സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്‌താവനയിൽ അറിയിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ് വിജയരാഘവൻ പങ്കെടുത്തത്.
ചടങ്ങിന്റെ ഭാഗമായുള്ള ഗാനമേളയിൽ എസ്‌ഡിപിഐ പ്രാദേശിക നേതാവ് പാടുന്ന സമയത്ത് വിജയരാഘവൻ സമീപത്തെ ഹാളിൽ ഭക്ഷണം കഴിക്കുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത്. വസ്‌തുതകൾ അന്വേഷിക്കാതെ ചില ചാനലുകൾ ഇത് വാർത്തയാക്കിയെന്നും പാർടി നേതാക്കളെ തെരഞ്ഞുപിടിച്ച് വ്യക്തിഹത്യ നടത്താനുള്ള ബോധപൂർവ നീക്കങ്ങളുടെ ഭാഗമാണ് ഇത്തരം ശ്രമങ്ങളെന്നും സിപിഐഎം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ALSO READ: പൊലീസിലെ അനധികൃത സ്ഥലംമാറ്റത്തിന് സ്റ്റേ; നടപടി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റേത്
മതതീവ്രവാദ ശക്തികൾക്കെതിരെ ശക്തമായ നിലപാടെടുത്ത് മുന്നോട്ടുപോകുന്ന രാഷ്‌ട്രീയ നേതാവാണ് വിജയരാഘവനെന്നു മതിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ചതിന്റെ പേരിൽ സംഘപരിവാറും മുസ്ലിം മതതീവ്രദാ സംഘടനകളും ഒരേ സമയം അദ്ദേഹത്തെ കടന്നാക്രമിക്കാറുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. അതിനെ പ്രതിരോധിച്ചാണ് അദ്ദേഹം രാഷ്‌ട്രീയ പ്രവർത്തനം നടത്തുന്നത്. അടിസ്ഥാനരഹിത ആരോപണങ്ങളുയർത്തി വ്യക്തിഹത്യ നടത്താനുള്ള നീക്കത്തെ പാർടി അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും വാർത്ത തിരുത്താൻ മാധ്യമങ്ങൾ തയ്യാറാകണമെന്നും സെക്രട്ടേറിയറ്റ് പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

