് ഓറഞ്ച്.ദിവസവും ആപ്പിൾ കഴിക്കുന്നത് രോഗങ്ങൾ അകറ്റുമെന്നാണ് പറയാറ്. എന്നാൽ ഓറഞ്ചിനുമുണ്ട് ഗുണങ്ങളേറെ.നാവിനു രുചിയും ശരീരത്തിന് ആരോഗ്യവും ഈ ഫലം പ്രദാനം ചെയ്യുന്നു.

പഴങ്ങളുടെ കൂട്ടത്തിൽ കാത്സ്യത്തിന്റെ ഏറ്റവും മികച്ച ശേഖരമാണ് ഓറഞ്ചിലുള്ളത് . 100 ഗ്രാം ഓറഞ്ചിൽ 26 മില്ലി ഗ്രാം കാത്സ്യം അടങ്ങിയിരിക്കുന്നു. സോഡിയം, മഗ്‌നീഷ്യം, കോപ്പർ, സൾഫർ, ക്ലോറിൻ, ഫോസ്ഫറസ് എന്നിവയും ജീവകം എ, ബി, സി മുതലായവയും ഓറഞ്ചിൽ നല്ല തോതിലുണ്ട്.

വിറ്റാമിൻ സി യുടെ കലവറയാണ് ഓറഞ്ച്.പ്രതിരോധശേഷി കൂട്ടി ശരീരത്തെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഈ വിറ്റാമിൻ വളരെ അത്യാവശ്യമാണ്. പ്രായമേറുന്നതിന് അനുസരിച്ച് ചർമ്മത്തിന് പല മാറ്റങ്ങളും സംഭവിക്കാം.ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡൻസും വിറ്റാമിൻ സി യും ഇത്തരം മാറ്റങ്ങളെ ഒരു പരിധിവരെ തടയുകയും അങ്ങനെ ചർമത്തിൽ പ്രായം തോന്നിക്കാതെ ചെറുപ്പമായിരിക്കാനും ഓറഞ്ച് സഹായിക്കുന്നു.

ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, എ , പൊട്ടാസിയം എന്നിവ കണ്ണിന് കാഴ്ചയ്ക്കും വളരെ ആവശ്യമാണ്. കണ്ണ് തെളിയണമെങ്കിൽ ഓറഞ്ച് കഴിക്കണമെന്നു ചുരുക്കം. ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന നാരുകൾ വയറിന്റെ ആരോഗ്യത്തിനും അവിഭാജ്യഘടകമാണ്. ഇവ വയറിനുള്ളിലെ അൾസറിനെയും മലബന്ധത്തെയും തടയും.

ഓറഞ്ച് ജ്യൂസ് ശീലമാക്കിയാൽ ദന്തക്ഷയം, ദന്തം ദ്രവിക്കുന്ന അവസ്ഥ എന്നിവ മാറുമെന്ന് ചിക്കാഗോയിലെ ഡോ. ഹാർക്ക് എന്ന ഗവേഷകന്റെ പഠനം തെളിയിച്ചിട്ടുണ്ട്. ഓറഞ്ചിലെ കാത്സ്യവും വിറ്റമിൻ സി യും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ജലദോഷം, ക്ഷയം, ആസ്തമ, ബ്രോങ്കൈറ്റിസ് എന്നിവ ബാധിച്ചവർ ഓറഞ്ച് ജ്യുസിൽ ഒരു നുള്ള് ഉപ്പും ഒരു സ്പൂൺ തേനും കലർത്തി സേവിച്ചാൽ കഫം പുറന്തള്ളാനും രോഗശമനശേഷി കൂട്ടാനും സഹായിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here