അദ്ദേഹം കേരള ജനതയെ വിശ്വസിക്കുന്നു. അത് ഹൃദയപൂർവമുള്ള വിശ്വാസമാണ്. അവർക്കു കരുതലായി, താങ്ങായി, തണലായി പിണറായി വിജയൻ ഒപ്പമുണ്ടാകും. ഇത് ഉറപ്പ്: ജോൺ ബ്രിട്ടാസ് എം പി യുടെ കുറിപ്പ്

മലയാളികൾ പിണറായിയെ നെഞ്ചിലേറ്റുന്നതിൽ എന്ത് അതിശയം: ജോൺ ബ്രിട്ടാസ് എം പി യുടെ കുറിപ്പ്

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തിയേഴാം പിറന്നാൾ.കേരളത്തെ ദുരിതത്തിലും ദുരന്തത്തിലും കരുത്തോടെ നയിച്ച മുഖ്യമന്ത്രിയുടെ പിറന്നാൾ.ഈ ദിനം അതുകൊണ്ട് തന്നെ മലയാളികൾക്ക് പ്രിയപ്പെട്ടതാണ്.മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് ജോൺ ബ്രിട്ടാസ് എം പി ഒരു മാധ്യമത്തിൽ ഒരു വര്ഷം മുൻപ് എഴുതിയ ലേഖനം ഉള്ളടക്കത്താൽ ശ്രദ്ധേയമാകുകയാണ്.നമ്മൾ ഇതുവരെ അറിയാത്ത പിണറായി വിജയൻ എന്ന വ്യക്തിയെ കൂടുതൽ അടുത്തുകാണാം ഈ ലേഖനത്തിലൂടെ.

മുപ്പത്തിമൂന്ന് വർഷം മുൻപുള്ള ചെറിയൊരു സംഭവമാണ്. കൊച്ചുകൊച്ചു കാര്യങ്ങളാണല്ലോ മനസ്സിൽ പലപ്പോഴും മിന്നുക. കണ്ണൂരിൽ മാധ്യമപ്രവർത്തകനായി തുടക്കം കുറിച്ചിട്ടേയുള്ളു. അന്ന് സ്വന്തം വാഹനമില്ല. അതുകൊണ്ട് ബസ്സിലോ മറ്റുള്ളവരുടെ സഹായത്തോടെയോ ആണ് പരിപാടികളിൽ എത്തുന്നത്. മാടായി സഹകരണ ബാങ്കിന്റെ പരിപാടിക്ക് സ്പീക്കറായിരുന്ന വർക്കല രാധാകൃഷ്ണൻ എത്തുന്നുണ്ട്​.​ സിപിഐ(എം) ജില്ലാ സെക്രട്ടറി പിണറായി വിജയനും ആ പരിപാടിയിൽ സംബന്ധിക്കുന്നുണ്ട്. ഞാനും കൂടി പോരട്ടെയെന്ന ചോദ്യത്തിന് “വാഹനം ആൾക്കാർക്ക് സഞ്ചരിക്കാനുള്ളതല്ലേ?” എന്ന മറുചോദ്യത്തോടെ എന്റെ അഭ്യർത്ഥന സർവാത്മനാ അദ്ദേഹം സ്വീകരിച്ചു. പരിപാടിയുടെ സ്ഥലത്തെത്തിയ ഞാൻ മാധ്യമ പ്രവർത്തകരും മറ്റും ഇരിക്കുന്നിടത്തേക്ക് പോയി. അതിനിടയിൽ ബാങ്ക് കെട്ടിടത്തിനുള്ളിൽ വിശിഷ്ടാതിഥികൾക്ക് ചെറിയൊരു തേയില സത്കാരം നടത്തുന്നുണ്ടായിരുന്നു. തന്റെ കൂടെ വന്ന ആൾക്കാർ ചായയും പലഹാരവും കഴിച്ചിരിക്കണം എന്നത് പിണറായിയുടെ ചിട്ടയുടെ ഭാഗമാണ്. ഞാൻ ഒഴിഞ്ഞു മാറിയതാണ് എന്ന് മനസ്സിലാക്കിയ അദ്ദേഹം ഡ്രൈവർ മോഹനനെ വിട്ട് ആൾക്കൂട്ടത്തിൽ നിന്നും ബലമായി എന്നെ കൂട്ടിക്കൊണ്ടുപോയി ചായ ക‍ഴിപ്പിച്ച് മടക്കി വിട്ടു. പിണറായിയെ അറിയാവുന്നവർക്കെല്ലാം അദ്ദേഹത്തിന്റെ ഈ കരുതൽ ബോധ്യപ്പെട്ടിട്ടുണ്ടാകും. ജില്ലാ സെക്രട്ടറിയിൽ നിന്ന് മന്ത്രിയിലേക്കും സംസ്ഥാന സെക്രട്ടറിയിലേക്കും മുഖ്യമന്ത്രിയിലേക്കും അദ്ദേഹം വളർന്നപ്പോൾ ഈ കരുതലും പടർന്നു പന്തലിച്ചു.

