Parliament : ഭക്ഷ്യധാന്യങ്ങൾക്ക് GST ചുമത്തിയ നടപടി പിൻവലിക്കണം; രാജ്യസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നൽകി എളമരം കരീം എംപി

അരി ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങൾക്കും മറ്റ് നിത്യോപയോഗ സാധനങ്ങൾക്കും 5% GST ചുമത്തിയ നടപടി പിൻവലിക്കണമെന്നും ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന വിലക്കയറ്റം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ചചെയ്യണമെന്നും ആവശ്യപ്പെട്ട് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി അടിയന്തര പ്രമേയ നോട്ടീസ് നൽകി.

വിലക്കയറ്റം മൂലം ജന ജീവിതം ദുസ്സഹമായ സാഹചര്യത്തിൽ വിഷയം സഭ നിർത്തി വെച്ച് ചർച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡോ. വി ശിവദാസൻ എംപിയും ചട്ടം 267 പ്രകാരം രാജ്യ സഭാ ചെയർമാന് നോട്ടീസ് നൽകി.

കൂടാതെ ഭക്ഷ്യ, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം സഭ നിർത്തിവെച്ചു ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എ എം ആരിഫ് എം.പി ലോകസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

കേന്ദ്ര ബിജെപി സർക്കാർ ജിഎസ്‌ടി ചുമത്തിയതോടെ തിങ്കൾ മുതൽ അരിയും ഗോതമ്പും പാലുമടക്കമുള്ള നിത്യോപയോഗ സാധനങ്ങൾക്ക്‌ വില കുത്തനെ കൂടും. .

ജൂണിൽ ചണ്ഡീഗഢിൽ ചേർന്ന ജനറൽ കൗൺസിൽ യോഗത്തിലാണ്‌ നിത്യോപയോഗസാധനങ്ങൾക്ക്‌ ജിഎസ്‌ടി ചുമത്താൻ തീരുമാനിച്ചത്‌. പ്രധാനമായും പായ്‌ക്കറ്റിലുള്ളവ വാങ്ങുന്നവരെയാണ്‌ വിലക്കയറ്റം ബാധിക്കുക. 5,12, 18 സ്ലാബിലാണ്‌ നിരക്കുയർത്തൽ.

സമ്പന്നരെ പ്രീണിപ്പിക്കാൻ ആഡംബരവസ്തുക്കൾക്ക്‌ 28 ശതമാനം ജിഎസ്‌ടിയെന്നത്‌ കേന്ദ്രം പലതവണയായി കുറച്ചിരുന്നു. വരുമാനം കൂട്ടാൻ ഈ നികുതി ഉയർത്തണമെന്ന പൊതുനിർദേശം പാലിക്കാതെയാണ്‌  അവശ്യസാധനങ്ങളുടെ നികുതി വർധിപ്പിച്ചത്‌.

അരി, ഗോതമ്പ് പോലുള്ള സാധനങ്ങള്‍ക്ക് ഒന്നര രൂപ മുതല്‍ രണ്ട് രൂപ വരെയാണ് നികുതിയിനത്തില്‍ വർധിക്കുക. പയര്‍ പോലുള്ള ധാന്യങ്ങള്‍ക്ക് നൂറ് രൂപയാണ് വിലയെങ്കില്‍ അഞ്ച് രൂപ ടാക്‌സ് നല്‍കേണ്ടി വരും.തേന്‍, ശര്‍ക്കര, പപ്പടം എന്നിവയ്ക്കും വില കൂടും.

രാജ്യത്ത് ജി.എസ്.ടി പ്രാബല്യത്തില്‍ വന്നപ്പോള്‍ അരി, പച്ചക്കറി തുടങ്ങിയ നിത്യോപയോഗ സാധനങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു രാജ്യത്ത്‌ മൊത്തവിലസൂചിക പ്രകാരമുള്ള വിലക്കയറ്റ തോത്‌ 15 ശതമാനത്തിന്‌ മുകളിലാണ്‌. വരുംമാസങ്ങളിലും വിലക്കയറ്റ തോത്‌ വർധിക്കാൻ വഴിയൊരുക്കുന്നതാണ്‌ ജിഎസ്‌ടി കൗൺസിൽ തീരുമാനം.

അതേസമയം അഗ്നിപഥ്‌ ( Agnipath )  സഭ നിർത്തിവച്ച് ചർച്ച ചെയ്യണം, രാജ്യസഭയിൽ എ എ റഹീം എംപി ( A A Rahim MP)  നോട്ടീസ് നൽകി.  സായുധ സേനകളെ കരാർവൽകരിക്കുന്നത് രാജ്യത്തിന്റെ സുരക്ഷയെ പ്രതികൂലമായി ബാധിക്കും. സായുധ പരിശീലനം നേടിയ തൊഴിൽ രഹിതരെ സൃഷ്ടിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കും.

അഗ്നിപഥ് പദ്ധതി കേന്ദ്ര സർക്കാർ അടിയന്തിരമായി പിൻവലിക്കണമെന്നും ഈ വിഷയം സഭ നടപടികൾ നിർത്തിവെച്ച് ചർച്ചചെയ്യണമെന്നും ആവശ്യപ്പെട്ടാണ് എ എ റഹീം എംപി നോട്ടീസ് നൽകിയത്. അതേസമയം ജി.എസ്.ടി, അഗ്നിപഥ് വിഷയങ്ങളില്‍ ചര്‍ച്ചയാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തില്‍ ആദ്യദിനവും പാര്‍ലമെന്‍റ് തടസപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News