വിഎസിന്റെ നീട്ടിയും കുറുക്കിയുമുള്ള പ്രസംഗങ്ങൾക്ക് പിന്നിലും ഒരു കാരണമുണ്ട്…; വിഎസിന് ഇഷ്ടപ്പെട്ട തന്റെ ലേഖനത്തെക്കുറിച്ച് എ.എം. ആരിഫ്

ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയെ കുറിച്ചാണ് എല്ലാവർക്കും ആശങ്ക. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും വി എസ് അപകട നില തരണം ചെയ്തു തീര്‍ച്ചയായും തിരിച്ചു വരുമെന്നും മകൻ അരുണ്‍കുമാർ ഇന്നലെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. നിരവധി ആളുകളാണ് അദ്ദേഹത്തിന്റെ ആരോഗ്യ വിവരങ്ങൾ അന്വേഷിക്കാനായി ആശുപത്രിയിൽ എത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മുൻ എംപി എ.എം. ആരിഫ് പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. വി.എസ്സിന്റെ അസുഖ വിവരം അറിയുന്നതിനായി ആശുപത്രിയിൽ എത്തിയ വിവരവും അരുണുമായി സംസാരിച്ച വിവരവും മാത്രമല്ല, വി എസിനെ കുറിച്ച് എഴുതിയ ഒരു ലേഖനത്തെ കുറിച്ചും പോസ്റ്റിൽ പറയുന്നു. വി.എസ്സിന്റെ പ്രസംഗത്തിൽ എങ്ങനെയാണ് ആംഗ്യവും വ്യംഗ്യവും നീട്ടലും കുറുക്കലുമെല്ലാം വന്നുചേർന്നത് എന്ന് ആയിരുന്നു ആ ലേഖനത്തിൽ പറയുന്നത്. അത് വി.എസ്സിന് വളരെ ഇഷ്ട്ടപ്പെട്ടുവെന്നും ആ ലേഖനം കർഷക തൊഴിലാളി മാസികയിലും ചിന്ത വാരികയിലും സഖാവ് വി.എസ്സിന്റെ നിർദ്ദേശാനുസരണം പ്രസിദ്ധീകരിച്ചുവെന്നും അദ്ദേഹം പറയുന്നു.

‘ദൈവ കോപം കിട്ടും എന്നു കരുതിയിരുന്ന തൊഴിലാളിയെ വർഗ്ഗ ബോധത്തിനുടമകളാക്കി മാറ്റാനായിരുന്നു സഖാവ് വി.എസ്സിന്റെ ആ പ്രസം​ഗ രീതി. അന്ന് അവരുടെ ശ്രദ്ധ തന്റെ പ്രസംഗങ്ങളിലേക്ക് ആകർഷിക്കുന്നത്തിനു വേണ്ടിയായിരുന്നു ചതുര വടിവിൽ വർത്തമാനം പറയുന്നതിനു പകരം നീട്ടലും കുറുക്കലും ആംഗ്യവും വ്യംഗ്യവും കൈ കലാശങ്ങളുമെല്ലാം സഖാവ് വി.എസ്സിന്റെ പ്രസംഗത്തിൽ കടന്നു വന്നത്.അന്ന് തുടങ്ങി വെച്ച ആ ശൈലികളും ശീലങ്ങളും കാലമേറെ കഴിഞ്ഞിട്ടും സഖാവ് വി.എസ്സിനെ വിടാതെ പിന്തുടരുകയായിരുന്നു എന്നാണ് ആ ലേഖനത്തിൽ എഴുതിയത്.

ALSO READ: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത: കേരള തീരത്ത് കടൽക്ഷോഭ സാധ്യതയും

