
തൃശൂരിലെ കെ മുരളീധരന്‍റെ പരാജയത്തിൽ കെപിസിസി ഉപസമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിനെച്ചൊല്ലി കോൺഗ്രസിനകത്തെ പോര് മുറുകുന്നു. തൃശ്ശൂർ ഡിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് തൻറെ പേര് ഉയർന്നു വന്നപ്പോൾ അത് ഇല്ലാതാക്കാനുള്ള ചിലരുടെ ശ്രമമാണ് കെപിസിസിയുടെ പേരിലുള്ള റിപ്പോർട്ട് പുറത്തുവന്നതിന് പിന്നിലെന്ന് അനിൽ അക്കര ആരോപിച്ചു. പുറത്തുവന്നതിൽ ഒരു പേജ് മാത്രം വ്യാജമെന്ന് അനിൽ അക്കര പറഞ്ഞു. മാധ്യമങ്ങളിൽ വരുന്നതിനുമുമ്പ് റിപ്പോർട്ട് താൻ പുറത്തുവിട്ടത് വ്യാജനാണെന്ന് പറയാനാണ്. മുതിർന്ന മാധ്യമപ്രവർത്തകനാണ് തനിക്കിത് വാട്സ്ആപ്പിൽ അയച്ചുതന്നതെന്നും അദ്ദേഹം പറഞ്ഞു.
ALSO READ; എയിംസ് എന്ന ആവശ്യത്തില്‍ ബജറ്റില്‍ അവഗണന; ബിജെപിയില്‍ അഭിപ്രായ വ്യത്യാസം രൂക്ഷം
തൃശൂരിലെ തെരഞ്ഞെടുപ്പിൽ മുരളീധരന്‍ ചതിക്കപ്പെട്ടന്നാണ് ഉപസമിതിയുടെ കണ്ടെത്തല്‍. അതേസമയം നഷ്ടപ്പെട്ട ലോക്സഭ സീറ്റ് തിരിച്ചു പിടിക്കാന്‍ ടിഎന്‍ പ്രതാപന്‍ തന്നെ മത്സരിക്കണമെന്ന് ഒളിയമ്പുമായി കെ മുരളീധരനും രംഗത്തെത്തി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് തരംഗം ഉണ്ടായിട്ടും തൃശ്ശൂരില്‍ കെ മുരളീധരന്‍ തോറ്റിരുന്നു. കനത്ത പരാജയത്തിന് വഴിവെച്ചതില്‍ സിറ്റിംഗ് എംപി ആയിരുന്ന ടിഎന്‍ പ്രതാപന്‍, ഡിസിസി അധ്യക്ഷനായിരുന്ന ജോസ് വള്ളൂര്‍, എംപി വിന്‍സന്റ്, അനില്‍ അക്കര തുടങ്ങിയവര്‍ക്ക് പങ്കുണ്ടെന്നാണ് ഉപസമിത അന്വേഷണത്തിലെ കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ടിനെച്ചൊല്ലിയാണ് ഇപ്പോള്‍ നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം.
റിപ്പോര്‍ട്ട് വ്യാജമാണെന്നാണ് ആരോപണവിധേയര്‍ പറയുന്നത്. പക്ഷെ കെ മുരളീധരന്‍ റിപ്പോര്‍ട്ടിനെ തള്ളിപ്പറയുന്നുമില്ല. എന്നാൽ അദ്ദേഹത്തിന്‍റെ ഒളിയമ്പ് മുന ചൂണ്ടുന്നത് ആരോപണ വിധേയര്‍ക്കെതിരാണ്. രാഷ്ട്രീയകാര്യ സമിതി അംഗമായ കെസി ജോസഫ്, ടി സിദ്ദിഖ്, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സമിതിയാണ് അന്വേഷണ റിപ്പോര്‍ട്ട് കെപിസിസി നേതൃത്വത്തിന് കൈമാറിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here