മാത്യു കുഴല്‍നാടന്‍ എംഎല്‍എ മയക്കുമരുന്ന് മാഫിയയെ സംരക്ഷിക്കുന്നു; ആരോപണവുമായി എംഎസ്എഫ്

മാത്യു കുഴല്‍നാടന്‍ എംഎല്‍എ മയക്കുമരുന്ന് മാഫിയയെ സംരക്ഷിക്കുന്നുവെന്ന ആരോപണവുമായി ലീഗ് വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫ്. മൂവാറ്റുപുഴ ഇലാഹിയ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളെ കാമ്പസില്‍ കയറി മര്‍ദ്ദിച്ച മയക്കുമരുന്ന് സംഘത്തെ രക്ഷപ്പെടുത്താന്‍ സ്ഥലം എംഎല്‍എ ഇടപെട്ടുവെന്നാണ് ആരോപണം. എംഎല്‍എക്കെതിരെ കോളേജിലെ എംഎസ്എഫിന്റെ ഔദ്യോഗിക പേജിലൂടെയാണ് ഗുരുതരമായ ആരോപണം.

മുസ്ലിം ലീഗ് വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫാണ് സ്വന്തം ഘടകകക്ഷി എംഎല്‍എക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. മാത്യു കുഴല്‍നാടന്‍ എംഎല്‍എ മയക്കുമരുന്ന് മാഫിയയ്ക്ക് ഒത്താശ ചെയ്യുന്നുവെന്നാണ് ആരോപണം. എംഎസ്എഫിന് സ്വാധീനമുളള മൂവാറ്റുപുഴ ഇലാഹിയ കോളേജിലെ വിദ്യാര്‍ത്ഥികള്‍ എംഎല്‍എക്കെതിരെ കാമ്പസില്‍ പോസ്റ്ററുകള്‍ പതിപ്പിക്കുകയും ഔദ്യോഗിക പേജില്‍ പോസ്റ്റിടുകയും ചെയ്തു.

കാമ്പസിലേക്ക് അതിക്രമിച്ച് കയറി വിദ്യാര്‍ത്ഥികളെ ആക്രമിച്ച മയക്കുമരുന്ന് സംഘത്തെ എംഎല്‍എ സംരക്ഷിച്ചുവെന്നാണ് ആരോപണം. പ്രതികള്‍ക്കെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തപ്പോള്‍ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്താനും മാത്യു കുഴല്‍നാടന്‍ ഇടപെട്ടു. തന്റെ പ്രിവിലേജ് ഉപയോഗിച്ച് സംരക്ഷണം വലയം തീര്‍ത്തത് ഗുണ്ടാ മയക്കുമരുന്ന് സംഘത്തിനാണെന്ന ബോധ്യം എംഎല്‍എക്കുണ്ടാകണമെന്നും എംഎസ്എഫിന്റെ ഔദ്യോഗിക എഫ്ബി പേജില്‍ കുറിച്ചു.

അക്രമികള്‍ ഉണ്ടാക്കിയതിനേക്കാള്‍ ആഴത്തിലുളള മുറിവാണ് സ്വന്തം എംഎല്‍എ ഉണ്ടാക്കിയതെന്നും എംഎസ്എഫ് ആരോപിക്കുന്നു. എംഎല്‍എക്കെതിരെ വിദ്യാര്‍ത്ഥികളെ അണിനിരത്തി പ്രതിഷേധ പ്രകടനവും നടത്തി. ലഹരിക്കെതിരെ നിയമസഭയില്‍ അടിയന്ത്ര പ്രമേയത്തിന് നോട്ടീസ് നല്‍കിയ കോണ്‍ഗ്രസ് എംഎല്‍എക്കെതിരെയാണ് ലീഗ് വിദ്യാര്‍ത്ഥി സംഘടനയുടെ രൂക്ഷ വിമര്‍ശനം എന്നതും ശ്രദ്ധേയം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News