പോസ്റ്റിന്റെ പൂർണരൂപം

അസുഖ ബാധിതനായി ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ വിപ്ലവ പ്രസ്ഥാനത്തിന്റെ ഇതിഹാസം സഖാവ് വി.എസ്സിന്റെ അസുഖ വിവരം ആരായുന്നതിനായി ഇന്ന് 3മണിക്ക് SUTആശുപത്രിയിലെത്തിയിരുന്നു. അദ്ദേഹത്തിന്റെ മകൻ സഖാവ് അരുണുമായി സംസാരിച്ചു രോഗവിവരങ്ങൾ അന്വേഷിച്ചു.ഇപ്പോൾ മരുന്നിനോട് പ്രതികരിക്കുന്നുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്.അരുണുമായി പഴയ കാര്യങ്ങളെല്ലാം സംസാരത്തിൽ പങ്കുവെച്ചു.കർഷക തൊഴിലാളി പ്രസ്ഥാനത്തിന്റെ അൻപതാം വാർഷികം ആലപ്പുഴയിൽ വെച്ചു നടക്കുന്ന സമയം അന്ന് ഞാൻ വിദ്യാർത്ഥി പ്രസ്ഥാനമായ SFI യുടെ ജില്ലാ ഭാരവാഹിത്വത്തിൽ പ്രവർത്തിക്കുന്ന കാലമായിരുന്നു.
പാർട്ടിയുടെ അഖിലേന്ത്യ ജനറൽ സെക്രട്ടറി സഖാവ് ഹർകിഷൻസിങ് സുർജിത്തായിരുന്നു അൻപതാം വാർഷികം ചെത്തുതൊഴിലാളി യൂണിയൻ ഓഫീസിൽ വെച്ച് ഉദ്‌ഘാടനം ചെയ്തത്.ആ വാർഷിക പരിപാടിയുടെ ഒരു റിപ്പോർട്ട് ഞാൻ ലേഖനമായി എഴുതി കലാകൗമുദിയിൽ പ്രസിദ്ധീകരിച്ചിരുന്നു.ആ ലേഖനത്തിൽ സഖാവ് വി.എസ്സിന്റെ പ്രസംഗത്തിൽ എങ്ങനെയാണ് ആംഗ്യവും വ്യംഗ്യവും നീട്ടലും കുറുക്കലുമെല്ലാം വന്നുചേർന്നത് എന്ന് ലേഖനത്തിൽ വിശദീകരിച്ചിട്ടുണ്ടായിരുന്നു.സഖാവ് പി കൃഷ്ണ പിള്ളയുടെ നിർദ്ദേശാനുസരണം കർഷക തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു സഖാവ് വി.എസ്സ് കുട്ടനാട്ടിലെ ചെറുകാലിൽ കായൽ ചിറ വരമ്പത്തേക്ക് പോയത്.സഖാവ് വി.എസ്സിനെ പോലെയുള്ള തൊഴിലാളി നേതാക്കന്മാരെ കണ്ട മാത്രയിൽ തന്നെ തൊഴിലാളികൾ ഓടി ഒളിച്ചിരുന്നു.
‘ഏങ്ങളുടെ തമ്പുരാക്കന്മാർക്കെതിരായി സമരം സംഘടിപ്പിക്കാൻ വേണ്ടി വന്നതാണ് ഇവരെല്ലാം’ദൈവ കോപം കിട്ടും എന്നു കരുതിയിരുന്ന തൊഴിലാളിയെ വർഗ്ഗ ബോധത്തിനുടമകളാക്കി മാറ്റാനായിരുന്നു സഖാവ് വി.എസ്സിന്റെ നേതൃത്വത്തിൽ അവിടെ ശ്രമം നടത്തിയത്.അവരെയെല്ലാം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തൊഴിലാളികളുടെ സംഘടിത ശക്തിയാക്കി മാറ്റിയെടുക്കുന്നതിന് സഖാവ് വി.എസ്സ് നേതൃത്വം നൽകി.അന്ന് അവരുടെ ശ്രദ്ധ തന്റെ പ്രസംഗങ്ങളിലേക്ക് ആകർഷിക്കുന്നത്തിനു വേണ്ടിയായിരുന്നു ചതുര വടിവിൽ വർത്തമാനം പറയുന്നതിനു പകരം നീട്ടലും കുറുക്കലും ആംഗ്യവും വ്യംഗ്യവും കൈ കലാശങ്ങളുമെല്ലാം സഖാവ് വി.എസ്സിന്റെ പ്രസംഗത്തിൽ കടന്നു വന്നത്.അന്ന് തുടങ്ങി വെച്ച ആ ശൈലികളും ശീലങ്ങളും കാലമേറെ കഴിഞ്ഞിട്ടും സഖാവ് വി.എസ്സിനെ വിടാതെ പിന്തുടരുകയായിരുന്നു എന്നാണ് ആ ലേഖനത്തിൽ ഞാൻ എഴുതിയത്.
