മാധ്യമ സ്വാതന്ത്ര്യം, കോണ്‍ഗ്രസിനെയും ബിജെപിയെയും ഭൂതകാലവും വര്‍ത്തമാനകാലവും ഓര്‍മ്മിപ്പിച്ച് പിഎ മുഹമ്മദ് റിയാസ്

മാധ്യമ സ്വാതന്ത്രത്തെക്കുറിച്ച് വാചാലരാകുന്ന കേരളത്തിലെ കോണ്‍ഗ്രസ്-ബിജെപി നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് കോണ്‍ഗ്രസ്-ബിജെപി നേതൃത്വം വാചാലരാകുന്നത് കാട്ടുകൊള്ളക്കെതിരെ വീരപ്പന്‍ വാചാലനാകുന്നതിന് സമമാണെന്നാണ് മുഹമ്മദ് റിയാസിന്റെ വിമര്‍ശനം. അടിയന്തരാവസ്ഥയുടെ കാലത്ത് കോണ്‍ഗ്രസ് പൗരാവകാശങ്ങളും മാധ്യമസ്വാതന്ത്ര്യവും ചവിട്ടിമെതിച്ചത് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ മുഹമ്മദ് റിയാസ് പങ്കുവയ്ക്കുന്നുണ്ട്. അക്കാലത്ത് മാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയതും ആകാശവാണിയെയും ദൂരദര്‍ശനെയും അക്കാലത്ത് കോണ്‍ഗ്രസ് എങ്ങനെയാണ് കൈകാര്യം ചെയ്തതെന്നും കുറിപ്പില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

ആകാശവാണിയെയും ദൂരദര്‍ശനെയും അടിയന്തിരാവസ്ഥയില്‍ കോണ്‍ഗ്രസ് സ്വന്തം ഹിതത്തിനനുസരിച്ച് ഉപയോഗിച്ച അതേ നിലയിലാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരും ഉപയോഗിക്കുന്നതെന്നാണ് കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നത്. ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള ഡോക്യുമെന്ററി പുറത്തിറങ്ങിയശേഷം ബിബിസി ഓഫീസില്‍ നടത്തിയ ആദായനികുതി വകുപ്പിന്റെ റെയ്ഡ് അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും കുറിപ്പ് പറയുന്നു.

പിഎ മുഹമ്മദ് റിയാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് ഇടതുപക്ഷത്തിന് ട്യൂഷന്‍ എടുക്കുന്ന ബഹുമാന്യരോട്!
മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചാണ് കേരളത്തിലെ കോണ്‍ഗ്രസ്സ്-ബിജെപി നേതൃത്വം വാചാലരാകുന്നത്. കാട്ടുകൊള്ളക്കെതിരെ വീരപ്പന്‍ വാചാലനാകുന്നതിന് സമാനമാണിത്.
അടിയന്തരാവസ്ഥയുടെ നാളുകളില്‍ അന്നത്തെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ പൗരാവകാശങ്ങളും മാധ്യമസ്വാതന്ത്ര്യവും ജനാധിപത്യവും ചവിട്ടിമെതിച്ചത് ഈ രാജ്യത്തിന് മറക്കാന്‍ കഴിയില്ല. അന്ന് ഇന്ത്യയിലെ മര്‍ദ്ദക ഭരണകൂടം എങ്ങനെയാണ് പത്രമാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയതെന്നും ഏതുരീതിയിലാണ് ആകാശവാണിയെയും ദൂരദര്‍ശനെയും കൈകാര്യം ചെയ്തതെന്നും രാജ്യം കണ്ടതാണ്. അടിയന്തരാവസ്ഥയിലെ കോണ്‍ഗ്രസ്സിനെപ്പോലെ ദൂരദര്‍ശനെയും ആകാശവാണിയെയും തങ്ങളുടെ ഹിതമനുസരിച്ച് ഉപയോഗിക്കുകയാണ് കേന്ദ്ര സര്‍ക്കാരും സംഘപരിവാറും. ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള ഡോക്യുമെന്ററി പുറത്തിറങ്ങിയശേഷം ബിബിസി ഓഫീസില്‍ നടത്തിയ ആദായനികുതി വകുപ്പിന്റെ റെയ്ഡ് അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.
എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞിന്റെ വീഡിയോ കൃത്രിമമായി നിര്‍മ്മിച്ച വാര്‍ത്താ ചാനലിന്റെ നടപടി നിയമപരമായി ചോദ്യം ചെയ്യപ്പെടുന്നത് സ്വാഭാവികമാണ്. മാധ്യമ സ്വാതന്ത്ര്യത്തെപ്പോലെ ശിശു അവകാശങ്ങളെയും ഒരു പരിഷ്‌കൃത സമൂഹം ഉയര്‍ത്തിപ്പിടിക്കണ്ടതുണ്ട്. എങ്ങനെ ന്യായീകരിച്ചാലും ഇത്തരം മാധ്യമ സമീപനങ്ങള്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരില്ല.
ഈ വിഷയത്തെ കേന്ദ്ര സര്‍ക്കാരിന്റെ ബിബിസി റെയ്ഡുമായി സമീകരിച്ചുകാണിക്കുന്ന കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ നടപടി അസംബന്ധവും ബിജെപി സര്‍ക്കാരിന്റെ സമഗ്രാധിപത്യ പ്രവണതകളെ വെള്ളപൂശുന്നതുമാണ്.
-പി.എ.മുഹമ്മദ് റിയാസ്-

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News