ക്ഷേമപെൻഷനിൽ തൂങ്ങി, ആ തൂങ്ങിയ കയറിൽ തന്നെ കഴുത്ത് കുടുങ്ങിയ അവസ്ഥയിലാണ് കോൺഗ്രസിപ്പോൾ. സ്വയംകുഴിച്ച കുഴിയിൽ പെട്ടുപോയെന്ന് അറിഞ്ഞപ്പോൾ കുഴിയിൽ നിന്ന് കയറാനായി കുഴി വീണ്ടും വീണ്ടും കുഴിച്ച് അഗാധ ഗർത്തമാക്കുന്ന പരിപാടിയാണ് ഇപ്പോൾ കോൺഗ്രസ് നടത്തിക്കൊണ്ടിരിക്കുന്നത്.
ക്ഷേമപെൻഷൻ കൈക്കൂലിയാണെന്ന പ്രസ്താവനയുമായി കോൺഗ്രസിന്റെ സ്വന്തം കെ സി എത്തിയതോടെയാണ് കോൺഗ്രസിന്റെ ക്ഷേമപെൻഷൻ നാടകങ്ങൾ തുടങ്ങുന്നത്. ജീവിത സായാഹ്നത്തിൽ കൈത്താങ്ങാകുന്ന, സാധാരണക്കാരുടെ ജീവിതത്തിൽ പുഞ്ചിരി വിരിയക്കുന്ന ക്ഷേമപെൻഷനെ കൈക്കൂലി എന്ന് വിശേഷിപ്പിച്ചപ്പോൾ അത് സാധാരണ ജനങ്ങളെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് കെ സി വേണുഗോപാൽ മറന്നുപോയിക്കാണും.
വിഷയത്തിൽ പ്രതികരണവുമായി സാധാരണജനങ്ങൾ രംഗത്തെത്തിയതോടെ ഒരൊറ്റ മലക്കം മറിച്ചിലായിരുന്നു കോൺഗ്രസ് നടത്തിയത്. പിന്നെ ക്ഷേമപെൻഷൻ വിതരണത്തിന്റെ കുത്തകാവകാശം സ്വന്തമാക്കാൻ വ്യാജപ്രചരണങ്ങളുടെ കുത്തൊഴുക്കാണ് കോൺഗ്രസ് നടത്തിയത്. എന്നാൽ കോൺഗ്രസ് ഭരണകാലത്ത് ക്ഷേമപെൻഷൻ കുടിശിക വന്നതിന്റെ കണക്കുകൾ പുറത്തെത്തിയതോടെ വീണ്ടും വെട്ടിലായ കോൺഗ്രസ് അടുത്ത വ്യാജ നമ്പറുമായി എത്തി.
ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് പെൻഷൻ 1200 രൂപയാക്കി ഉയർത്തിയെന്ന വാദവുമായി എത്തിയത് കോൺഗ്രസ് നേതാവ് പി സി വിഷ്ണുനാഥ് ആയിരുന്നു. പെൻഷൻ 300ൽ നിന്നും 1200 രൂപ ആക്കിയ യു ഡി എഫ് സർക്കാരിന് ക്രെഡിറ്റില്ല. ഭരണത്തിൽ വന്നിട്ട് 9 കൊല്ലമായിട്ടും 1200ൽ നിന്ന് 1600 ആക്കിയ സർക്കാരിനാണ് ക്രെഡിറ്റ് മുഴുവൻ” എന്നായിരുന്നു വിഷ്ണുനാഥിന്റെ പ്രസ്താവന.
എന്നാൽ 2016-ലെ കോൺഗസിന്റെ പ്രകടനപത്രികയിൽ വയോജന പെൻഷൻ 1000 രൂപയാക്കും എന്ന പ്രഖ്യാപനത്തെ ചൂണ്ടിക്കാണിച്ചപ്പോൾ വ്യാജന്മാർ മാളത്തിൽ കയറി. പിന്നീട് വെള്ള കടലാസുമായി വ്യാജ കണക്കുകളുടെ കുയുക്തിയുമായി അടുത്ത നമ്പർ ഇറക്കാൻ എത്തി കോൺഗ്രസിന്റെ യുവ രത്നങ്ങൾ. ക്ഷേമപെൻഷൻ നൽകിയത് യുഡിഎഫ് സർക്കാരാണെന്ന് സ്ഥാപിച്ചെടുക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം.