തൊഴിലാളികൾ തമ്പുരാക്കന്മാരെ കണ്ടാൽ എങ്ങനെയാണ് തൊഴുന്നത് എന്ന് ‘അടിയൻ ലച്ചിപ്പോം’എന്ന് പറഞ്ഞുകൊണ്ട് തൊഴുന്നത് എങ്ങനെ എന്ന് സ്റ്റേജിൽ നിന്നുകൊണ്ട് അന്ന് ആംഗ്യം കാണിച്ചു പ്രസംഗിച്ചായിരുന്നു.ഇതെല്ലാം ഞാൻ കലാകൗമുദിയിൽ ലേഖനത്തിലെഴുതിയത് സഖാവ് വി.എസ്സിന് വളരെ ഇഷ്ട്ടപ്പെട്ടു.ആ ലേഖനം കർഷക തൊഴിലാളി മാസികയിലും ചിന്ത വാരികയിലും സഖാവ് വി.എസ്സിന്റെ നിർദ്ദേശാനുസരണം പ്രസിദ്ധീകരിക്കുകയുണ്ടായി.ആ കാര്യങ്ങളൊക്കെ ഞാൻ അരുണിനോട് പങ്കുവെച്ചു.അദ്ദേഹം മുഖ്യമന്ത്രി ആയിരുന്നപ്പോൾ സന്ദീപ് ഉണ്ണകൃഷ്ണൻ എന്ന മേജർ അപകടത്തിൽ മരിക്കുകയും ആ വീട്ടിൽ പോകാൻ വൈകിയതിന്റെ പേരിൽ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ പിതാവ് എന്തോ മുഖം കറുത്ത് സംസാരിച്ചെന്നും അതിനോട് പ്രതികരിച്ചു കൊണ്ട് സഖാവ് വി.എസ്സ് ‘അത് സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ വീടായത് കൊണ്ടാണ് പോയത് അല്ലെങ്കിൽ ഏതു പട്ടി പോകുമായിരുന്നു’എന്ന് പറഞ്ഞതിനെ ചൊല്ലി വലിയ വാദ കോലാഹലങ്ങളും ചാനൽ ചർച്ചയടക്കം നടക്കുന്ന സമയത്ത് ഞാൻ മലയാള മനോരമ പത്രത്തിൽ എഡിറ്റോറിയൽ പേജിൽ എഴുതിയ ഒരു ലേഖനം “പട്ടി മുതൽ പട്ടി വരെ”എന്ന ലേഖനം വളരെയേറെ ചർച്ച ചെയ്യപ്പെടുകയുണ്ടായി. നിത്യ ജീവിതത്തിൽ മനുഷ്യൻ ഉപയോഗിക്കുന്ന പട്ടിയെ കൂട്ട് പിടിച്ചു വർത്തമാനം പറയുന്നതായിരുന്നു ആ ലേഖനത്തിന്റെ അടിസ്ഥാനം.മനുഷ്യൻ നന്നായില്ലെങ്കിൽ “ഒരു പട്ടിയും തിരിഞ്ഞു നോക്കാൻ ഉണ്ടാവില്ല”,ആരെയെങ്കിലും അന്വേഷിച്ചു വിജനമായ സ്ഥലത്ത്‌ ചെന്നിട്ട് ആരെയും കണ്ടില്ലെങ്കിൽ “അവിടെ പോയിട്ട് ഒരു പട്ടിയെയും കണ്ടില്ല”,നന്നായില്ലെങ്കിൽ “പട്ടിയുടെ വാല് പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും നേരെയാവില്ല”പട്ടി കടപ്പുറത്തു പോയതു പോലെ,പട്ടി ചന്തയ്ക്ക് പോയതുപോലെ,അങ്ങനെ തുടങ്ങീ ഒരു ദിവസം നാം അനേകം തവണ പട്ടിയെ കൂട്ട് പിടിച്ചു വർത്തമാനം പറയും.പക്ഷെ വിവാദം വന്നപ്പോൾ നന്ദി ഇല്ലാത്ത മനുഷ്യൻ പട്ടിയെ കൈവിട്ടു എന്ന് പട്ടി വിലപിക്കുന്നതിനെ ആസ്പദമാക്കിയുള്ള ആക്ഷേപ ഹാസ്യ ലേഖനം സഖാവ് വി.എസ്സിന് നന്നായി ഇഷ്ട്ടപ്പെട്ടു.എന്നെ ചേംബറിലേക്ക് വിളിച്ചു അനുമോദിക്കുകയുണ്ടായി.
ഇങ്ങനെ സഖാവ് വി.എസ്സുമായുള്ള ഒരുപാട് അനുഭവങ്ങൾ അരുണുമായി പങ്കുവെച്ചു.ഞാൻ മൂന്ന് തവണ അസംബ്ലിയിലേക്ക് മത്സരിച്ചപ്പോഴും ഒരു തവണ പാർലമെന്റിലേക്ക് മത്സരിച്ചപ്പോഴും കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തത് സഖാവ് വി.എസ്സ് ആയിരുന്നു.2019 ൽ വി.എസ്സ് ഒരേയൊരു കൺവെൻഷൻ മാത്രമേ ഉദ്‌ഘാടനം ചെയ്തിരുന്നുള്ളൂ.അത് ആലപ്പുഴ പാർലമെന്റ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ആയിരുന്നു.അങ്ങനെ ഒത്തിരി അനുഭവങ്ങൾ ഉണ്ടായിരുന്നു.അതെല്ലാം പങ്കുവെച്ചു.സഖാവ് വി.എസ്സ് എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News