പിണറായിയെ കുറിച്ചുള്ള പൊതു ധാരണ അദ്ദേഹത്തിന് തമാശയൊന്നും ‍വ‍ഴങ്ങില്ല എന്നാണ്. എന്നാൽ നർമ്മം ഏറെ ആസ്വദിക്കുകയും അതിൽ ഭാഗമാകുകയും ചെയ്യും.പാലൊളി മുഹമ്മദുകുട്ടി സാത്വികനായ കമ്യൂണിസ്റ്റ് നേതാവാണല്ലോ. ഗൾഫ് യാത്രാ സംഘത്തിൽ പഴയകാല പാർട്ടി ഫലിതങ്ങളുടെ കെട്ടഴിച്ചാൽ, പിണറായി ചിരിച്ചു മറിയും. സംഘത്തിലെ ചെറുപ്പക്കാരെപ്പോലെ പാലൊളി ഒരു ദിവസം ഷർട്ട് പാന്റ്സിൽ ഇൻ ചെയ്തുവന്നു. കൂടെയുള്ളവർക്കൊക്കെ ചിരിപൊട്ടി. ഉടൻ പിണറായിയുടെ കമന്റ്. “ഭയങ്കര സ്റ്റൈലിലാണല്ലോ മൂപ്പർ.’’വേറൊരു യാത്രയ്ക്ക് പാലൊളി എയർപോർട്ടിലെത്തിയതു കടയിൽ നിന്നു കിട്ടിയ പ്ലാസ്റ്റിക് കവർ പൊളിച്ചു കളയാത്ത പെട്ടിയുമായാണ്. പിണറായി ഗൗരവം വിടാതെ തന്നെ ചോദിക്കുന്നു ‘‘കടയിൽ നിന്നു പെട്ടി കടം വാങ്ങിയതാണോ?”പാലൊളി പകച്ചു നിന്നപ്പോൾ പിണറായി തുടർന്നു പറഞ്ഞു: “പ്ലാസ്റ്റിക് കവർ പൊളിക്കാത്തതുകൊണ്ടു ചോദിച്ചതാ.’’ സ്നേഹമുള്ളവരെ കളിയാക്കാനും ശാസിക്കാനും അദ്ദേഹം മറക്കാറില്ല.

