P C George : മുസ്ലീം സമുദായത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി പി സി ജോര്‍ജ്

മുസ്ലീം ( Muslim ) സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തി പി സി ജോര്‍ജ് ( P C George ). അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് പിസി ജോര്‍ജ് വിവാദ പ്രസംഗം നടത്തിയത്.  ഏപ്രില്‍ 27 മുതല്‍ മെയ് ഒന്ന് വരെ നടക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്തായിരുന്നു പി.സി. ജോര്‍ജിന്റെ വിവാദ പരാമര്‍ശങ്ങള്‍.

കച്ചവടം ചെയ്യുന്ന മുസ്ലീങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നു, ജനസംഖ്യ വര്‍ധിപ്പിച്ച് മുസ്ലീം രാജ്യമാക്കാന്‍ ശ്രമിക്കുന്നുവെന്ന് പി സി ജോര്‍ജ് പറഞ്ഞു. പുരോഹിതര്‍ ഭക്ഷണത്തില്‍ തുപ്പിയ ശേഷം വിതരണം ചെയ്യുന്നു , മുസ്ലീംങ്ങളായ കച്ചവടക്കാര്‍ അവരുടെ സ്ഥാപനങ്ങള്‍ അമുസ്ലിം മേഖലകളില്‍ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവര്‍ന്നു കൊണ്ടുപോകുന്നു എന്നിങ്ങനെയായിരുന്നു പിസി ജോര്‍ജ് ആരോപണങ്ങള്‍ ഉന്നയിച്ചത്.

ശബരിമലയിലെത്തിയ സ്ത്രീകളെ വളരെ മോശം ഭാഷയില്‍ അപമാനിച്ചുകൊണ്ടും ടിപ്പു സുല്‍ത്താനെ താഴ്ത്തിക്കെട്ടുന്ന തരത്തിലും പ്രസംഗത്തില്‍ പരാമര്‍ശങ്ങളുണ്ടായി. ലവ് ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നും മുസ്ലിങ്ങളുടെ ഹോട്ടലുകളില്‍ ഒരു ഫില്ലര്‍ ഉപയോഗിച്ച് ചായയില്‍ ഒരു മിശ്രിതം ചേര്‍ത്ത് ജനങ്ങളെ വന്ധ്യംകരിക്കുകയാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

”ഞാന്‍ ഈയൊരു യോഗത്തിന് വേണ്ടി മാത്രമാണ് ഈരാറ്റുപേട്ടയില്‍ നിന്ന് വന്നത്. ഈരാറ്റുപേട്ട എന്ന് പറയുന്നത് ലോകത്ത് ഏറ്റവുമധികം മുസ്ലിങ്ങള്‍ ഒരുമിച്ച് താമസിക്കുന്ന പ്രദേശമാണ്. ആകെയുള്ള ജനസംഖ്യയുടെ 97 ശതമാനവും മുസ്ലിങ്ങളാണ്.

ബാക്കി എന്നെപ്പോലെ ചില പാവപ്പെട്ട ക്രിസ്ത്യാനികളും ഹിന്ദുക്കളും മാത്രമേ അവിടെയുള്ളൂ. ബാക്കിയെല്ലാം മുസ്ലിങ്ങളാണ്.

ഞാനിപ്പൊ വരുന്ന വഴിയില്‍ പുതുതായി ഒരു മുസ്ലിമിന്റെ ജൗളിക്കടയുണ്ട്. ആ കടക്കകത്ത് ഒരു 150 പേരുടെ തള്ള്. അതിന്റെ ഇപ്പുറത്ത് അതിലും നല്ല രീതിയില്‍ ഒരു നായരുടെ കടയുണ്ട്. ഈച്ചയെ ആട്ടി ഇരിപ്പാണ്. നമ്മുടെ ആളുകളുടെ ഗുണമാണ് അത്.

ഇതൊക്കെ ആലോചിച്ച് ഓര്‍ത്ത് പ്രവര്‍ത്തിച്ചില്ലെങ്കില്‍ നിങ്ങള്‍ ദുഖിക്കേണ്ടി വരും.

ഞാന്‍ കേട്ടത് ശരിയാണെങ്കില്‍ മുസ്ലിങ്ങളുടെ ഹോട്ടലുകളില്‍ പലതും നടക്കുന്നുണ്ട്. ഒരു ഫില്ലര്‍ വെച്ചിരിക്കും, ചായയില്‍ അത് ഒറ്റ തുള്ളി ഒഴിച്ചാല്‍ മതി. വന്ധ്യംകരിക്കും, പുരുഷനെയും സ്ത്രീയെയും. അങ്ങനെ ഇന്ത്യാ രാജ്യം പിടിച്ചടക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്,” പി.സി. ജോര്‍ജ് സമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം സംഭവത്തില്‍ പി സി ജോര്‍ജിനെതിരെ നടപടി ആവശ്യപ്പെട്ട് മുസ്ലീം യൂത്ത് ലീഗ് പരാതി നല്‍കി.യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ഡിജിപിക്കും മുഖ്യമന്ത്രിക്കുമാണ് പരാതി നല്‍കിയത്. വളരെ സൗഹാര്‍ദ്ദ പൂര്‍വ്വം ജനങ്ങള്‍ അധിവസിക്കുന്ന നാടാണ് കേരളമെന്നും അങ്ങിനെയൊരിടത്ത് ജനങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയത പറഞ്ഞും പ്രസംഗിച്ചു ചേരിതിരിവുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ഒരു തരത്തിലും അനുവദിച്ചുകൂടെന്നും പി കെ ഫിറോസ് പരാതിയില്‍ പറഞ്ഞു.

നാട്ടില്‍ ക്രമസമാധാനവും മതസൗഹാര്‍ദ്ധവും നിലനിര്‍ത്താന്‍ ഇത്തരം ആളുകള്‍ക്കെതിരെ ശക്തമായ നടപടി അനിവാര്യമാണ്. പി സി ജോര്‍ജിനെതിരെ കേസെടുത്ത് നിയമ നടപടി സ്വീകരിക്കണം എന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here