അരികുവൽക്കരിക്കപ്പെടുന്നവരുടെ അപരസമുദ്ര

Apara Samudra

ബുക്ക് റിവ്യൂ/ബിമൽ പേരയം

അപരത്വത്തിലേക്ക് നമ്മളെ കൂട്ടിക്കൊണ്ടുപോയി, മറ്റൊരു ലോകത്തെ അനുഭവിപ്പിക്കാൻ സാഹിത്യത്തിന് കഴിയുന്നിടത്ത് അപരസമുദ്ര വിജയിക്കുന്നു. പിറന്ന മണ്ണിൽനിന്ന് പലായനം ചെയ്യപ്പെടേണ്ടിവന്ന് അഭയാർത്ഥികളാകുന്നവരെ നോക്കിക്കാണുന്ന മാനസികാവസ്ഥയിൽനിന്ന് ഔന്നിത്യത്തിലേക്കെത്താൻ കഴിയാതെ പോകുന്ന പുറംഗരിമ കാണിക്കുന്ന ഒട്ടേറെ പേർ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലുമുണ്ടല്ലോ. ഇത്രയേറെ വിദ്യാഭ്യാസം നേടിയിട്ടും മാനവികതയുടെ കണികകൾ എന്തുകൊണ്ടാണ് സ്വന്തമാക്കാൻ കഴിയാത്തത്, അപരന്റെ സങ്കടങ്ങൾ തന്റേത് കൂടിയാണ് എന്ന് കരുതി ചേർത്തണയ്ക്കാൻ നമുക്ക് കഴിയുന്നില്ലല്ലോ എന്നൊക്കെ ചിന്തിപ്പിക്കാൻ നോവലിലൂടെ കഴിയുമ്പോൾ അപരസമുദ്ര എന്ന പേര് അർഥവത്താകുന്നു.

റെയിൽവേ സ്റ്റേഷനുകളിലെ ബെഞ്ചുകൾ, കെഎസ്ആർടിസി സ്റ്റാൻഡിന്റെ പരിമിത സ്ഥലങ്ങൾ, തെരുവോരങ്ങൾ എന്നിവിടങ്ങളിലെല്ലാം അന്തിയുറങ്ങുന്നവർ, പുറമ്പോക്കു ഭൂമിയുടെ ഇത്തിരിവട്ടത്ത് ടാർപോളിൻ ഷീറ്റ് മറച്ച് വീടാക്കി കഴിയുന്നവർ… ഇങ്ങനെ എത്രയോപേർ നമ്മുടെ കാഴ്ചയിൽ നിത്യവുമുണ്ട്. ഉള്ളിൽ അവരോടുള്ള അവജ്ഞയുടെ തിരി കത്തിച്ച് മുന്നോട്ടുപോകുമ്പോൾ ഇവർക്ക് പറയാനും ഒരു ജീവിതകഥ ഉണ്ടാവില്ലേ എന്ന് ചിന്തിച്ചിട്ടുള്ള എത്രപേരുണ്ടാകും?. അന്യനാട്ടിൽനിന്ന് വന്ന അഭയാർത്ഥികളെ അത്തരം വീക്ഷണകോണിലൂടെ കാണാൻ നോവൽ വായിച്ച് അനുഭവിച്ചവർക്ക് കഴിയില്ല എന്നുറപ്പാണ്. കാരണം സഹാനുഭൂതിയുടെ നേരിയ നിലാവിനെയെങ്കിലും ഹൃദയത്തിലേറ്റാൻ അപരസമുദ്രയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സമർത്ഥമായി തന്റെ ഉള്ളിലെ ബോധ്യങ്ങളെ, നിലപാടുകളെ എഴുത്തുകാരൻ അവതരിപ്പിക്കുന്നു. അതിൽ വെള്ളം ചേർത്തില്ല.

