
ഉത്തര്‍പ്രദേശിലെ(Uttar Pradesh) സ്വകാര്യ ആശുപത്രിയില്‍ യുവാവിന്റെ വയറ്റില്‍ നിന്നും ഓപ്പറേഷനിലൂടെ നീക്കം ചെയ്തത് 63 സ്പൂണുകള്‍. രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍(Surgery) മുസഫര്‍നഗര്‍ സ്വദേശിയുടെ വയറ്റില്‍ നിന്നും തലയില്ലാത്ത 63 സ്പൂണുകളാണ് പുറത്തെടുത്തത്. ശസ്ത്രക്രിയ വിജയകരമാണെന്നും രോഗി നിലവില്‍ സുഖമായിരിക്കുന്നുവെന്നും മീററ്റ് ആസ്ഥാനമായുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘം അറിയിച്ചു.
‘മുസാഫര്‍നഗര്‍ ജില്ലയിലെ ബൊപ്പാറ ഗ്രാമത്തില്‍ നിന്നുള്ള വിജയ് ചൗഹാന്‍ എന്നയാള്‍ ഏകദേശം 15 ദിവസം മുമ്പാണ് കഠിനമായ വയറുവേദനയുമായി ആശുപത്രിയിലെത്തിയത്. പരിശോധനയില്‍ ഇയാളുടെ വയറ്റില്‍ ചില പ്രത്യേക വസ്തുക്കള്‍ ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് ശുപാര്‍ശ ചെയ്തു. വീണ്ടും നടത്തിയ പരിശോധനയില്‍ ആമാശയത്തിനുള്ളില്‍ സ്പൂണ്‍ പോലെയുള്ള വസ്തുവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. മയക്കുമരുന്നിന് അടിമയായിരുന്ന ഇയാള്‍ കഴിഞ്ഞ ഏഴ് മാസമായി ഷാംലിയിലെ പുനരധിവാസ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു.
പുനരധിവാസ കേന്ദ്രത്തിലെ ജീവനക്കാര്‍ സ്പൂണുകള്‍ വിഴുങ്ങാന്‍ തന്നെ നിര്‍ബന്ധിച്ചതായാണ് രോഗി ആദ്യം പറഞ്ഞത്. വീണ്ടും ചോദിച്ചപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരം ഇവ വിഴുങ്ങിയെന്നായി. ഇത്തരമൊരു കേസ് ആദ്യമായാണ് കാണുന്നത്’- സര്‍ജന്‍ ഡോ.രാകേഷ് ഖുറാന പറഞ്ഞു. രോഗി പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കുന്നതിനാല്‍ എങ്ങനെ, എന്തിനാണ് സ്പൂണുകള്‍ വിഴുങ്ങിയതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും സര്‍ജന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, പുനരധിവാസത്തിനിടെ ചൗഹാനെ സ്പൂണുകള്‍ കഴിക്കാന്‍ ജീവനക്കാര്‍ നിര്‍ബന്ധിച്ചതായി കുടുംബം ആരോപിച്ചു. അതേസമയം, മൊത്തത്തില്‍ അവ്യക്തത നിറഞ്ഞ സംഭവത്തില്‍ പൊലീസില്‍ ഇതുവരെ പരാതിയൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here