ദാരുണമായ ഒരു മരണത്തെ പോലും രാഷ്ട്രീയ ലഭ്യത്തിന് വേണ്ടിയുള്ള ടൂള്‍ ആക്കി മാറ്റാന്‍ ശ്രമിക്കുന്ന ആള്‍ക്കാരാണ് കോണ്‍ഗ്രസില്‍ ബഹുഭൂരിപക്ഷവും. അതിന്റെ മികച്ച ഉദാഹരണമാണ് ഇന്നലെ മുതല്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. വഴിക്കടവിലെ അനന്തുവിന്‌റെ മരണത്തിന് ഇടയാക്കിയ സംഭവത്തിന്റെ യാഥാര്‍ഥ്യം എന്തെന്ന് മനസിലാക്കാനുള്ള മാനസികാവസ്ഥ പോലും കോണ്‍ഗ്രസിലെ പലര്‍ക്കും ഇല്ല. ഇടതുപക്ഷത്തിനെതിരെ എറിയാന്‍ ഒരു വടി കിട്ടി എന്ന സന്തോഷത്തില്‍ അഭിരമിക്കുകയാണ് നേതാക്കള്‍. മരണത്തെ പോലും ആഘോഷമാക്കുകയാണ് കോണ്‍ഗ്രസിന്റെ ജീര്‍ണിച്ച രാഷ്ട്രീയം. എന്നാല്‍ എന്താണ് യാഥാര്‍ഥ്യം? പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ച സംഭവത്തിലെ വസ്തുതകള്‍ നമുക്കൊന്ന് പരിശോധിക്കാം.
ശനി രാത്രിയാണ് പത്താം ക്ലാസ് വിദ്യാര്‍ഥി അനന്തു പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് മരിക്കുന്നത്. സംഭവത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പൊലീസ് പ്രതി വിനീഷിനെ പിടികൂടുകയും ചെയ്തു. ഇയാള്‍ കര്‍ഷകനല്ലെന്നും പന്നി ഇറച്ചിക്ക് വേണ്ടി ഇത് സ്ഥിരമായി നടത്താറുണ്ടെന്നും തെളിഞ്ഞു. ഇതിന് മുമ്പും പന്നിയെ വേട്ടയാടി വിനീഷ് ഇറച്ചി വിറ്റിട്ടുണ്ട്. കെഎസ്ഇബിയുടെ ലൈനില്‍ നിന്ന് അനധികൃതമായി വൈദ്യുതി മോഷ്ടിച്ചാണ് പന്നിക്കെണി വയ്ക്കാറുള്ളത്. ആള്‍ക്കാര്‍ ഉറങ്ങിയ സമയം നോക്കി കെഎസ്ഇബിയുടെ സിംഗിള്‍ ഫേസ് ലൈനില്‍ നിന്ന് തോട്ടി ഉപയോഗിച്ച് നേരിട്ട് വൈദ്യുതി മോഷ്ടിച്ചെടുക്കുകയായിരുന്നു.
എന്നാല്‍ വനം വകുപ്പിനും കെഎസ്ഇബിക്കും എതിരെ പ്രയോഗിക്കാന്‍ കിട്ടിയ തുറുപ്പ് ചീട്ടായി ഈ വിഷയത്തെ കോണ്‍ഗ്രസ്സ് വളച്ചൊടിക്കുകയായിരുന്നു. കെഎസ്ഇബി സ്ഥാപിച്ച ഫെന്‍സിങാണെന്നും, പന്നിശല്യം നേരിടാന്‍ കര്‍ഷകര്‍ സ്ഥാപിച്ച കെണിയാണെന്നും പറഞ്ഞ് സമരം നടത്തി. ദാരുണ മരണത്തെ വോട്ട് ആക്കി മാറ്റാന്‍ രാത്രിയ്ക്ക് രാത്രി ആശുപത്രി റോഡ് ആഘോഷപൂര്‍വ്വം ഉപരോധിച്ച ജ്യോതികുമാര്‍ ചാമക്കാലയെയും കൂട്ടരെയും നമ്മള്‍ കണ്ടു. ഒടുവില്‍ ജനം എതിരായപ്പോള്‍ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് മുക്കി ഓടി സംസ്ഥാന നേതാവായ ചാമക്കാല.
ALSO READ : ‘ആര്യാട പ്രഭാവം’ നഷ്‌ടപ്പെട്ട നിലമ്പൂര്‍: നിലമ്പൂരിന്‍റെ വികസന ചരിത്രം തുടരാന്‍ എല്‍ഡിഎഫ്
ഇന്ന് രാവിലെ മുതല്‍ കോണ്‍ഗ്രസ്സ് ഉന്നയിക്കുന്ന ഓരോ ആരോപണങ്ങള്‍ക്കും മണിക്കൂറുകളുടെ ദൈര്‍ഘ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. എല്ലാം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു കൊണ്ടിരിക്കുകയാണ്. പ്രതി വിനീഷ് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനാണെന്ന് തെളിഞ്ഞു. ഇയാള്‍ക്ക് ഈ കുറ്റകൃത്യം ചെയ്യാന്‍ ഒത്താശ ചെയ്തത് കോണ്‍ഗ്രസ്സ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്ത്. കെണി വെച്ചതാണെങ്കില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വാര്‍ഡില്‍. പന്നിയെ വെടിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പഞ്ചായത്തുകള്‍ക്ക് ലൈസന്‍സ് തോക്ക് ഉള്ളവരെ ഉപയോഗപ്പെടുത്താന്‍ അനുവാദം നല്കിയിട്ടും, ഇത് വഴിക്കടവ് പഞ്ചായത്ത് ഉപയോഗപ്പെടുത്തിയില്ല എന്ന് നാട്ടുകാര്‍ ഒന്നടങ്കം പറഞ്ഞു. നേരത്തേ ഈ പ്രവൃത്തി ഏറ്റെടുത്ത് നൂറോളം പന്നികളെ വെടിവെച്ച ഷൂട്ടരുടെ അര്‍ഹതപ്പെട്ട വേതനം കൊടുക്കാതെ കുടിശ്ശികയാക്കിയതും കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് തന്നെ. പ്രതി രക്ഷപ്പെടുത്താന്‍ ആദ്യം സഹായം ചോദിച്ച് വിളിച്ചതും കോണ്‍ഗ്രസ് നേതാക്കളെ തന്നെയെന്ന നിര്‍ണ്ണായക വിവരങ്ങളും കോണ്‍ഗ്രസ്സിനെ ആകെ വെട്ടിലാക്കി.
ALSO READ: അത്യാധുനിക നിലവാരത്തിലേക്കുയർന്ന നിലമ്പൂരിലെ സ്കൂൾ: അക്കഥ പറഞ്ഞു തരും ഈ അച്ഛനും മകളും
ഇലക്ഷന്‍ കാലത്ത് കോണ്‍ഗ്രസ്സ് പൊക്കി കൊണ്ട് വരുന്ന വിഷയങ്ങള്‍ എല്ലാം ഒന്നിനൊന്ന് മികച്ച രീതിയില്‍ പാളിപ്പോകുന്ന കാഴ്ചയാണ് തെരെഞ്ഞെടുപ്പ് അടുക്കും തോറും കാണുന്നത്. വ്യാജ പ്രചാരണങ്ങള്‍ കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ ലാഭം നേടാനാണ് യു ഡി എഫ് ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ കേവലം രാഷ്ട്രീയ ലാഭത്തിന് വേണ്ടി എന്ത് തരംതാഴ്ന്ന പ്രവൃത്തിയും കോണ്‍ഗ്രസ്സ് ചെയ്യാന്‍ മുതിരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