ബഹ്റൈനിൽ എപ്പോൾ ചെന്നാലും പി.ടി. നാരായണന്റെ നേതൃത്വത്തിലുള്ള പ്രതിഭ എന്ന സംഘടനയാണു ഞങ്ങളുടെ സഹകാരികൾ. എന്തു സഹായത്തിനും തയാറായി നാരായണനും ഞങ്ങളോടൊപ്പമുണ്ടാകും. അദ്ദേഹം ഞങ്ങളുടെ കൂടെയുള്ള റഷീദിനെ (ടൈറ്റാനിയം ചെയർമാൻ അഡ്വ. എ.എ. റഷീദ്) റാഷിദ് എന്നാണ് വിളിച്ചിരുന്നത്. ഒരാളുടെ പേർ തെറ്റായി ഉച്ചരിക്കുന്നതു പിണറായിക്ക് ഇഷ്ടമല്ല. ഓരോ തവണ റഷീദിന്റെ പേര് തെറ്റി വിളിക്കുമ്പോഴും പിണറായി നോക്കും. സഹികെട്ട് നാരായണനെ മുറിയിൽ ഒരിടത്ത് ഇരുത്തിയ ശേഷം പിണറായി വിശദീകരിക്കാൻ തുടങ്ങി. “റഷീദ് എന്നു പറഞ്ഞാൽ അറബിക്കിൽ പ്രജ എന്നാണർഥം. അതായതു ഭരിക്കപ്പെടുന്നവൻ. റാഷീദ് എന്നു പറഞ്ഞാൽ അർഥം മാറി. ഭരിക്കുന്നവൻ”. നാരായണൻ അവശനായി തന്നെത്തന്നെ നോക്കിയിരുന്നപ്പോൾ പിണറായി തുടർന്നു ‘‘ഓരോ പേരിനുമുണ്ട് ഓരോ അർഥതലം. അല്ലെങ്കിൽ, അതു കേൾക്കുന്നവർ എന്റെ നാരായണാ എന്നു വിളിച്ചു പോകും.’’

ചിട്ടയും കണിശവും പിണറായിക്കു പ്രധാനം. അതേ സമയം മലയാളി എവിടെ പോയാലും ചോറും മീൻകറിയും അന്വേഷിക്കുമെന്നു പറയാറില്ലേ? എന്നാൽ, പിണറായിക്ക് എപ്പോഴും ചെന്ന രാജ്യത്തെ ഭക്ഷണങ്ങളാണ് ഇഷ്ടം. വിഭവങ്ങൾ ഓരോന്നും രുചിച്ചിരുന്നു സമയമെടുത്ത് ആസ്വദിച്ച് അദ്ദേഹം ഭക്ഷണം കഴിക്കുന്നതു കാണാൻ തന്നെ ഒരു സ്റ്റൈലാണ്. ആവശ്യത്തിനുള്ളതേ പ്ലേറ്റിലിടൂ. പ്ലേറ്റിലിട്ടതു മുഴുവൻ കഴിക്കും. ഭക്ഷണം കൂട്ടിക്കുഴച്ചുവച്ചു വെറുതെ കളയുകയില്ല.

ക്വാളിറ്റി ടൈമിന്റെ അർഥം ഇത്ര നന്നായി അറിയുന്ന ഒരാളെ ഞാൻ വേറെ കണ്ടിട്ടില്ല. ഒരാൾക്ക് ഒരു സമയം നൽകിയാൽ ആ സമയം പൂർണമായി അയാളുടേതു തന്നെ (ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായ സമയത്തേതുപോലെ മുറി നിറയെ സന്ദർശകരുണ്ടാവില്ല). അയാൾക്കു പറയാനുള്ളതു മുഴുവൻ പറയാം. അതെല്ലാം ശ്രദ്ധയോടെയും ക്ഷമയോടെയും ഇരുന്നു കേൾക്കും. ഇതു തന്നെയാണ് വീട്ടിലേക്ക് അതിഥിയായി വിളിക്കപ്പെടുന്നവർക്കും ലഭിക്കുന്ന സൗഭാഗ്യം. അതുകൊണ്ടു തന്നെ ഒരു അതിഥിക്കും വീർപ്പുമുട്ടലില്ല. വിളിക്കുന്ന വ്യക്തിക്കു നൽകാവുന്ന ആദരവും ശ്രദ്ധയും നൽകുന്നതിൽ കുടുംബാംഗങ്ങളായ ഭാര്യ കമലയും മകൾ വീണയും ഒപ്പമുണ്ടാകും.

