‘വികസനത്തിന്‌ ഇതുവരെ തടസ്സം നിന്നിട്ടില്ല; നക്ഷത്ര ഹോട്ടൽ പൂർണമനസ്സോടെ കെ റെയിലിനായി വിട്ടുനൽകും’; ഇവർ വികസനത്തിനൊപ്പം

വികസനത്തിന്‌ ഇതുവരെ തടസ്സം നിന്നിട്ടില്ല. ഇനിയും അതുണ്ടാകില്ല. കെ– റെയിലിന്‌ നക്ഷത്ര ഹോട്ടൽ പൂർണമനസ്സോടെ വിട്ടുനൽകും ’, താവക്കരയിലെ സെൻട്രൽ അവന്യു ഹോട്ടലുടമകളായ എം എൻ സുനിലിന്റെയും ഡോ. എം എൻ ഗിരീഷിന്റെയും വാക്കുകളിലുണ്ട്‌ നാടിനോടുള്ള പ്രതിബദ്ധത.

‘ഹോട്ടൽ നിൽക്കുന്ന 50 സെന്റിന്റെ മധ്യത്തിലൂടെയാണ്‌ കെ– റെയിൽ സാമൂഹ്യാഘാത പഠനത്തിനുവേണ്ടി കല്ലിട്ടത്‌. ഈ പദ്ധതി വരണം. സ്ഥലമേറ്റെടുക്കുന്നതിൽ സന്തോഷമേയുള്ളൂ’, സുനിൽ വ്യക്തമാക്കി. ഫോർ സ്റ്റാർ സൗകര്യമുള്ള പ്രമുഖ ഹോട്ടലാണിത്‌.

കണ്ണൂർ നഗരത്തിലെ കണ്ണായ സ്ഥലത്ത്‌ 35,000 ചതുരശ്ര അടിയിലുള്ള ഹോട്ടൽ 2012ലാണ്‌ തുടങ്ങിയത്‌. കൊവിഡ്‌കാലത്ത്‌ പ്രവർത്തനം നിർത്തി. നിയന്ത്രണങ്ങൾ മാറിയശേഷം വീണ്ടും പ്രവർത്തനം തുടങ്ങാനിരിക്കെയാണ്‌ കെ– റെയിലിനായി കല്ലിട്ടത്‌. ഏറ്റെടുക്കുകയാണെങ്കിൽ ഹോട്ടൽ പൂർണമായും പൊളിക്കേണ്ടിവരും. ‘അർഹിക്കുന്ന നഷ്ടപരിഹാരം കിട്ടുമെന്ന്‌ ഉറപ്പാണ്‌ ‘, സുനിൽ പറഞ്ഞു.

മുമ്പും ഇത്തരത്തിൽ വികസന പ്രവർത്തനങ്ങൾക്കായി ഇവർ സ്ഥലം വിട്ടുനൽകിയിട്ടുണ്ട്. നഗരത്തിൽ സുനിലിന്റെയും ഡോ. ഗിരീഷിന്റെയും ഉടമസ്ഥതയിൽ മറ്റു ചില സ്ഥാപനങ്ങളുമുണ്ട്. സെൻട്രൽ അവന്യു ഹോട്ടലിന്റെ സ്ഥലത്ത്‌ നേരത്തേ സെൻട്രൽ ടാക്കീസായിരുന്നു.

താവക്കര സബ്‌വേക്കുവേണ്ടി സ്ഥലം വിട്ടുകൊടുത്തതിന്റെ ബാക്കിയുള്ള സ്ഥലത്താണ്‌ ഹോട്ടൽ പണിതത്‌. അന്ന്‌ തുച്ഛമായ തുകയാണ്‌ ലഭിച്ചത്‌. കണ്ണൂർ–മട്ടന്നൂർ റോഡിലെ ഇവരുടെ ഉടമസ്ഥതയിലുള്ള പെട്രോൾ സ്‌റ്റേഷൻ വിമാനത്താവള റോഡ്‌ നവീകരണത്തിനായി അടയാളപ്പെടുത്തിയിട്ടുണ്ട്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News