പാര്‍ലമെന്റ് or pandemonium?

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ(India). അല്ല, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായിരുന്നു ഇന്ത്യ. ജനാധിപത്യം എന്ന ആശയത്തെപ്പോലും വര്‍ത്തമാന കാലത്തില്‍ നിന്ന് ഭൂതകാലത്തിലേക്ക് കൊണ്ടുപോകാന്‍ ഭാരതത്തിന്റെ ഭരണപക്ഷത്തിന് കഴിഞ്ഞു. 2014-ല്‍ ഒന്നാം മോദി സര്‍ക്കാര്‍(Modi Government) അധികാരത്തിലേറിയപ്പോള്‍ മുതല്‍ ജനാധിപത്യവും(Democracy) ജനങ്ങളുടെ അവകാശവും ചോദ്യം ചെയ്യപ്പെടുകയാണ്.

പാര്‍ലമെന്റുമായി(Parliament) ബന്ധപ്പെട്ട വാര്‍ത്തകളില്‍ ഈയിടെയായി കൂടുതല്‍ കണ്ടുവരുന്ന പദമാണ് Pandemonium അഥവാ ഒച്ചപ്പാടും ബഹളവും. ഇന്ത്യയെന്ന രാഷ്ട്രത്തെ ഹിന്ദുരാഷ്ട്രമാക്കാന്‍ പ്രയത്നിച്ചത് തൊട്ട് രാജ്യസഭയില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയ എം പിമാരെ സസ്പെന്‍ഡ് ചെയ്തത് വരെയെത്തിയിരിക്കുന്നു ഭരണാധികാരികളുടെ ഏകാധിപത്യ നിലപാടുകള്‍. 27 എം പിമാരെയാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ നിന്ന് ഇതുവരെ സസ്പെന്‍ഡ്(Suspend) ചെയ്തത്. ഇന്ത്യാചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം.

മാധ്യമങ്ങളുടെ വായടപ്പിച്ചു, മിണ്ടാന്‍ പാടില്ലാത്ത വാക്കുകളുടെ പട്ടിക ഉണ്ടാക്കി, ഇപ്പോഴിതാ പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തുന്നവരെപ്പോലും സ്വേച്ഛാധിപത്യ നിലപാടുകളിലൂടെ മാറ്റി നിര്‍ത്തുന്നു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപത്നി എന്ന് വിളിച്ച പേരിലും സഭ സ്തംഭിച്ചു. വളരെ വേഗത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വളര്‍ന്നു കൊണ്ടിരിക്കുകയാണെന്നാണ് മോദി സര്‍ക്കാരിന്റെ പ്രചാരണം.

യഥാര്‍ത്ഥത്തില്‍, കോര്‍പറേറ്റ് മുതലാളികളുടെ സമ്പദ് വ്യവസ്ഥയാണ് വളരുന്നതെന്നും സാധാരണക്കാരന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയിലാണെന്നതുമാണ് വാസ്തവം. എപ്പോള്‍ വേണമെങ്കിലും ഇന്ത്യ മറ്റൊരു ശ്രീലങ്കയായി(Srilanka) മാറിയേക്കാം എന്ന അവസ്ഥയിലെത്തിയിരിക്കുന്നു കാര്യങ്ങള്‍.

പൊതുജനങ്ങള്‍ക്ക് മുന്നില്‍ വരാതെ വേഷഭൂഷാദികളുടെ ചന്തത്തിനും കോര്‍പ്പറേറ്റ് സല്‍ക്കാരങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ബിജെപി സര്‍ക്കാരിനോട് വിരല്‍ ചൂണ്ടാന്‍ കിട്ടുന്ന ഒരേയൊരു അവസരം കൂടി പൂട്ടിടുന്നതിന്റെ ആദ്യപടിയാണ് ഇപ്പോഴത്തെ സസ്പെന്‍ഷന്‍ എന്ന് പറയാം. ഇതിനും മുന്നോടിയായാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പാര്‍ലമെന്റില്‍ മിണ്ടാന്‍ പാടില്ലാത്ത വാക്കുകളുടെ പട്ടിക പുറത്ത് വിട്ടതും പ്രതിഷേധങ്ങള്‍ വിലക്കിയതും.

അനീതിയ്ക്കും അധാര്‍മികതയ്ക്കുമേതിരെയുള്ള ചോദ്യശരങ്ങള്‍ക്ക് എത്ര നിസ്സാരമായാണ് ഭരണപക്ഷം കൂച്ചുവിലങ്ങിടുന്നത്! സത്യത്തില്‍, എവിടേയ്ക്കാണ് നമ്മുടെ രാജ്യം സഞ്ചരിക്കുന്നത്? പുരാതന പഴങ്കഥകളില്‍ കേട്ടു മറന്ന രാജഭരണത്തിലേക്കോ അതോ വികാരമില്ലാത്ത റോബോട്ടുകളായി മനുഷ്യനെ മാറ്റുന്ന അവസ്ഥയിലേക്കോ?

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here