അതിഥികൾക്കു രുചികരമായ ഭക്ഷണം വിളമ്പുന്നതോടൊപ്പം ഗൃഹനാഥൻ ഓരോ വിഭവത്തിന്റെയും പ്രത്യേകത, അതിന്റെ ആരോഗ്യപരമായ ഗുണങ്ങൾ എന്നിവ പറഞ്ഞു കൊടുക്കുന്നു. ഒരിക്കൽ ആ ആതിഥേയത്വം സ്വീകരിച്ചവർ ജീവിതകാലം മുഴുവൻ ആനന്ദകരമായ ഒരനുഭവമായി മനസ്സിൽ സൂക്ഷിക്കും. അതിഥിയെ സ്വീകരിക്കുന്നതിലും ശ്രദ്ധാപൂർവമായ മര്യാദ ഒട്ടും കുറയ്ക്കില്ല. തിരിച്ചയയ്ക്കുമ്പോൾ, പടിയിറങ്ങുന്നതു വരെ കൂടെയുണ്ടാകും. അപ്പോൾ പിണറായി മുഖ്യമന്ത്രിയല്ല, നല്ലൊരു ആതിഥേയ കുടുംബത്തിന്റെ കാരണവരാണ്. പിണറായി നല്ലൊരു കുടുംബസ്ഥനാണ്. ഭാര്യയ്ക്കും മക്കൾക്കും അദ്ദേഹം നൽകുന്ന ശ്രദ്ധയും കരുതലും കണ്ടുപഠിക്കണം. ഏതു തിരക്കിനിടയിലും വീട്ടിലെ ഏതു കൊച്ചുകാര്യത്തിലും അദ്ദേഹത്തിന്റെ കണ്ണുണ്ടാകും. എവിടെ പോകുമ്പോഴും ഭാര്യയെ കൂടെ കൊണ്ടുപോകാൻ ശ്രമിക്കും. പറ്റിയാൽ മക്കളെയും കൊച്ചുമക്കളെയും കൂട്ടും. അവരുടെ സന്തോഷം പിണറായിക്കു പ്രധാനം തന്നെ.

പിണറായി എന്നും പോസിറ്റീവാണ്. പരദൂഷണം പറയാറില്ലെന്നു മാത്രമല്ല, അതു കേൾക്കാറുമില്ല. മറ്റുള്ളവരുടെ കുറ്റവും കുറവും പറഞ്ഞ് അങ്ങോട്ടു ചെല്ലേണ്ട. നിരാശപ്പെടേണ്ടി വരും. മറുപടികൾ ഉരുളയ്ക്ക് ഉപ്പേരി പോലെയാകും. ആ പറച്ചിലോടെ അതു തീരുന്നു. തന്നെ നഖശിഖാന്തം എതിർത്തവരോടുപോലും പകപോക്കാൻ പിണറായി നിൽക്കാറില്ല. ചിലർ ആ പാറയിൽ തലതല്ലി വീഴുന്നുണ്ടെങ്കിൽ അതവരുടെ പ്രശ്നം.
വന്ന വഴിയിൽ പരിചയപ്പെട്ട ഒരാളെപ്പോലും മറക്കുകയോ പഴയ വഴിത്താരയിലെ കണ്ണികളെ അദ്ദേഹം അറുത്തുകളയുകയോ ചെയ്യാറില്ല. അതുപോലെ തന്നെ സംഘടനാപരമായ അച്ചടക്കത്തിന് അദ്ദേഹം വലിയ പ്രാധാന്യം കാണുന്നു. ഏതു തീരുമാനമെടുക്കുമ്പോഴും സഹപ്രവർത്തകരുമായും ചർച്ച ചെയ്യും. മുഖ്യമന്ത്രിയായ ശേഷം ഏറ്റവും കൂടുതൽ തവണ എകെജി സെന്ററിൽ പോയ മുഖ്യമന്ത്രിയാണു പിണറായി. സംഘടനാ സംവിധാനത്തോട് എന്നും നീതി പുലർത്തുന്നു. കൂട്ടത്തിൽ ഒരു സ്വകാര്യം കൂടി പറയാം. ഈ മനുഷ്യന്റെ അസാമാന്യ നേതൃത്വപാടവവും എന്തു പ്രശ്നങ്ങളെയും നേരിടാനുള്ള നെഞ്ചുറപ്പും നേരത്തേ കണ്ട ആരോ ചിലരാണ്, ലാവ്‌ലിനിൽ കുടുക്കി നിർവീര്യനാക്കാൻ ശ്രമിച്ചത്. അതുകൊണ്ടുള്ള നഷ്ടം വന്നതു കേരള ജനതയ്ക്കാണെന്നു കാലം തെളിയിക്കും. നമ്മളൊക്കെ കേൾക്കുന്നതിലും കൂടുതൽ പറയുന്നവരാണ്. പിണറായിയാകട്ടെ, പറയുന്നതിലും കൂടുതൽ കേൾക്കുകയും അതു പഠിക്കുകയും ചെയ്യുന്നു.