അപ്പോഴതാ ദേ കിടക്കുന്ന അടുത്ത കുരുശ്. ഉമ്മൻചാണ്ടിയുടെ പഴയ ഒരു പത്രസമ്മേളനം. അതിൽ അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടിയുടെ പത്രക്കാരോടുള്ള ചോദ്യങ്ങൾ ഇങ്ങനെയാണ്. ക്ഷേമപെൻഷൻഎവിടെ നിന്ന് കൊടുക്കും? ആര് കൊടുക്കും? കൂടാതെ ക്ഷേമപെൻഷൻ ബാധ്യതയാണെന്നും അദ്ദേഹം ആ പത്ര സമ്മേളനത്തിൽ പറയുന്നുണ്ട്. എട്ടു ലക്ഷം കോടി രൂപയുടെ ബാധ്യത 2040 ഓടെ സർക്കാരിന് പെൻഷൻ നൽകുന്നതിലൂടെ ഉണ്ടാകും എന്നും ഉമ്മൻ ചാണ്ടി പറയുന്നുണ്ട്.
Also Read: ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയെ യുഡിഎഫ് മഹത്വവൽക്കരിയ്ക്കാൻ ശ്രമിക്കുന്നു: എ വിജയരാഘവൻ
1980ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രകടനപത്രികയിൽ നൽകിയിരുന്ന ഉറപ്പായിരുന്നു കർഷകതൊഴിലാളി ക്ഷേമപെൻഷൻ. അധികാരത്തിലെത്തിയ നായനാർ സർക്കാർ ഉറപ്പ് പാലിക്കുകയും ചെയ്തു. എന്നാൽ ചരിത്രപരമായ ആ തീരുമാനത്തോടുള്ള കോൺഗ്രസിന്റെ നിലപാട് എന്തായിരുന്നുവെന്ന് അക്കാലത്തെ നിയമസഭാ രേഖകളും വ്യക്തമാക്കുന്നുണ്ട്.
അന്ന് പ്രതിപക്ഷ നേതാവായിരുന്ന കെ കരുണാകരൻ പെൻഷനെ പറ്റി പ്രതികരിച്ചത് ഇങ്ങനെയാണ്. മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫീസിൽ പേര് രജിസ്റ്റർ ചെയ്താൽ പെൻഷൻ കിട്ടും സൂക്ഷിച്ചോളൂ. ഇത് പ്രായോഗിമല്ലാത്ത പദ്ധതിയാണ്. പെൻഷൻ കൊടുക്കണമെങ്കിൽ ഏഴരക്കൊടി രൂപ മതിയോ? സാമ്പത്തികമായി തകരുന്ന ഒരു സ്റ്റേറ്റിൽ ഇത്തരം മത്താപ്പ് കത്തിച്ച് ജനങ്ങളെ വഞ്ചിച്ചാൽ വഞ്ചിക്കപ്പെടുന്ന ജനങ്ങളല്ല കേരളത്തിലെ ജനങ്ങളെന്നും ഇന്നല്ലെങ്കിൽ നാളെ അതിനു പകരം വീട്ടുമെന്നും പറഞ്ഞുകൊണ്ട് ഞാൻ ഇതിനെ ശക്തമായി എതിർക്കുന്നു. എന്നായിരുന്നു അന്ന് കരുണകരൻ പറഞ്ഞത്.
രാവിലെയും വൈകിട്ടും വെള്ളപേപ്പറും കള്ളകണക്കുമായി ക്ഷേമപെൻഷന്റെ പിതൃത്വം ഏറ്റെടുക്കാൻ ശ്രമിക്കുന്ന കോൺഗ്രസിന്റെ ഇരട്ടത്താപ്പ് വെളിപ്പെടുത്തുന്നതാണ് ചരിത്രം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