ബംഗാളിലെ ബുദ്ധദേബ് ഭട്ടാചാര്യ സർക്കാരിനെ താഴെയിറക്കാൻ ദുഷ്പ്രചാരണങ്ങൾ നടത്തിയ മമത ബാനർജി വിജയിച്ചു. വികസനത്തിന് തടയിട്ടില്ലെങ്കിൽ സർക്കാർ തുടരുമെന്ന് ഉറപ്പായിരുന്നു. കള്ളക്കഥകളിലൂടെ അവർ നാട് കത്തിച്ചപ്പോൾ നിലവിളിച്ചുകൊണ്ട് രായ്ക്കുരാമാനം എങ്ങോട്ടെന്നില്ലാതെ വണ്ടി കയറി, എവിടെയൊക്കെയോ എത്തപ്പെട്ടവർക്ക് അനുഭവിക്കേണ്ടിവന്ന യാതനകളെ പ്രതിഫലിപ്പിക്കുന്നത് രബീന്ദ്രയുടെ കുടുംബത്തിലൂടെയാണ്. “ബംഗാളി’ എന്ന മുദ്രകുത്തിയ വാക്ക് അവഗണനയുടേതാണ്. ഊറ്റം കൊള്ളാനാകില്ല. അപകർഷതയുടെ അരികുപറ്റി നടക്കുമ്പോഴും സ്വന്തം നാടിനെ എന്നോണം കേരളത്തെയും അവർക്ക് സ്നേഹിക്കാൻ കഴിയുന്നത് അനീഷ് മാഷിനെപ്പോലെ കാരുണ്യത്തിന്റെ ഹൃദയം കാട്ടിയ മഹാമനസ്കർ ഉള്ളതുകൊണ്ടാകാം. സിംഗൂർ കലാപമാണ്‌ അയാളുടെ ജീവിതം വീൽ ചെയറിൽ തളച്ചിട്ടത്. യാതനകളുടെ പാഠം അറിഞ്ഞൊരാൾക്കേ സമാനഹൃദയരെ തൊട്ടറിയാനും കഴിയുകയുള്ളൂ. പാർഥയെ പോലും അതിരുവിട്ട് വിശ്വസിക്കുന്ന രബീന്ദ്ര കുടിലതകളെ തിരിച്ചറിയാനാകാത്ത ഒരു തനി ഗ്രാമീണനാണ്. അഭയമൊരുക്കിയ മാഷിന് നേരിടേണ്ടി വരുന്ന ധർമ സങ്കടങ്ങൾക്ക് തങ്ങൾ കാരണക്കാരാകുമോയെന്ന ഭയമാണ് രബീന്ദ്രയേയും കൃഷ്ണാദിയേയും മുന്നോട്ടുനയിക്കുന്നത്.

Also Read: ഇത് അത്യപൂർവം; അമ്മയുടെയും മകളുടെയും പുസ്തകങ്ങളുടെ പ്രകാശനം ഒരേ വേദിയിൽ

ബംഗാളിന്റെ സങ്കീർണമായ രാഷ്ട്രീയ പശ്ചാത്തലമാണ് നോവലിന്റെ ഉടൽ. സൂര്യസെന്നിന്റെ നേതൃത്വത്തിലുള്ള 1930ലെ ചിറ്റഗോങ് മുന്നേറ്റം സൂചിപ്പിക്കുമ്പോൾ, ബംഗാളിലെ വർഗീയ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ട വേളയിൽ സാമ്രാജ്യത്വത്തിൽനിന്നും ഫ്യൂഡലിസത്തിൽനിന്നും ഇന്ത്യയെ മോചിപ്പിച്ച വിപ്ലവകാരികൾ കടന്നുവരുന്നു. സ്വപ്നപദ്ധതിയായ കാർ നിർമ്മാണ ഫാക്ടറിക്കെതിരെ വ്യാജ പ്രചാരണം സൃഷ്ടിച്ച് നാട്ടുകാരെ ഇളക്കിവിട്ട സിംഗൂർ, നന്ദിഗ്രാം പ്രക്ഷോഭവും ജനക്കൂട്ടത്തെ ഇളക്കിവിട്ട് ഇടതുസർക്കാരിനെ അട്ടിമറിച്ച മമത ബാനർജിയുടെ കുതന്ത്രവും മറയില്ലാതെ പറയുന്നു. ആ ദിവസങ്ങളുടെ ഓർമ്മകളിലൂടെ അതിവേഗം പായുമ്പോൾ അപരസമുദ്ര മികച്ച നോവലിന്റെ പട്ടികയിലേക്കാണ് ഇടംപിടിക്കുന്നത്.

അപരസമുദ്രയുടെ വായന കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും കൃഷ്ണാദിയും രബീന്ദ്രയും ബിനോബയും മനസ്സിൽനിന്ന് ഇറങ്ങി പോയിട്ടില്ല. നഷ്ടപ്പെട്ടുപോയ ചോട്ടു ഏതു ദുരവസ്ഥയിലാകും… ജന്മനാട്ടിലേക്ക് മടങ്ങിയെത്തുമ്പോൾ രബീന്ദ്രയെയും കുടുംബത്തെയും കാത്തിരിക്കുന്നത് എന്തൊക്കെയാകും… തന്റെ വീട്ടിൽ അഭയം നൽകി ചില എതിർപ്പുകളിൽ മനംനൊന്ത് മടങ്ങിയവരെ കണ്ടെത്താനാകാതെ വീൽചെയറിൽ അനീഷ് മാഷ് എവിടെയൊക്കെ അലഞ്ഞിട്ടുണ്ടാവും എന്നൊക്കെയുള്ള ചിന്തകളിൽ നട്ടംതിരിഞ്ഞ് ഉള്ളുനീറിപ്പിടഞ്ഞാണ് വായന അവസാനിപ്പിക്കുന്നത്.

അപരസമുദ്ര
നോവൽ
മിഥുൻ കൃഷ്ണ
ചിന്ത പബ്ലിഷേഴ്സ്
വില 260

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News