കണ്ണൂരിൽ ദേശാഭിമാനി ലേഖകനായിരിക്കുമ്പോഴുണ്ടായ ഒരനുഭവം കൂടി പറയാം. ദൂരദർശനിൽ രാമാനന്ദ സാഗറിന്റെ രാമായണം പൊടിപൊടിക്കുന്ന കാലം. നൂറുകണക്കിനു രോഗികൾ പുറത്തു ക്യൂ നിൽക്കുമ്പോൾ ഡോക്ടർമാർ ഇതു കാണാൻ ഒരു മുറിയിൽ കയറിയിരിക്കുന്നുവെന്ന വിവരം കിട്ടി. ഫൊട്ടോഗ്രഫർ ജയദേവനെയും കൂട്ടി അവിടെയെത്തി. ചാരിയിട്ട വാതിൽ തള്ളിത്തുറന്ന് ഞങ്ങൾ അകത്തു കയറി. ഫ്ലാഷുകൾ തുരുതുരാ മിന്നി. ജയദേവൻ പുറത്തു കടന്നതും എന്നെ ഡോക്ടർമാർ പിടിച്ചുവച്ചതും ഒന്നിച്ചായി. ജയദേവനിൽനിന്നു വിവരം കിട്ടി പാർട്ടി ഓഫിസിൽ നിന്നും വിവിധ പത്ര ഓഫിസുകളിൽ നിന്നും വലിയൊരു സംഘം ഓടിയെത്തി എന്നെ മോചിപ്പിച്ചു. വലിയ പരുക്കൊന്നും എനിക്കുണ്ടായിരുന്നില്ലെങ്കിലും പിണറായി നിർബന്ധിച്ച്. അദ്ദേഹത്തിന്റെ കാറിൽ എകെജി ആശുപത്രിയിലെത്തിച്ചു. ആ സ്നേഹവും കരുതലും പിണറായി എനിക്കു മാത്രമല്ല, അദ്ദേഹത്തെ വിശ്വസിക്കുന്ന എല്ലാവർക്കും നൽകുന്നു. അതാണു കേരള ജനതയ്ക്ക് പിണറായി നൽകുന്ന കരുതൽ.

പിണറായിയെ സംബന്ധിച്ചു വിശ്വാസത്തിൽ അൽപമോ അധികമോയെന്ന വ്യത്യാസമില്ല. ഒന്നുകിൽ വിശ്വസിക്കുക, അല്ലെങ്കിൽ വിശ്വസിക്കാതിരിക്കുക എന്നേയുള്ളൂ. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വിശ്വാസമെന്നതു സമ്പൂർണമാണ്. അതെ, അദ്ദേഹം കേരള ജനതയെ വിശ്വസിക്കുന്നു. അത് അൽപ വിശ്വാസമല്ല, ഹൃദയപൂർവമുള്ള വിശ്വാസമാണ്. അവർക്കു കരുതലായി, താങ്ങായി, തണലായി പിണറായി വിജയൻ ഒപ്പമുണ്ടാകും. ഇത് ഉറപ്പ്. ചെയ്യാവുന്നതു മാത്രം പറയുകയും പറയുന്നതു മുഴുവൻ ചെയ്യുകയും ചെയ്യുന്ന പിണറായിയുടെ വാക്കാണത്. മലയാളികൾ അദ്ദേഹത്തെ നെഞ്ചിലേറ്റുന്നതിൽ പിന്നെ എന്ത് അതിശയം?
( മനോരമ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനം )

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News